ഗാന്ധിനഗർ ∙ ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി ഫ്രിജിൽ വച്ചതിനുശേഷം ആത്മഹത്യ ചെയ്തു. നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന കിഷോർ ധനക് (40) ആണ് മകൾ ഹിമാൻഷിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് മൂന്ന് കുറിപ്പുകൾ കണ്ടെത്തി. ഭാര്യ കുടുംബവീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം.
കഴിഞ്ഞ ബുധനാഴ്ചയാണ് കിഷോർ മകളെ കൊലപ്പെടുത്തി മൃതദേഹം ഫ്രിജിൽ വച്ചതിനു ശേഷം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. സെപ്റ്റംബർ 14 ന് പിതാവിന്റെ വീട്ടിലേക്ക് പോയ കിഷോറിന്റെ ഭാര്യ ഫോൺ ചെയ്തിട്ടും ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഫോണിൽ കിഷോറിനെ കിട്ടാതായതോടെ ഭാര്യ സഹോദരനെ അന്വേഷിക്കാൻ വീട്ടിലേക്ക് അയച്ചു. വീട്ടിലെത്തിയ സഹോദരൻ കിഷോർ ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടു. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വീടിനുള്ളിൽ പരിശോധന നടത്തിയ പൊലീസിനു മൂന്ന് ആത്മഹത്യക്കുറിപ്പുകൾ ലഭിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ വിവരിക്കുന്നതായിരുന്നു അതിൽ ഒരെണ്ണം. ബിസിനസ് സുഹൃത്തുക്കളിൽനിന്ന് ലഭിക്കേണ്ട 7.25 ലക്ഷം രൂപ കിട്ടിയില്ലെന്നും വായ്പകൾ സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ടായിരുന്നു. മറ്റൊരു കുറിപ്പിലാണ് മകളെ കൊലപ്പെടുത്തിയ കാര്യം വിശദീകരിച്ചത്. മകൾ കഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ക്ഷമിക്കണമെന്നും അതിൽ എഴുതിയിട്ടുണ്ടായിരുന്നു. മകളുടെ മൃതദേഹം ഫ്രിജിലുണ്ടെന്നും കത്തിലുണ്ടായിരുന്നു. വീട്ടിലെ ഒരു മുറി ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. മകളെ വെള്ള വസ്ത്രം ധരിപ്പിച്ചാണ് കിഷോർ ഫ്രിജിൽ വച്ചിരുന്നത്. ‘ഹാപ്പി ബർത്ത്ഡേ ഹിമാൻഷി’ എന്നെഴുതിയ കുറിപ്പും ഫ്രിജിൽ വച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.








