പഠിത്തം മതിയാക്കി കമ്പനി തുടങ്ങി; സക്കർബർഗ് കൊടുത്തത് 8550 കോടി, വാട്സാപ്പ് ഭരിക്കാൻ ഇനി ഇന്ത്യക്കാരൻ കുനാൽ

Spread the love

ഇനി വാട്സാപ് തുറക്കുമ്പോൾ ഓർക്കുക, ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഈ മെസേജിങ് ആപ്പിന്റെ പുതിയ ആഗോള മേധാവി ഇന്ത്യക്കാരനാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് സ്റ്റാർട്ടപ്പായ ‘ക്രെഡി’ന്റെ സ്ഥാപകൻ കുനാൽ ഷാ (47). ‘ക്രെഡി’ൽ വാട്സാപ്പിന്റെയും ഫെയ്സ്ബുക്കിന്റെയും മാതൃകമ്പനിയായ മെറ്റ നടത്തിയ 8550 കോടി രൂപ നിക്ഷേപത്തിന്റെ തുടർച്ചയായിട്ടാണ് നിയമനം.

 

ഒരു സ്റ്റാർട്ടപ് കമ്പനിയുടെ സ്ഥാപക സ്ഥാനത്തുനിന്ന് ആഗോള ടെക് കമ്പനിയുടെ തലപ്പത്തേക്ക് ഇന്ത്യക്കാരൻ എത്തുന്നത് ആദ്യമായിട്ടായിരിക്കാം. 7 വർഷത്തോളം വാട്സാപ്പിനെ നയിച്ച വിൽ കാത്കാർട്ടിന്റെ പിൻഗാമിയായാണ് മുംബൈ സ്വദേശിയായ കുനാൽ ഷാ എത്തുന്നത്.

 

ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാനുള്ള റിവാർഡ് അധിഷ്ഠിത ആപ്പായ ‘ക്രെഡ്’ 2018 ൽ ആണ് സ്ഥാപിതമായത്. പേയ്മെന്റ് രംഗത്തെ കുനാലിന്റെ അനുഭവപരിചയം വാട്സാപ്പിനു മുതൽക്കൂട്ടായേക്കും. ‘വാട്സാപ് പേ’ എന്ന യുപിഐ സംവിധാനം കമ്പനിക്കുണ്ടെങ്കിലും ഇന്ത്യയിൽ കാര്യമായ സ്വീകാര്യത ലഭിച്ചിട്ടില്ല.

 

ക്രെഡിന്റെ അഞ്ചിലൊന്ന് ഓഹരികളാണ് മെറ്റയ്ക്കു സ്വന്തമാകുന്നത്. ഭൂരിപക്ഷം ഓഹരികൾ സ്വന്തമായില്ലാത്തതിനാൽ ക്രെഡ് ഉപയോക്താക്കളുടെ വിവരങ്ങൾ മെറ്റയ്ക്കു ലഭ്യമാകില്ലെന്നു കമ്പനി അറിയിച്ചു. കുനാൽ ക്രെഡിന്റെ നേതൃത്വം ഒഴിയുമെങ്കിലും കമ്പനിയിലെ വ്യക്തിഗത ഓഹരി നിലനിർത്തും. ഫിനാൻസ് ആൻഡ് സ്ട്രാറ്റജി മേധാവിയായിരുന്ന മിറ്റെൻ സമ്പത്ത് ക്രെഡിന്റെ ഇടക്കാല സിഇഒയായി നിയമിതനായി.

 

വാട്സാപ്

 

ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷൻ. ഉപയോക്താക്കൾ ലോകമാകെ 300 കോടിയിലേറെ. ഏറ്റവുമധികം ഇന്ത്യയിൽ. (55 കോടിയിലേറെ)

 

ക്രെഡ്

 

ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കാനുള്ള ആപ്ലിക്കേഷൻ. രാജ്യത്തെ ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റുകളുടെ 40% ക്രെഡ് വഴി. പ്രതിമാസം 1.7 കോടി പേർ ഉപയോഗിക്കുന്നു. വാർഷിക വരുമാനം 3200 കോടി രൂപ.

 

ഫിലോസഫിയാണ് ജീവിതത്തിന്റെ അടിസ്ഥാനമെന്നു കരുതുന്നയാളാണ് വാട്സാപ് മേധാവിയായി ചുമതലയേൽക്കുന്ന 47–കാരനായ കുനാൽ ഷാ. ക്രെഡ്, വാട്സാപ് പോലെയുള്ള ടെക് കമ്പനികളുമായി ഒട്ടും പൊരുത്തപ്പെടാത്തതാണ് വിദ്യാഭ്യാസകാലത്തെ കുനാലിന്റെ പ്രൊഫൈൽ. മുംബൈയിലെ വിൽസൺ കോളജിൽ ബിഎ ഫിലോസഫിയാണ് പൂർത്തിയാക്കിയ ഏക ബിരുദം. അതുകഴിഞ്ഞ് എംബിഎയ്ക്ക് ചേർന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് ബിസിനസിലേക്കു തിരിഞ്ഞു. എന്തുകൊണ്ടാണ് ഇത്തരമൊരു വഴിമാറ്റമെന്ന ചോദ്യത്തിന്, കുനാലിന് കൃത്യമായ മറുപടിയുണ്ട്. ഒരു ബിസിനസ് നടത്തുന്നതിന്റെ പ്രായോഗികത പഠിക്കുകയായിരുന്നു ആഗ്രഹം. എന്നാൽ അതിനുള്ള വഴികളൊന്നും കോളജിലുണ്ടായിരുന്നില്ല. തിയറിയെക്കാൾ നല്ലത് പ്രാക്ടിക്കൽ ആണെന്ന ബോധ്യത്തിൽ അങ്ങനെ കോളജിന്റെ പടിയിറങ്ങി.

 

ക്രെഡ് ആപ് വഴിയാണ് കുനാൽ ഷായെ ലോകം അറിയുന്നതെങ്കിലും, അദ്ദേഹത്തിന്റെ സംരഭകത്വയാത്രയിലെ മൂന്നാമത്തെ എപ്പിസോഡ് മാത്രമായിരുന്നു അത്.

 

കോളജിൽ നിന്നറിങ്ങിയ കുനാൽ ടിഐഎസ് ഇന്റർനാഷനൽ എന്ന ബിപിഒ സ്ഥാപനത്തിൽ ജൂനിയർ പ്രോഗ്രാമറായി ചേർന്നു. പിന്നീട് പൈസാബാക് എന്ന പേരിലൊരു സ്റ്റാർട്ടപ് ആരംഭിച്ചു. മക്ഡോണൾഡ്സ്, ഡൊമിനോസ് പോലെയുള്ള കമ്പനികളുമായി ചേർന്ന് കാഷ്ബാക് നൽകുന്നതായിരുന്നു ബിസിനസ് മോഡൽ. എന്നാൽ ശക്തരായ എതിരാളികൾ രംഗത്തുണ്ടായിരുന്നതിനാൽ കമ്പനി രക്ഷപ്പെട്ടില്ല. എന്നാൽ ആശയം മൊത്തമായി ഉപേക്ഷിച്ചില്ല. പൈസാബാക്കിന്റെ ആശയത്തിന്റെ തുടർച്ചയെന്നോണം 2010ൽ ഫ്രീചാർജ് എന്ന കമ്പനി ആരംഭിച്ചു. ആദ്യം ബിപിഒ കമ്പനിയിൽ ജോലി നൽകിയ സന്ദീപ് ഠണ്ഡൻ തന്നെയായിരുന്നു സഹസ്ഥാപകൻ. ഓൺലൈൻ മൊബൈൽ റീചാർജിനു സഹായിക്കുന്ന കമ്പനിയെന്ന നിലയിൽ ഫ്രീചാർജിലേക്ക് കോടികളുടെ നിക്ഷേപമൊഴുകി. മൊബൈൽ ഫോൺ ഉപയോഗം രാജ്യത്ത് വ്യാപകമായി വരുന്ന സമയമായതിനാൽ കമ്പനി വമ്പൻ കുതിപ്പാണ് നടത്തിയത്.

 

2015 ഏപ്രിലിൽ സ്നാപ്ഡീൽ ഏകദേശം 2,800 കോടി രൂപയ്ക്കാണ് ഫ്രീചാർജ് സ്വന്തമാക്കയത്. 2018ലാണ് കുനാൽ ക്രെഡ് എന്ന പേരിൽ പുതിയ കമ്പനി തുടങ്ങിയത്. 8 വർഷം മുൻപ് തുടങ്ങിയ കമ്പനി ടൈഗർ ഗ്ലോബൽ, റിബിറ്റ് ക്യാപ്പിറ്റൽ അടക്കമുള്ള വെഞ്ച്വർ ക്യാപ്പിറ്റൽ കമ്പനികളിൽ നിന്ന് 100 കോടിയിലധികം ഡോളർ നിക്ഷേപം സ്വന്തമാക്കി.

 

കമ്പനികൾ സ്ഥാപിക്കുന്നതിനു പുറമേ രാജ്യത്തെ അറിയപ്പെടുന്ന എയ്ഞ്ചൽ നിക്ഷേപകരിൽ ഒരാൾ കൂടിയാണ് കുനാൽ. വിവിധ മേഖലകളിലുള്ള നൂറുകണക്കിന് സ്റ്റാർട്ടപ്പുകളിൽ അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. റേസർപേ, അൺഅക്കാദമി തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം.

  • Related Posts

    കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

    Spread the love

    Spread the loveകാസര്‍കോട് : കൃഷിയിടത്തിലേക്ക് പോയ ദമ്പതികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് മാലോം കാര്യോട്ട് ചാലില്‍ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52 ) എന്നിവരാണ് മരിച്ചത്.   വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച…

    ഗുഡ്സ് ഓട്ടോ മറിഞ്ഞ് അപകടം; വയോധികൻ മരിച്ചു

    Spread the love

    Spread the loveപേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്ര ഉണ്ണിക്കുന്നുംചാലിൽ ഗുഡ്സ് ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. മുളിയങ്ങൽ കൂടത്തിങ്കൽ ഭാസ്കരൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം. ഉണ്ണിക്കുന്നുംചാൽ കയറ്റം കയറുന്നതിനിടെ ഗുഡ്സ് ഓട്ടോയുടെ ബ്രേക്ക് നഷ്ടപ്പെട്ട് സമീപത്തെ…

    Leave a Reply

    Your email address will not be published. Required fields are marked *