കെഎസ്ആർടിസിയിലെ സൗജന്യയാത്ര; ആദ്യം ഓർഡിനറിയിൽ, 100 ദിവസം പരീക്ഷണം

Spread the love

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി നടപ്പാക്കാൻ തീരുമാനം. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസ്സുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിനുശേഷം വിലയിരുത്തൽ നടത്തിയശേഷം മറ്റു ബസ്സുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

 

കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപെടുത്തി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര. ഏതൊക്കെ ബസിൽ പദ്ധതി നടപ്പാക്കിയാൽ എത്ര രൂപ വീതം ചെലവു വരുമെന്ന കണക്കുകൾ കെഎസ്ആർടിസി കൈമാറിയിരുന്നു. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ 3 മാസത്തെ നഷ്ടം 112 കോടിരൂപയാണ്. ഓർഡിനറി ബസിൽ മാത്രമാക്കിയാൽ 57 കോടി, സിറ്റി ഫാസ്റ്റ്, ഓർഡിനറി എന്നിവയിൽ നടപ്പാക്കിയാൽ 65 കോടി, ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് എന്നിവയിൽ നടപ്പാക്കിയാൽ 90 കോടി എന്നിങ്ങനെയാണു നഷ്ടം കണക്കാക്കിയിരിക്കുന്നത്.

 

ശമ്പളത്തിനും പെൻഷനുമുള്ള സാമ്പത്തിക സഹായത്തിനു പുറമേ ഈ തുക കൂടി സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടിവരും. പ്രതിദിനം 10 മുതൽ 12 വരെ ലക്ഷം വനിതകൾ കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നുവെന്നാണ് കണക്ക്. പദ്ധതി നടപ്പാക്കുന്നതോടെ കൂടുതൽ വനിതകൾ യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് ഗതാഗതമന്ത്രി സി.പി.ജോൺ പറഞ്ഞു. എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കും. എപിഎൽ, ബിപിഎൽ വ്യത്യാസമുണ്ടാകില്ല. ട്രാൻസ്ജൻഡർ വിഭാഗത്തിനും സൗജന്യയാത്ര അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. തുക സർക്കാർ കെഎസ്ആർടിസിക്ക് റീഫണ്ട് ചെയ്യും. 15ന് പദ്ധതി ആരംഭിക്കും. കെഎസ്ആർടിസിക്ക് സാമ്പത്തിക ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

 

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങള്‍ രൂപീകരിക്കുമെന്നും അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിലെ ചട്ടങ്ങളില്‍ ഭേദഗതി ആവശ്യമായാല്‍ അത് പരിശോധിക്കുമെന്നും യോഗം വിലയിരുത്തി. കെഎസ്ആര്‍ടിസി, കെടിഡിഎഫ്‌സി എന്നിവയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കെടിഡിഎഫ്സിയെ മികച്ച നോണ്‍-ബാങ്കിങ് ധനകാര്യ സ്ഥാപനമായി വളര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗതാഗത വകുപ്പ്, ധനകാര്യ വകുപ്പ്, കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

  • Related Posts

    ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം മുടി വളര്‍ത്താം; ശിക്ഷിക്കാന്‍ പാടില്ലെന്ന് ബാലാവകാശ കമ്മിഷന്‍

    Spread the love

    Spread the loveതിരുവനന്തപുരം ∙ ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളര്‍ത്തുന്നതിനു സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരില്‍ സ്‌കൂള്‍ അധികൃതര്‍, ആണ്‍കുട്ടികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ,…

    നാല് കടകളിൽ നിന്നും കവർന്നത് 3.75 ലക്ഷം രൂപ! വീണ്ടും മോഷ്ടിക്കാനെത്തിയ പ്രതിയെ പൂട്ടി പൊലീസ്

    Spread the love

    Spread the loveപാലാ: കോട്ടയം പാലാ ടൗണിൽ നാല് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ സുഗത് ചന്ദ് ആണ് പാലാ പോലീസിന്റെ നിർണ്ണായക നീക്കത്തിൽ വലയിലായത്.  …

    Leave a Reply

    Your email address will not be published. Required fields are marked *