തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിലെ മദ്യപാനത്തിന് പിന്നാലെ പരിശോധന കർശനമാക്കുന്നു. ദീർഘ- ഹ്രസ്വ ദൂര ബസുകളിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സിഎംഡി നിർദേശം നൽകി. തലശേരിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനത്തിന് പിന്നെലെയാണ് കെഎസ്ആർടിസിയുടെ നടപടി.
തലശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ചതിൽ, കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബസുകൾക്കുള്ളിൽ പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തിൽ പരിശോധന നടത്താനാണ് കെഎസ്ആർടിസി സിഎംഡി നിർദേശം നൽകിയിരിക്കുന്നത്.
നേരത്തെ സമാനമായ പരിശോധന ദീർഘദൂര ബസുകളിൽ നടന്നുവന്നിരുന്നു. എങ്കിലും അവ ഹ്രസ്വദൂര ബസുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നിർദേശം നൽകിയത്. നേരത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് പദവി വഹിച്ചിരുന്നത് കെഎസ്ആർടിസിക്കുള്ളിലെ ജീവനക്കാരാണ്. എന്നാൽ നിലവിൽ ആ പദവിയിൽ ഉള്ളത് ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ്. ഇതോടെ പരിശോധന കൂടുതൽ കാര്യക്ഷമമാകും എന്നാണ് കെഎസ്ആർടിസി അധികൃതരുടെ വിലയിരുത്തൽ.






