‘100 കൊല്ലം വേണമെങ്കിലും ശിക്ഷിച്ചോളൂ; എല്ലാത്തിനും കാരണം ആ നീളൻ മുടിക്കാരി’; പകയ്ക്ക് പിന്നാലെ ക്രൂരകൃത്യം

Spread the love

പാലക്കാട് ∙ ‘രണ്ടു പേരെ കൊന്നു; 100 കൊല്ലം വേണമെങ്കിലും എന്നെ ശിക്ഷിച്ചോളൂ; എത്രയും പെട്ടെന്നു വിധി വേണം. ഇനി പുറത്തിറങ്ങേണ്ട. ആരേയും കാണേണ്ട…’ ഇരട്ടക്കൊലപാതകക്കേസിൽ അറസ്റ്റിലായി ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയപ്പോൾ ചെന്താമര പറഞ്ഞ വാക്കുകളാണിത്. ചെന്താമരയുടെ മനസ്സിലെ ക്രൂരത മനസ്സിലാക്കാൻ ആ വാക്കുകൾ തന്നെ ധാരാളമാണ്. ആദ്യമൊരു കൊല, ആ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം. എന്നിട്ടും ഒരു കൂസ്സലുമില്ലാതെ കോടതി മുറിയിൽ വീണ്ടും… ഇപ്പോഴിതാ കൊടും ക്രൂരതയ്ക്ക് തൂക്കുകയർ തന്നെ കോടതി വിധിച്ചു. പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയിൽ സുധാകരൻ (55), അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി.

 

‘‘എല്ലാ വിശുദ്ധർക്കും ഭൂതം ഉണ്ട്. സുധാകരന്റെ മക്കൾക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങൾ ചെയ്തതിൽ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ചാണ് കൊലപാതകങ്ങൾ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാൻ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷൻ ഓഫിസറുടെ റിപ്പോർട്ട് ഉണ്ടെ’’ന്നും പറഞ്ഞാണ് കോടതി വിധി പ്രഖ്യാപിച്ചത്. കൊലപാതകം നടന്ന് ഒന്നരവര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

 

∙ വിശപ്പ് സഹിക്കാനാവില്ല, കാത്തുനിന്ന് പൊലീസ്

 

2025 ജനുവരി 27ന് ആയിരുന്നു പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയാണ് കൊലപാതകം നടത്തിയത്. നെന്മാറ പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന പാലക്കാട് അഡിഷനൽ സെഷൻസ് കോടതി നാലിന്റെ ഉത്തരവു ലംഘിച്ച് ചെന്താമര തൊട്ടടുത്ത വീട്ടിൽ താമസിച്ച് ഒന്നര മാസമായി ഭീഷണിപ്പെടുത്തുന്നതായി സുധാകരനും മകൾ അഖിലയും നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. നാട്ടുകാരും പരാതി നൽകി. എന്നാൽ, കേസെടുത്തു കോടതിയിൽ റിപ്പോർട്ട് ചെയ്തു ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പകരം നടന്നത് ക്രൂരമായ ഇരട്ടക്കൊലപാതകങ്ങൾ.

 

സ്കൂട്ടറുമായി വീട്ടിൽ നിന്നിറങ്ങിയ സുധാകരനെ ചെന്താമര തന്റെ വീടിനു മുന്നിൽ തടഞ്ഞു നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലക്ഷ്മിയെയും വെട്ടിപ്പരുക്കേൽപിച്ചു. ഇവർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. കൊലപാതകങ്ങൾക്ക് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ചെന്താമര ഒളിച്ചതു പോത്തുണ്ടി വനമേഖലയിലായിരുന്നു. പൊലീസ് പ്രതിയെത്തേടി വനം അരിച്ചുപെറുക്കുമ്പോൾ അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചു തൊട്ടടുത്ത വനത്തിൽ ചെന്താമര ഉണ്ടായിരുന്നു. ‘അവന് വിശപ്പ് സഹിക്കാനാവില്ല’– ഉറ്റവരുടെ ഈ വാക്ക് വിശ്വസിച്ച് പൊലീസ് കാത്തിരുന്നു. വിശന്നാൽ ചെന്താമര മലയിറങ്ങി വരുമെന്ന് കരുതി കാടിന് ചുറ്റും അവർ വലവിരിച്ചു. ഈ വലയിലേക്കാണ് 2 രാത്രിയും 2 പകലും നീണ്ട തിരച്ചിലിനൊടുവിൽ ചെന്താമര വന്നുപെട്ടത്. പ്രതിക്കും പൊലീസിനും എതിരെ വലിയ ജനരോഷം ആണ് അന്ന് ഉണ്ടായത്. പൊലീസ് പിടിയിലായ ചെന്താമര ആദ്യം ആവശ്യപ്പെട്ടതും ഭക്ഷണമായിരുന്നു. തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് അന്ന് പ്രതിയെ പിടികൂടിയത്.

 

∙ കുടുംബം തകർത്തതിന് പക

 

2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സുധാകരൻ തിരുപ്പൂരിൽ ജോലിസ്ഥലത്തും മക്കൾ സ്കൂളിലുമായിരുന്നു. തന്റെ കുടുംബം തകർത്തതു സജിതയാണെന്ന അയൽവാസിയും ബോയൻ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തൽ.

 

മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കും അടിമയായിരുന്നു അയാൾ. ചെന്താമരയുടെ ഭാര്യയും മക്കളും പിണങ്ങിപ്പോയത് സജിതയും അയൽവാസിയായ പുഷ്പയും ചേർന്ന് കൂടോത്രം ചെയ്തിട്ടാണെന്ന് ചെന്താമര വിശ്വസിച്ചു. നീണ്ട മുടിയുള്ള ഒരു സ്ത്രീയാണ് എല്ലാത്തിനും പിന്നിലെന്ന് അയാൾ വിശ്വസിച്ചു. കൂടോത്രം ചെയ്യാൻ അവർക്ക് കൂട്ടുനിന്നത് സജിതയുടെ ഭർത്താവ് സുധാകരനാണെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞിരുന്നു. തന്റെ ജീവിതം ഇല്ലാതാക്കിയവരെ നശിപ്പിക്കാനായി പകയും മനസ്സിൽ കരുതിയാണ് അയാൾ ഓരോ ദിവസവും കഴിച്ചുകൂട്ടിയത്.

 

മൂന്നു കൊലപാതകങ്ങൾ നടത്തിയതോടെ പേടിച്ചാണ് ചെന്താമരയുടെ ‘ലിസ്റ്റിലുണ്ടായിരുന്ന’ പുഷ്പ നാടുവിട്ട് പോയത്. പുഷ്പയെ വകവരുത്തുമെന്നും ചെന്താമര മുൻപ് പറഞ്ഞിരുന്നു. കൊല്ലാൻ കഴിയാത്തതിന്റെ അമർഷവും പ്രകടിപ്പിച്ചിരുന്നു. സമാധാനത്തോടെ കഴിയാനായാണ് അവർ തിരുപ്പൂരിലേക്ക് മാറിത്താമസിച്ചത്. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ സംഭവം നടക്കുമ്പോൾ പള്ളിയിൽ പോയതിനാൽ എന്റെ ജീവൻ അപകടത്തിലായില്ല എന്ന് അന്ന് പുഷ്പ പറഞ്ഞിരുന്നു.

 

∙ ‘തൂക്കിക്കൊല്ലാൻ വിധിക്കാം’

 

2026 ഫെബ്രുവരി 23നാണ് നെന്മാറ ഇരട്ടക്കൊലക്കേസിൽ വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്കു വായിച്ചു കേൾപ്പിച്ചു. തനിക്കെതിരായ എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു. ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന്, ഒന്നും പറയാനില്ലെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വധശിക്ഷ ഉൾപ്പെടെ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നു കോടതി ചൂണ്ടിക്കാട്ടിയപ്പോൾ ‘തൂക്കിക്കൊല്ലാൻ വിധിക്കാം’ എന്നു ഭാവഭേദമില്ലാതെ പ്രതികരിച്ചു. പ്രതി വീണ്ടും കുറ്റകൃത്യം ചെയ്യാൻ സാധ്യത ഉണ്ടെന്ന ജില്ലാ പ്രബേഷൻ ഓഫിസറുടെ റിപ്പോർട്ട് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ ‍‘ഞാൻ ഗാന്ധിജിയെപ്പോലെയല്ല, കിട്ടിയാൽ കൊടുക്കും’ എന്നായിരുന്നു മറുപടി. ‘അവനവനു വരുമ്പോഴേ വേദന അറിയൂ, നിങ്ങൾക്ക് ഇതുവരെ അതുണ്ടായിട്ടില്ല. ഞാനായി പോവില്ല; വന്നാൽ വിടുകയുമില്ല’ – എന്നും പ്രതി അന്ന് കോടതിയിൽ പറഞ്ഞു.

 

സാഹചര്യ, ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളുമാണ് ഇരട്ടക്കൊലപാതകക്കേസിൽ നിർ‍ണായകമായത്. പ്രതിയുടെ സഹോദരൻ ഉൾപ്പെടെ 4 പേർ കേസിൽ കൂറു മാറി. ഇവർക്കെതിരെ നടപടി ആവശ്യപ്പെടുന്നതു പരിഗണനയിലാണെന്നു പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാർ നേരത്തെ അറിയിച്ചിരുന്നു. ആലത്തൂർ ഡിവൈഎസ്പി ആയിരുന്ന എൻ.മുരളീധരന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കേസിന്റെ വിചാരണവേളയിലും സാക്ഷികൾ ഉൾപ്പെടെയുള്ളവർക്ക് നേരെ ചെന്താമര ഭീഷണി മുഴക്കിയിരുന്നു.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *