കൊൽക്കത്ത ∙ അമ്മയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷിയായ പെൺകുട്ടിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
2023 ഒക്ടോബറിലാണ് സയാനിയുടെ അമ്മ മാലാ ശികാരി കൊല്ലപ്പെടുന്നത്. സംഭവത്തിൽ ഭർത്താവ് സമീർ ശികാരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ മരണശേഷം സയാനി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മൂന്നു വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ സമീർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സമീർ സയാനിയെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും ഇത് കുടുംബത്തിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ സിം കാർഡും ഫോൺ നമ്പറും മാറ്റാൻ നിർദേശിച്ചിരുന്നു. എന്നാൽ പുതിയ നമ്പറും ഇയാൾ എങ്ങനെയോ സംഘടിപ്പിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ സംസാരിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
സയാനി വീട്ടിൽ തനിച്ചായിരുന്നു. വൈകിട്ട് കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മുത്തച്ഛൻ കുട്ടിയെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരിക്കുന്നതിനു തൊട്ടുമുൻപു സയാനി ആരുമായെല്ലാമാണ് സംസാരിച്ചതെന്നും സന്ദേശങ്ങൾ അയച്ചതെന്നും കണ്ടെത്തുന്നതിനായി പൊലീസ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുന്നുണ്ട്.
സയാനിയുടെ മരണത്തിൽ പിതാവ് സമീറിനു നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുത്തച്ഛൻ നിതൻ ബോസും ബന്ധുവായ സുഭാഷ് ബാരിക്കും ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാകുന്നതിനു മുൻപ് നിഗമനങ്ങളിലേക്ക് എത്തരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോൺ രേഖകളുടെ പരിശോധനാ ഫലവും ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.








