തൃശൂർ∙ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തമിഴ്നാട് സ്വദേശി ഗുരുമൂർത്തി (27) ഫൊട്ടോഗ്രാഫറാണെന്ന് പൊലീസ്. പാലക്കാട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാൾ ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾക്കായി മുംബൈയിലെ വിവിധ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയെന്നാണ് കണ്ടെത്തൽ. ബോളിവുഡ് താരങ്ങൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ചിത്രങ്ങൾ ഇയാൾ സംഘാംഗങ്ങൾക്ക് കൈമാറിയതായും സൂചനയുണ്ട്. ഇതിന് പ്രതിഫലമായി പലതവണ ഡോളർ കൈപ്പറ്റിയെന്നും പൊലീസ് പറഞ്ഞു. ബിഷ്ണോയ് സംഘം കഴിഞ്ഞ മാസം നടൻ ടൈഗർ ഷ്റോഫിനു നേരെ വെടിവച്ചിരുന്നു.
ചിത്രങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി തൃശൂർ പൊലീസ് ഗുരുമൂർത്തിയുമായി തമിഴ്നാട്ടിലെ ഉദുമൽപേട്ടിലുള്ള ഭാര്യവീട്ടിലെത്തി. ഇയാൾ ടെലിഗ്രാം വഴി അധോലോക സംഘത്തലവൻ ബിഷ്ണോയിയുടെ കൂട്ടാളികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നു കണ്ടെത്തിയെങ്കിലും എന്തെങ്കിലും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായി തെളിവു ലഭിച്ചിട്ടില്ല. രാജ്യസുരക്ഷയ്ക്കു ഭീഷണിയായ സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതോടെ പ്രതിയെ യുഎപിഎ ചുമത്തി റിമാൻഡ് ചെയ്തു വിയ്യൂർ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. എൻഐഎയ്ക്കു കൈമാറും. കേസിന്റെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബിഷ്ണോയ് സംഘവുമായി നേരിട്ടു ബന്ധമുള്ളൊരാൾ ഒറ്റപ്പാലം ഭാഗത്തു രഹസ്യമായി താമസിക്കുന്നുവെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിവരം നൽകിയതിനു പിന്നാലെ തൃശൂർ എസിപി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണു ഗുരുമൂർത്തി കുടുങ്ങിയത്. അധോലോകവുമായി ഇയാൾക്കുള്ള ബന്ധവും കുറ്റകൃത്യത്തിന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേശീയ ഏജൻസികളും കേസിനു പിന്നിൽ സജീവമായുണ്ട്. തൃശൂർ ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടന്ന ചില ഗൂഢാലോചനകളിൽ ഗുരുമൂർത്തി പങ്കാളിയായിട്ടുണ്ടെന്നു സംശയമുണ്ട്.
∙ മാന്യമായ പെരുമാറ്റം, വിവിധ ഭാഷകൾ
ഏഴു മാസത്തോളമായി തൃക്കങ്ങോട്ടെ സ്ഥാപനത്തിൽ ജോലി ചെയ്തുവന്നിരുന്ന ഇയാൾക്ക് ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകൾ വഴങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെ മുകൾനിലയിൽ തമിഴ്നാട് സ്വദേശിയായ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇവിടെ നിന്നാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്.
ദീപാവലിക്കു തൊട്ടുമുൻപു ഭാര്യ സ്വന്തം നാട്ടിലേക്കു പോയിരുന്നു. നേരത്തെ നവി മുംബൈയിൽനിന്നു തമിഴ്നാട്ടിലെത്തിയ ശേഷമാണ് ഇയാൾ കേരളത്തിലെത്തിയതെന്നാണു വിവരം. ഇയാളുടെ മേൽവിലാസമായി തിരിച്ചറിയൽ രേഖയിലുള്ളത് അനാഥാലയം നടത്തുന്ന സൊസൈറ്റിയുടേതാണെന്നാണു സംശയം. തൃക്കങ്ങോട്ട് എത്തുന്നതിനു മുൻപു ഗുരുമൂർത്തി വാണിയംകുളത്തെയും ഒറ്റപ്പാലത്തെയും ചില സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. മാന്യമായ പെരുമാറ്റം, പണമിടപാടുകളിൽ കണിശക്കാരൻ–പരിചയക്കാർ പറയുന്നതിങ്ങനെ.





