കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവ് 36 ദിവസത്തെ തടവിന് ശേഷം ഇന്ന് (നവംബർ 16) ബോസ്റ്റൽ സ്കൂളിൽ നിന്ന് മോചിതനാകും. കേസിലെ മറ്റ് മൂന്ന് പ്രതികൾക്ക് പത്ത് ദിവസം മുൻപ് ജാമ്യം ലഭിച്ചിരുന്നെങ്കിലും, സുഹൈലിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു. കീഴ്ക്കോടതികൾ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
ഒക്ടോബർ 11-ന് പുലർച്ചെ 1.45-ഓടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. സുഹൈൽ മദ്യപിച്ച് ഓടിച്ച മിനി കൂപ്പർ സ്കൂട്ടറിൽ ഇടിച്ചാണ് വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചത്.
കേസിൽ സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്ന അന്വേഷണസംഘം, ഈ മാസം അവസാനത്തോടെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്.






