കൊല്ലം ∙ പരവൂർ സ്വദേശിയായ 17 വയസ്സുകാരി ആശുപത്രിയിൽ പ്രസവിച്ച സംഭവത്തിൽ, പോക്സോ കേസ് പ്രതിയായ 17 കാരനെതിരെ മുൻപും പോക്സോ കേസ്. പെൺകുട്ടിയുടെ കുടുംബസുഹൃത്തു കൂടിയായ ഇയാൾ മോഷണക്കേസുകളിലും പ്രതിയാണെന്ന് കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു. പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ, കുളത്തൂപ്പുഴ മൈലമൂട് സ്വദേശിയായ ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഏറെ നാളുകളായി പെൺകുട്ടിയും ഇയാളും തമ്മിൽ പ്രണയത്തിലായിരുന്നെന്നും ഇവരുടെ കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പമുണ്ടായിരുന്നെന്നും കുളത്തൂപ്പുഴ പൊലീസ് പറയുന്നു. വീട്ടുകാർ പരസ്പരം കാണുന്നതും ഒരുമിച്ചു താമസിക്കുന്നതുമൊക്കെ പതിവായിരുന്നു. പെൺകുട്ടി ഗർഭിണി ആണെന്നറിഞ്ഞതോടെ ആരോഗ്യപ്രവർത്തകർ അന്വേഷിച്ച് വീട്ടിൽ എത്തിയിരുന്നു. എന്നാൽ പ്രായം തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ ഇവർ തയാറായില്ല. കടുത്ത വയറുവേദനയെത്തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നൽകി. ആശുപത്രിരേഖകളിൽ 18 വയസ്സായിരുന്നു രേഖപ്പെടുത്തിയിരുന്നത്. പ്രസവശേഷം ഡോക്ടർമാർക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം അറിയുന്നത്. പിന്നാലെ കുളത്തൂപ്പുഴ പൊലീസിൽ വിവരം അറിയിച്ചു.
സിഡബ്യുസി (ചൈൽഡ് വെൽഫെയർ കമ്മിറ്റി) പെൺകുട്ടിയെ കൗൺസലിങ് നടത്തിയപ്പോഴാണ് ആൺസുഹൃത്തിന്റെ കാര്യം കുട്ടി വെളിപ്പെടുത്തിയത്. മുൻപ് ഇതേ പെൺകുട്ടി തന്നെ ഇയാൾക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ആൺകുട്ടിക്ക് പ്രായപൂർത്തിയായതായി കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു. അതേസമയം, ആശുപത്രിയിൽനിന്ന് വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.






