ലണ്ടനിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു: യുകെയിലെത്തുന്നത് നാല് വർഷം മുൻപ്; ആക്രമണത്തിൽ മറ്റൊരു യുവാവിനും പരുക്ക്

Spread the love

ലണ്ടൻ ∙ പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളിൽ ഇന്ത്യൻ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പഞ്ചാബിലെ തരൺ തരൺ ജില്ലയിലെ മെഹ്ദിപൂർ ഗ്രാമത്തിൽ നിന്നുള്ള ഗുർഭേജ് സിങ് (26) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മുപ്പത് വയസ്സുള്ള മറ്റൊരു യുവാവിനും പരുക്കേറ്റിട്ടുണ്ട്. ജൂൺ 10ന് അർദ്ധരാത്രിക്ക് ശേഷമാണ് ലണ്ടനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.

 

സൗത്താളിലെ നോർത്ത് റോഡും ഡോർമേഴ്‌സ് വെൽസ് ലെയ്‌നും തമ്മിലുള്ള ജങ്ഷനിലുള്ള ഒരു കടയ്ക്ക് പുറത്തുവച്ചാണ് ഗുർഭേജ് സിങ്ങിന് കുത്തേറ്റത്. ജൂൺ 10ന് പുലർച്ചെ ഏകദേശം 12.30ഓടെയായിരുന്നു ആക്രമണം. കുത്തേറ്റതായുള്ള വിവരത്തെത്തുടർന്ന് ലണ്ടൻ ആംബുലൻസ് സർവീസും മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥരും ഏകദേശം 12.40 ഓടെ സംഭവസ്ഥലത്തെത്തി. പാരാമെഡിക്കൽ ജീവനക്കാർ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കഠിനമായ മുറിവുകൾ കാരണം ഗുർഭേജ് സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ രണ്ടാമത്തെ വ്യക്തിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഇയാളെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

 

∙ അന്വേഷണവും അറസ്റ്റും

കൊലപാതകവുമായി ബന്ധപ്പെട്ട് 20നും 30നും ഇടയിൽ പ്രായമുള്ള ഏഴ് പേരെ പൊലീസ് സംഭവസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇതിൽ ആറ് പേരെ തുടർനടപടികളില്ലാതെ വിട്ടയച്ചു. ഒരാളെ കൂടുതൽ അന്വേഷണങ്ങൾക്കായി ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. മെറ്റ്സ് സ്പെഷലിസ്റ്റ് ക്രൈം കമാൻഡിലെ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ അലിസൺ ഫോക്സ്വെല്ലിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

 

‘ഹോമിസൈഡ് ഡിറ്റക്ടീവുകൾഗുർഭേജിന്റെ മരണം അന്വേഷിക്കുന്നത് തുടരുകയാണ്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പമുണ്ട്. നോർത്ത് റോഡും ഡോർമേഴ്‌സ് വെൽ ലെയ്‌നും തമ്മിലുള്ള ജങ്ഷനിലുള്ള ഒരു കടയ്ക്ക് പുറത്ത് പുലർച്ചെ 12.30 നാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൈവശമുള്ളവരോ, ആ സമയത്ത് അവിടെയുണ്ടായിരുന്നവരോ ആയ സാക്ഷികൾ എത്രയും വേഗം മുന്നോട്ടുവന്ന് പൊലീസിനോട് സംസാരിക്കണമെന്ന് അഭ്യർഥിക്കുന്നതായി’, അലിസൺ ഫോക്സ്വെല്‍ പറഞ്ഞു. ഗുർഭേജിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകാൻ നിലവിൽ സ്പെഷലിസ്റ്റ് ഓഫിസർമാരെ പൊലീസ് ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

∙ മികച്ച ഭാവിക്കായി ലണ്ടനിലേക്ക്

ഇന്ത്യയിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗുർഭേജ് സിങ്, മികച്ചൊരു ജീവിതം സ്വപ്നം കണ്ടാണ് 2022ൽ യുകെയിലേക്ക് കുടിയേറിയത്. തരൺ തരൺ ജില്ലയിലെ കർഷകനായ പിതാവ് മുക്ത്യാർ സിങ്, ഒരു ഇമിഗ്രേഷൻ ഏജന്റ് വഴി ഏകദേശം 24 ലക്ഷം രൂപയോളം കടം വാങ്ങിയും മറ്റും ചെലവഴിച്ചാണ് മകനെ ലണ്ടനിലേക്ക് അയച്ചത്. കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ഗുർഭേജ് സിങ്.

 

∙ മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം

ഗുർഭേജിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനും അദ്ദേഹത്തിന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുമായി സുഹൃത്തുക്കളുടെയും പ്രവാസി കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഗോ ഫണ്ട് മി വഴി ഒരു ധനസമാഹരണ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖകൾ ശരിയാക്കുന്നതിനും, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള യാത്രാച്ചെലവുകൾക്കുമായി 16,000 യൂറോ ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ ആരംഭിച്ചത്. ഇതിനോടകം തന്നെ 737–ലധികം പേരിൽ നിന്നായി 11,114 യൂറോയോളം സമാഹരിച്ചുകഴിഞ്ഞു. മൃതദേഹം എത്രയും വേഗം ജന്മനാട്ടിലേക്ക് എത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കുടുംബാംഗങ്ങൾ ഇന്ത്യൻ അധികൃതരോടും അഭ്യർഥിച്ചിട്ടുണ്ട്. കേസിൽ മെട്രോപൊളിറ്റൻ പൊലീസിന്റെ അന്വേഷണം ഊർജിതമായി തുടരുകയാണ്.

  • Related Posts

    100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

    Spread the love

    Spread the loveലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം…

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *