വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ യാത്രകൾ വർധിക്കുമ്പോൾ, പലപ്പോഴും അതിനോടനുബന്ധിച്ച് ഉയർന്നുവരുന്ന ഒരു പ്രധാന ചർച്ചയാണ് പൊതുസ്ഥലങ്ങളിലെ പെരുമാറ്റമര്യാദകൾ. അടുത്തിടെ വിയറ്റ്നാമിലെ വിമാനത്താവളത്തിൽ ഇന്ത്യൻ സഞ്ചാരികൾ തറയിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇത് രാജ്യാന്തര തലത്തിൽ ഇന്ത്യക്കാരുടെ പ്രതിച്ഛായയെക്കുറിച്ചും പൊതുസ്ഥലങ്ങളിലെ മര്യാദകളെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
വിയറ്റ്നാമിലെ ഒരു വിമാനത്താവളത്തിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ, പത്രങ്ങൾ തറയിൽ വിരിച്ച് അതിനു ചുറ്റും ഇരുന്ന് 15-ഓളം വരുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ സംഘം ഭക്ഷണം കഴിക്കുന്നതാണ് ദൃശ്യങ്ങൾ. തൊട്ടടുത്ത് തന്നെ യാത്രക്കാർക്കായി ഒട്ടേറെ കസേരകൾ ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നിട്ടും ഇവർ തറയിലിരുന്ന് ഭക്ഷണം കഴിച്ചത് കൗതുകത്തോടൊപ്പം വലിയ വിമർശനത്തിനും ഇടയാക്കി. ‘വിയറ്റ്നാം വിമാനത്താവളത്തിൽ ഇന്ത്യൻ ശൈലിയിലുള്ള ഉച്ചഭക്ഷണം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
∙ വിമർശനങ്ങളും പ്രതിഷേധവും
‘എക്സ്’ പ്ലാറ്റ്ഫോമിൽ നിരവധി പേരാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിയത്. വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ പൊതുശീലങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
‘നമ്മുടെ സഹ ഇന്ത്യക്കാർ വിയറ്റ്നാമിലെ ഒരു വിമാനത്താവളത്തിനുള്ളിൽ ‘ഭണ്ഡാര’ (കൂട്ടമായി ഭക്ഷണം വിളമ്പുന്ന രീതി) സംഘടിപ്പിച്ചു എന്ന് പറയുന്നതിൽ എനിക്ക് വലിയ ‘അഭിമാനം’ തോന്നുന്നു! വിദേശത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവരോടും ഒരു അഭ്യർഥനയുണ്ട്: ദയവായി വിമാനത്താവളങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കുക’, എന്ന് ഒരാൾ രൂക്ഷമായി പ്രതികരിച്ചു.
‘ലോകമെമ്പാടും രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നു’, ഇത്തരം പ്രവൃത്തികൾ ഭാവിയിൽ ഇന്ത്യക്കാർക്ക് വിദേശയാത്രകൾ കൂടുതൽ ദുഷ്കരമാക്കിയേക്കാമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു. ‘എന്താണ് ഇവർ ചിന്തിച്ചത്?’ എന്ന ചോദ്യവും പലരുടെയും ഭാഗത്തുനിന്നും ഉയർന്നു.
∙ പൊതുസ്ഥലങ്ങളിലെ പെരുമാറ്റവും ഉത്തരവാദിത്തങ്ങളും
ഇത്തരം സംഭവങ്ങൾ കേവലം ഒരു തമാശയോ നിസ്സാരകാര്യമോ ആയി തള്ളിക്കളയാനാവില്ലെന്നാണ് സമൂഹമാധ്യമ ഉപയോക്താക്കളും യാത്രാപ്രേമികളും അഭിപ്രായപ്പെടുന്നത്. വിമാനത്താവളങ്ങൾ, ബസുകൾ, ട്രെയിനുകൾ പോലുള്ള പൊതുസ്ഥലങ്ങൾ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കേണ്ട ഇടങ്ങളാണ്.
ലഭ്യമായ കസേരകൾ ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളിൽ തറയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് മറ്റ് യാത്രികർക്ക് അസൗകര്യമുണ്ടാക്കാം. സ്വന്തം ഭക്ഷണശീലങ്ങൾ തങ്ങൾക്ക് പ്രിയപ്പെട്ടതാണെങ്കിലും, അടച്ചിട്ട പൊതുസ്ഥലങ്ങളിൽ അത് എല്ലാ അന്തരീക്ഷത്തിലും മറ്റുള്ളവർക്ക് സ്വീകാര്യമാകണമെന്നില്ല. വിദേശരാജ്യങ്ങളിൽ എത്തുന്ന ഓരോ സഞ്ചാരിയും രാജ്യത്തിന്റെ പ്രതിനിധികളാണ്. അതിനാൽ അവിടത്തെ നിയമങ്ങളും പൊതുമര്യാദകളും പാലിക്കേണ്ടത് അത്യാവശ്യമാണ്.
സ്കൂളുകളിൽ ‘സിവിക് സെൻസ്’ ഒരു നിർബന്ധിത പാഠ്യവിഷയമാക്കണം’, എന്ന ഒരു ഉപയോക്താവിന്റെ അഭിപ്രായം ഇന്നത്തെ സമൂഹത്തിൽ ഏറെ പ്രസക്തമാണ്. യാത്രകൾ സന്തോഷത്തിന്റെയും പുതിയ അനുഭവങ്ങളുടെയും ലോകം തുറന്നുതരുമ്പോൾ, അവിടെ ഉത്തരവാദിത്തമുള്ള പൗരന്മാരായി പെരുമാറുക എന്നത് ഓരോ സഞ്ചാരിയുടെയും കടമയാണ്.







