മലപ്പുറം: രാത്രിയുടെ മറവില്‍ മാര്‍ക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്ന് ലക്ഷങ്ങള്‍ വിലവരുന്ന അടക്ക മോഷ്ടിച്ച അഞ്ചംഗ സംഘം പൊലീസിന്റെ പിടിയിലായി. കുഴിമണ്ണ കിഴിശേരി തവനൂര്‍ റോഡിലെ ചെങ്ങിണീരി അടക്ക മാര്‍ക്കറ്റില്‍ നിന്നാണ് 3.64 ലക്ഷം രൂപയോളം വിലവരുന്ന 16 ചാക്ക് പൊളിച്ച അടക്ക സംഘം കവര്‍ന്നത്.
കിഴിശേരി ചെമ്മക്കോട്ടില്‍ റഹീസ് (18), മുതുവല്ലൂര്‍ മുണ്ടക്കുളം അയിനാത്ത് സല്‍മാന്‍ ഫാരിസ് (19), മുണ്ടക്കുളം വെള്ളാട്ടുചോല മുഹമ്മദ് ആദില്‍ (18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. മാര്‍ക്കറ്റിനുള്ളില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന അടക്കയാണ് സംഘം ലക്ഷ്യമിട്ടത്. രാത്രിയില്‍ മാര്‍ക്കറ്റിന്റെ ഗേറ്റ് ചാടിക്കടന്നാണ് ഇവര്‍ അകത്തുകടന്ന് മോഷണം നടത്തിയത്.
സംഭവത്തെക്കുറിച്ച് കൊണ്ടോട്ടി പൊലീസ് നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ, മോഷ്ടിച്ച അടക്ക വില്‍ക്കാനായി പറമ്പില്‍പീടിക ഭാഗത്ത് എത്തിയ അഞ്ചുപേരെയും നാട്ടുകാര്‍ തടഞ്ഞുവെക്കുകയും ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
സ്ഥലത്തെത്തിയ കൊണ്ടോട്ടി പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച 16 ചാക്കുകളില്‍ 10 ചാക്ക് അടക്കയും പറമ്പില്‍പീടികയിലെ ഒരു കടയില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച കാറും ഒരു മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെ റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തു. കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ സംഗീത പുനത്തില്‍, എസ്.ഐ ആഷിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.







