നെടുമ്പാശേരി (എറണാകുളം)∙വിമാന യാത്രയ്ക്കിടെ അമേരിക്കൻ മലയാളിയുടെ ബാഗിൽ നിന്നു മൊബൈൽ ഫോണും പണവും സ്വർണവും മോഷ്ടിച്ചയാളെ പൊലീസ് പിടികൂടി. ഓഗസ്റ്റ് 21നു ഫുജൈറയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ കൊടുങ്ങല്ലൂർ സ്വദേശി ഗോകുൽ രാജിന്റെ ഹാൻഡ് ബാഗിൽ നിന്ന് മോഷണം നടത്തിയ തൃശൂർ വടക്കാഞ്ചേരി സ്വദേശി ബാദുഷയാണ് അറസ്റ്റിലായത്.
യാത്രയ്ക്കിടെ ഗോകുൽ മയങ്ങിയപ്പോഴായിരുന്നു മോഷണം. തൊട്ടടുത്ത സീറ്റിലിരുന്ന ബാദുഷയോട് ഹാൻഡ് ബാഗിലെ സാധനങ്ങൾ കാണാനില്ലെന്നു പറഞ്ഞപ്പോൾ കാബിൻ ക്രൂ ഇവ എടുത്തു കൊണ്ടു പോയെന്ന് ഇയാൾ പറഞ്ഞു. ഇതു വിശ്വസിച്ച് വിമാനത്താവളത്തിലെ സ്പൈസ് ജെറ്റ് ഓഫിസിൽ അന്വേഷണത്തിനായി കാത്തുനിൽക്കുന്നതിനിടെ ബാദുഷ മുങ്ങി.






