രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ല; യുവാക്കളെ വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ, നില ഗുരുതരം

Spread the love

ന്യൂഡൽഹി ∙ റോഡിൽ വഴി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാക്കൾക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി ഫരീദാബാദിലെ ഭാരത് കോളനിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് ജാംഗ്ര (27), സഹോദരൻ പ്രിൻസ് (23) എന്നിവർ സെക്ടർ 21എയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രശാന്തിന്റെ നെഞ്ചിലും പ്രിൻസിന്റെ കഴുത്തിലുമാണ് വെടിയേറ്റത്. പ്രശാന്ത് തീവ്രപരിചരണ വിഭാഗത്തിലും പ്രിൻസ് വെന്റിലേറ്ററിലുമാണെന്ന് പൊലീസ് അറിയിച്ചു.

 

പ്രശാന്തിന്റെ ഭാര്യ നാല് ദിവസം മുൻപ് ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഈ സന്തോഷം ആഘോഷിക്കാനായി എത്തുന്ന ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരാൻ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു സംഘം. സഹോദരങ്ങൾക്കൊപ്പം ഇവരുടെ ബന്ധു പീയൂഷ് (18), പ്രശാന്തിന്റെ ഭാര്യാസഹോദരൻ തുഷാർ (23) എന്നിവരും കാറിലുണ്ടായിരുന്നു. വീട്ടിൽ നിന്ന് 100-150 മീറ്റർ മാത്രം പിന്നിട്ടപ്പോൾ, 26കാരനായ ജസ്വന്ത് ഓടിച്ചിരുന്ന കാർ എതിർദിശയിൽനിന്ന് വന്നു. ഇടുങ്ങിയ റോഡിൽ ഇരുവാഹനങ്ങളും നേർക്കുനേർ എത്തിയതോടെ ആരും പിന്നോട്ട് എടുക്കാൻ തയാറാകാത്തതാണ് തർക്കത്തിനു കാരണമായത്.

 

പ്രശാന്താണ് കാർ ഓടിച്ചിരുന്നതെന്നും രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലെന്ന് സൂചിപ്പിക്കാൻ ഹെഡ്‌ലൈറ്റ് തെളിച്ച് സിഗ്നൽ നൽകിയിരുന്നതായും കേസിലെ പരാതിക്കാരനും ദൃക്‌സാക്ഷിയുമായ പീയൂഷ് പറഞ്ഞു. എന്നാൽ ജസ്വന്ത് കാറുമായി മുന്നോട്ട് വരികയും വാഹനങ്ങൾ നേർക്കുനേർ നിൽക്കുകയും ചെയ്തു. തുടർന്ന് ജസ്വന്ത് റിവോൾവറുമായി കാറിൽ നിന്നിറങ്ങി അസഭ്യം പറയാൻ തുടങ്ങിയെന്ന് പീയൂഷ് ആരോപിക്കുന്നു. ഇയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്ന വിവരം പ്രശാന്ത് ഉടൻ പിതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചു. വഴി നൽകാൻ പ്രശാന്ത് ആവശ്യപ്പെട്ടെങ്കിലും, തനിക്ക് ആദ്യം പോകാൻ വഴി നൽകിയില്ല എന്നതിൽ അയാൾ പ്രകോപിതനാവുകയായിരുന്നു. പിതാവുമായുള്ള ഫോൺ സംഭാഷണം അവസാനിച്ച ഉടൻ ജസ്വന്ത് തൊട്ടടുത്തുനിന്ന് പ്രശാന്തിന്റെ നെഞ്ചിലേക്ക് വെടിയുതിർത്തുവെന്നും പീയൂഷ് പറഞ്ഞു.

 

പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച പ്രിൻസിന്റെ കഴുത്തിലും ജസ്വന്ത് വെടിവച്ചു. പ്രിൻസ് കുഴഞ്ഞുവീണതിനു പിന്നാലെ പ്രതി രണ്ട് റൗണ്ട് കൂടി വെടിയുതിർത്തു. പീയൂഷും തുഷാറും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബഹളം കേട്ട് കുടുംബാംഗങ്ങൾ ഓടിയെത്തിയിട്ടും തോക്കുമായി അവിടെത്തന്നെ നിന്ന പ്രതി, ‘നിങ്ങൾ എത്ര ശ്രമിച്ചാലും എന്നെ ഒന്നും ചെയ്യാൻ കഴിയില്ല’ എന്ന് പറഞ്ഞ് വെല്ലുവിളിച്ചതായും പീയൂഷ് ആരോപിച്ചു.

 

നെഞ്ചിൽ വെടിയേറ്റിട്ടും അബോധാവസ്ഥയിലായ സഹോദരനെ രക്ഷിക്കാനായി പ്രശാന്ത് തന്നെ കാറോടിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇരുവരുടെയും നില ഗുരുതരമായതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിലാണ് ഇവരെ സെക്ടർ 21എയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മിനിറ്റുകളോളം സംഭവസ്ഥലത്ത് തുടർന്ന പ്രതി, തന്റെ കുടുംബാംഗങ്ങൾ എത്തിയ ശേഷമാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.

 

ഭാരത് കോളനിയിൽ താമസിക്കുന്ന ജസ്വന്ത് ഡൽഹി പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ഇയാൾക്ക് സ്വന്തം പേരിൽ തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പീയൂഷിന്റെ പരാതിയിൽ ഖേരി പുൽ പൊലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 109(1) (വധശ്രമം), ആയുധ നിയമത്തിലെ പ്രസക്ത വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

  • Related Posts

    ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

    Spread the love

    Spread the loveന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാവായ ഒലയുടെ നടത്തിപ്പുകാരായ എഎന്‍ഐ ടെക്‌നോളജീസിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 10 ലക്ഷം രൂപ പിഴ ചുമത്തി. വേഗത്തില്‍ ടാക്‌സി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളെ കൊണ്ട് ടിപ്പ് കൊടുക്കാന്‍ പ്രേരിപ്പിച്ചതിനാണ്…

    സൗജന്യ തീർഥാടനം വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്! 500 വയോധികരിൽനിന്ന് 21 ലക്ഷം രൂപയോളം തട്ടിയെടുത്തു; പണവുമായി മുങ്ങി സംഘാടകർ

    Spread the love

    Spread the loveഅഹമ്മദാബാദ്: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാമെന്ന ആഗ്രഹത്തോടെ യാത്രയ്ക്കായി കാത്തിരുന്ന നൂറുകണക്കിന് വയോധികർക്ക് മുന്നിൽ ഒടുവിൽ ബാക്കിയായത് വഞ്ചനയുടെ ഞെട്ടിക്കുന്ന അനുഭവം. പതിനൊന്ന് ദിവസത്തെ ഹരിദ്വാർ തീർഥാടനം സൗജന്യമായി നടത്താമെന്ന വാഗ്ദാനവുമായി എത്തിയ സംഘം അഞ്ഞൂറോളം പേരിൽനിന്ന് പണം വാങ്ങി മുങ്ങിയെന്നാണ്…

    Leave a Reply

    Your email address will not be published. Required fields are marked *