കുവൈത്ത് സിറ്റി∙ തന്റെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുക്കുന്നതിന് വിസമ്മതിച്ച മുൻ ഭാര്യയ്ക്ക് മർദിച്ച കേസിൽ കുവൈത്ത് പൗരൻ കുറ്റക്കാരൻ. ചടങ്ങിൽ പങ്കെടുക്കാത്ത പക്ഷം യുവതിയെ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് കോടതി കണ്ടെത്തി. സംഭവത്തിൽ പ്രതി 4,700 കുവൈത്ത് ദിനാർ നഷ്ടപരിഹാരമായി യുവതിക്ക് നൽകാൻ സിവിൽ കോടതി ഉത്തരവിട്ടു.
യുവതിക്കുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷക ഡോ. ഇലാഫ് അൽ സാലിഹ് മുഖേന സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. സംഭവത്തിൽ ക്രിമിനൽ കോടതി നേരത്തെ പ്രതിക്ക് ഒരു മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. എന്നാൽ ശിക്ഷ താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.
ക്രിമിനൽ കേസിലെ കുറ്റവിധിക്ക് പിന്നാലെയാണ് ആക്രമണവും ഭീഷണിയും മൂലമുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 4,700 കുവൈത്ത് ദിനാർ മുൻ ഭാര്യക്ക് നൽകാൻ സിവിൽ കോടതി ഉത്തരവിട്ടത്.







