യുഎഇയിലെ പ്രവാസികള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച്‌ ഇന്ത്യൻ എംബസി; ‘അധികൃതരുടെ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണം

Spread the love

യുഎഇയിലെ പ്രവാസികള്‍ക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച്‌ ഇന്ത്യൻ എംബസി. യുഎഇയില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ ജാഗ്രത നിർദേശം.

 

പ്രവാസികളും സന്ദർശകരും അതീവ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നുമാണ് എംബസി അറിയിക്കുന്നത്. സമാധാനം പാലിക്കണമെന്നും യുഎഇ അധികൃതരുടെ സുരക്ഷാ മാർഗനിർദ്ദേശങ്ങള്‍ കർശനമായി പിന്തുടരണമെന്നും എംബസിയുടെ മുന്നറിയിപ്പിലുണ്ട്.

 

നിലവിലെ സാഹചര്യം കണക്കിലെടുത്ത് യുഎഇയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം. ഔദ്യോഗിക അറിയിപ്പുകള്‍ കൃത്യമായി ശ്രദ്ധിക്കണം. സാധാരണ വിമാന സർവീസുകള്‍ ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. എന്നാല്‍, യുഎഇ അധികൃതരുടെ അനുമതിയോടെ ഇന്ത്യൻ, യുഎഇ വിമാനക്കമ്പനികള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പരിമിതമായ തോതില്‍ പ്രത്യേക സർവീസുകള്‍ ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ഈ സേവനം പ്രയോജനപ്പെടുത്താം. അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ കോണ്‍സുലേറ്റും സാധാരണ നിലയില്‍ പ്രവർത്തിക്കുന്നുണ്ട്. പാസ്‌പോർട്ട്, വിസ, മറ്റ് കോണ്‍സുലർ സേവനങ്ങള്‍ എന്നിവ തടസ്സമില്ലാതെ ലഭ്യമാണ്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

 

യുഎഇ അധികൃതരുമായും പ്രവാസി സംഘടനകളുമായും എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട് എന്നും അബുദാബിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നുണ്ട്. നിലവിലെ സാഹചര്യം കാരണം വിസ കാലാവധി കഴിഞ്ഞവർക്ക് പിഴയില്ലാതെ തുടരാനുള്ള ക്രമീകരണങ്ങള്‍ യുഎഇ സർക്കാർ ചെയ്തിട്ടുണ്ടെന്നും അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും എംബസിയുടെ അറിയിപ്പില്‍ പറയുന്നുണ്ട്. ഫെബ്രുവരി 28 മുതല്‍ വിസ കാലാവധി കഴിഞ്ഞവർക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

 

യുഎഇയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് സംശയങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ടോള്‍ ഫ്രീ നമ്പറായ 800-46342 എന്ന നമ്പറിലോ +971 543090571 എന്ന വാട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെടാം. pbsk.dubai@mea.gov.in / ca.abudhabi@mea.gov.in എന്നീ ഇ മെയില്‍ വഴിയും എംബസിയുമായി ബന്ധപ്പെടാം. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ്- ഇസ്രായേല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് അബുദാബിയിലെ ഇന്ത്യൻ എംബസി ഇത്തരത്തിലുളള ഒരു അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

 

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് യുഎഇ വ്യോമപാത അടച്ചതോടെ യാത്രാ തടസം നേരിട്ട വിനോദ സഞ്ചാരികള്‍‌ക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ആശ്വാസമായി ദുബായി അധികൃതർ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ദുബൈയില്‍ കുടുങ്ങിയ സന്ദർശകർക്ക് നിലവിലുള്ള ബുക്കിങ് വ്യവസ്ഥകളില്‍ തന്നെ താമസം നീട്ടി നല്‍കാൻ ഹോട്ടല്‍‌ അധിക‍തരോട് ദുബൈ സാമ്പത്തിക- ടൂറിസം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ താമസത്തിനും ഭക്ഷണത്തിൻ്റെയും ചെലവ് ഗവണ്‍മെന്റ് വഹിക്കുമെന്ന് നേരത്തെ ജനറല്‍ സിവില്‍ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

 

അതേസമയം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അബുദാബി ഇൻഡസ്ട്രിയല്‍ സിറ്റി മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തെ തുടർന്ന് ആറ് പേർക്ക് പരിക്കേറ്റതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഐകാഡ് 2 (ICAD 2) മേഖലയിലെ രണ്ട് സ്ഥലങ്ങളില്‍ ഡ്രോണ്‍ ആക്രമണത്തെ വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചിരുന്നു. ഇതിനെത്തുടർന്ന് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ താഴെ വീണാണ് അപകടമുണ്ടായത്. പരിക്കേറ്റ ആറ് പേർ പാകിസ്ഥാൻ, നേപ്പാള്‍ സ്വദേശികളാണ്. ഇവർക്ക് നിസാര പരിക്കുകളാണുള്ളതെന്ന് അധികൃതർ അറിയിച്ചു.

 

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ യുഎഇ അധികൃതർ സൈറണുകള്‍ മുഴക്കി താമസക്കാർക്ക് ആവർത്തിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എമിറേറ്റുകളിലുടനീളം കേള്‍ക്കുന്ന വലിയ സ്ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ വിജയകരമായി തടയുന്നതിന്റേതാണെന്ന് അധികൃതർ പറഞ്ഞു. ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ പൊതുജനങ്ങളോട് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

  • Related Posts

    സൗദി, ഒമാൻ വ്യോമമേഖല തുറന്നു; സർവീസുകൾ പുനരാരംഭിച്ച് വിമാന കമ്പനികൾ

    Spread the love

    Spread the loveന്യൂഡല്‍ഹി∙ സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ജിദ്ദ, മസ്കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും പുനരാരംഭിച്ചു. എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്കും തിരിച്ചും ഇന്ന് (മാര്‍ച്ച് 6)…

    ഇന്ത്യക്കാരായ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തു; നടുക്കത്തിൽ പ്രവാസി സമൂഹം

    Spread the love

    Spread the loveറിയാദ്∙ സൗദി തലസ്ഥാനമായ റിയാദിലെ ഹാരയിൽ മകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ആന്ധ്രപ്രദേശ് രാജമുണ്ട്രി സ്വദേശികളായ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) എന്നിവരെയാണ് മകൻ പ്രഭാകർ (17) കുത്തിക്കൊലപ്പെടുത്തിയത്.   കഴിഞ്ഞ…

    Leave a Reply

    Your email address will not be published. Required fields are marked *