ശരീരഭാരം കുറയ്ക്കുക എന്നത് പലർക്കും ഒരു ബാലികയറാ മലയാണ്. വെല്ലുവിളികളെ നേരിട്ട് കഠിന പരിശ്രമത്തിലൂടെ ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്ററായ കാജൻ ഒരു വർഷം കൊണ്ട് കുറച്ചത് 36 കിലോയാണ്. ഒരു വർഷത്തെ തന്റെ ബോഡി ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ കാജൻ പങ്കുവെച്ചു. ഏകദേശം ഏഴ് മാസം കൊണ്ട് തന്നെ 101 കിലോ ആയിരുന്ന താൻ 65ലേക്ക് എത്തിയെന്നും കാജൻ പറയുന്നു.
ഡയറ്റ് പ്ലാൻ
തടി കുറയ്ക്കാൻ സഹായിച്ച ഭക്ഷണക്രമത്തെ കുറിച്ചും കാജൻ വിശദമായി കുറിച്ചിട്ടുണ്ട്. ലളിതവും സമീകൃതവുമായ, വീട്ടിൽ പാചകം ചെയ്ത ഭക്ഷണമാണ് പ്രധാനം. ദിവസവും ഒരേ ഭക്ഷണമായിരുന്നില്ല കഴിച്ചിരുന്നത്. ആഴ്ചയിൽ ഓരോ ദിവസവും പ്രത്യേകം ഭക്ഷണമായിരിക്കും.
ആദ്യ ദിവസം
ഒരു ഗ്ലാസ് ജീരകവെള്ളവും അഞ്ച് കുതിർത്ത നട്സും കഴിച്ചു കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. ശേഷം പ്രോട്ടീൻ സമ്പന്നമായ ബ്രേക്ക്ഫാസ്റ്റ്. കടലമാവ് കൊണ്ടുള്ള ദോശ, പുതിന ചട്ണിയും രാവിലെ ഭക്ഷണമായി കഴിക്കാറുണ്ട്. ഇടനേരത്തെ ലഘുഭക്ഷണത്തിനായി പപ്പായ, ഒരു സ്പൂൺ സൺഫ്ലവർ സീഡ്സ് എന്നിവയും കഴിക്കും. ഉച്ചഭക്ഷണത്തിന് അര കപ്പ് ബ്രൗൺ റൈസ്, ചനാ ദാൽ, വെണ്ടക്ക എന്നിവ കഴിക്കും. വൈകുന്നേരം ഹെർബൽ ചായയും 20 ഗ്രാം വറുത്ത മഖാനയും കഴിക്കും. അത്താഴത്തിന് ടോഫു ഭുർജി, വേവിച്ച ബീൻസ്, ഒരു റോട്ടി എന്നിവയുമാണ് കഴിക്കുക.
രണ്ടാം ദിവസം
ജീരകവെള്ളത്തിന് പകരം, കുതിർത്ത ചിയാ സീഡ്സ് ഇട്ട ഇളംചൂടുള്ള നാരങ്ങവെള്ളമാണ് കുടിക്കുക. ബ്രേക്ക്ഫാസ്റ്റിന് സോയ ചങ്ക്സും വെജിറ്റബിൾ പോഹയും കഴിക്കും. ഇടനേരത്തെ ലഘുഭക്ഷണമായി ഒരു മുഴുവൻ ആപ്പിളും ഒരു ടേബിൾ സ്പൂൺ മത്തങ്ങ വിത്തുകളും കഴിക്കും.
ഉച്ചഭക്ഷണത്തിനായി രണ്ട് റോട്ടി, ചെറുപയർ, സാലഡ് എന്നിവ കഴിക്കും. വൈകുന്നേരത്തെ ലഘുഭക്ഷണത്തിനായി ഒരു കപ്പ് യോഗർട്ടും വറുത്ത ചനയും കഴിക്കുകയും അത്താഴത്തിന് 100 ഗ്രാം പാലക് പനീർ, ഒരു റോട്ടി, വെള്ളരിക്ക റെയ്ത്ത എന്നിവയും കഴിക്കുമെന്ന് കാജൽ പറയുന്നു.
മൂന്നാം ദിവസം
അലോവേര ജ്യൂസും ഇളംചൂടുള്ള വെള്ളവുമാണ് രാവിലെ കുടിക്കുക. ബ്രേക്ക്ഫാസ്റ്റിന് റാഗി ദോശ, പ്രോട്ടീൻ നിറഞ്ഞ സാമ്പാർ, ചട്ണി എന്നിവയുണ്ടാകും. രാവിലത്തെ ലഘുഭക്ഷണത്തിന് ഒരു പേരയ്ക്കയും ഒരു ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ്സും കഴിക്കും. ഉച്ചഭക്ഷണത്തിൽ ഒരു ചെറിയ റോട്ടി, ദാൽ, ചീര, സാലഡ് എന്നിവ ഉൾപ്പെടും. വൈകുന്നേരം, ഗ്രീക്ക് യോഗർട്ട്, ചിയാ സീഡ്സ്, ബെറികൾ അല്ലെങ്കിൽ മാതളനാരങ്ങ എന്നിവ കഴിക്കും. അത്താഴത്തിന് വെജിറ്റബിൾ ക്വിനോവ പുലാവും വെള്ളരിക്ക-തക്കാളി സാലഡും ഉൾപ്പെടും.
നാലാം ദിവസം
രാവിലെ ആരംഭിക്കുന്നത് ഉലുവ കുതിർത്ത വെള്ളത്തോടെയാണ്. ബ്രേക്ക്ഫാസ്റ്റ് ആയി ഉപ്പുമാവ് കഴിക്കും. ശേഷം ഒരു പിയറും എട്ടുപത്ത് ഉണക്കമുന്തിരിയും കഴിക്കും. ഉച്ചഭക്ഷണത്തിനായി മില്ലെറ്റ് ഖിച്ഡിയാണ് കഴിക്കുക. അത്താഴത്തിൽ സോയ കറിയും ഒരു റോട്ടിയും ഉൾപ്പെടും.
അഞ്ചാം ദിവസം
ഇഞ്ചിയും നാരങ്ങയും ചേർത്ത വെള്ളത്തോടെയാണ് ദിവസം ആരംഭിക്കുക. അഞ്ച് കുതിർത്ത വാൽനട്ട്, പച്ചക്കറികളും ചേർത്ത ഓട്സ് കഴിക്കും. ഉച്ചഭക്ഷണത്തിനായി രണ്ട് റോട്ടി, ദാൽ, വെണ്ടക്ക കറി, സാലഡ് എന്നിവയാണ് കഴിക്കുക. വൈകുന്നേരം യോഗട്ടും വറുത്ത നിലക്കടലയുമാണ് കഴിക്കുക. അത്താഴത്തിൽ പനീർ ടിക്ക, വേവിച്ച സുഷിനി, അര കപ്പ് ബ്രൗൺ റൈസ് എന്നിവയും ഉൾപ്പെടുമെന്ന് കാജൽ പറയുന്നു.
ഭക്ഷണക്രമത്തിലെ സ്ഥിരതയും വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടുപോകാനുള്ള മനോഭാവവുമാണ് കാജലിന്റെ വണ്ണം കുറച്ചതെന്നാണ് സാമൂഹികമാധ്യമത്തിൽ നിറയുന്ന കമന്റുകളിലേറെയും.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ടിവിയോ മൊബൈലോ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.






