ഷോക്കേറ്റ് മരണത്തിന് നഷ്ടപരിഹാരം: വാഗ്ദാനം 25 ലക്ഷവും ജോലിയും; നൽകിയത് ഒരു ലക്ഷം മാത്രം

Spread the love

ആലപ്പുഴ: ഹരിപ്പാട് പള്ളിപ്പാട് സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച സരളയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കെ.എസ്.ഇ.ബി. കബളിപ്പിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്ത്. 25 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും ഒരു ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ബാക്കിയുള്ള തുക ആവശ്യപ്പെട്ട് കെഎസ്ഇബി ഓഫീസിലെത്തുമ്പോൾ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. ആഭ്യന്തര മന്ത്രി കൂടിയായ രമേശ് ചെന്നിത്തല എംഎൽഎയുടെ ഫണ്ടിൽ നിന്നും പണം അനുവദിക്കാമെന്ന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും ഇതും നടപ്പിലായില്ലെന്നും കുടുംബം ചൂണ്ടിക്കാട്ടി.

 

2025 ഒക്ടോബർ 12-നാണ് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിൽ സരള (64) വൈദ്യുതാഘാതമേറ്റ് മരിച്ചത്. പാടത്ത് ജോലി കഴിഞ്ഞ് കരയിലേക്ക് കയറുന്നതിനിടെ കൂടെയുണ്ടായിരുന്ന ശ്രീലതയ്ക്ക് വൈദ്യുതാഘാതമേൽക്കുകയും, ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സരളയ്ക്കും ഷോക്കേൽക്കുകയുമായിരുന്നു. ശ്രീലതയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.

 

പാടശേഖരത്തിലെ വൈദ്യുതത്തൂണിന്റെ സ്റ്റേ വയർ പൊട്ടിക്കിടന്നതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആരോപണം. ഏകദേശം രണ്ടുമാസത്തോളമായി സ്റ്റേ വയർ അപകടകരമായ നിലയിൽ കിടന്നിരുന്നുവെന്നും ഇക്കാര്യം കെഎസ്ഇബി അധികൃതരെ പലതവണ അറിയിച്ചിട്ടും അറ്റകുറ്റപ്പണി നടത്തിയില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. പൊട്ടിക്കിടന്ന സ്റ്റേ വയർ ഫ്യൂസ് കാരിയറുമായി സമ്പർക്കത്തിലായതാണ് അപകടത്തിന് കാരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ.

 

ശക്തമായ പ്രതിഷേധത്തെ തുടർന്ന്, സരളയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും മകൾക്ക് ജോലിയും നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയതെന്നാണ് കുടുംബത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും വാദം. മരണാനന്തര ചടങ്ങുകൾക്കായി ഒരു ലക്ഷം രൂപ മാത്രമാണ് അനുവദിച്ചത്. ഒരുലക്ഷം കൂടി ഉടൻ നൽകാമെന്ന് പറഞ്ഞെങ്കിലും ഇതുണ്ടായില്ല.

 

ബാക്കി തുക നൽകാനാവില്ലെന്നും കെ.എസ്.ഇ.ബിയുടെ നിലവിലുള്ള ചട്ടപ്രകാരം പരമാവധി രണ്ട് ലക്ഷം രൂപ മാത്രമേ അനുവദിക്കാനാകൂവെന്നുമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ പറയുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്. അനുവദിച്ച ഒരു ലക്ഷം രൂപ കൂടി കൈപ്പറ്റുമ്പോൾ പരാതികളൊന്നുമില്ലെന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. സരള സ്റ്റേ വയറിൽ മനഃപൂർവം കയറി പിടിച്ചതാണെന്ന വിചിത്രമായ വാദമാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ ഉന്നയിക്കുന്നതെന്നും കുടുംബം വ്യക്തമാക്കി. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന സരളയുടെ മരണത്തിന് പിന്നാലെ പ്രഖ്യാപിച്ച സഹായം പോലും ലഭിക്കാത്ത സാഹചര്യത്തിൽ നിയമപരമായ വഴികളിലൂടെ നീതിതേടാനാണ് കുടുംബത്തിന്റെ തീരുമാനം.

  • Related Posts

    യഹൂദ കേന്ദ്രങ്ങൾ നിരീക്ഷിച്ച കേസിൽ പിടിയിലായ യുവാവിനെ കേരളത്തിലെത്തിച്ചു; ബിഷ്ണോയ് സംഘവുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

    Spread the love

    Spread the loveതൃശൂർ: മുംബൈയിലെ യഹൂദ കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച കേസിൽ അറസ്റ്റിലായ യുവാവിനെ കേരളത്തിലെത്തിച്ചു. നവി മുംബൈ സ്വദേശിയായ യശ് സിംഗിനെയാണ് (20) മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ സഹായത്തോടെ തൃശൂർ സിറ്റി പൊലീസ് കേരളത്തിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ്…

    ഫോൺ ചാർജ് ചെയ്യാനിട്ട് കുളിക്കാൻ പോയി; മടങ്ങിവന്നപ്പോൾ അക്കൗണ്ടിൽ നിന്ന് കവർന്നത് 2.79 ലക്ഷം രൂപ

    Spread the love

    Spread the loveകണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും വൻ സൈബർ സാമ്പത്തിക തട്ടിപ്പ്. മയ്യിൽ പട്ടാന്നൂർ സ്വദേശിയായ വി. ബിനുവിനാണ് സൈബർ തട്ടിപ്പിലൂടെ രണ്ടേമുക്കാൽ ലക്ഷത്തോളം രൂപ (2,79,000 രൂപ) നഷ്ടമായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.   രാത്രി എട്ടേകാലോടെ ഫോൺ…

    Leave a Reply

    Your email address will not be published. Required fields are marked *