കാൻപുർ ∙ കുടുംബാംഗങ്ങളുടെ ഉൾപ്പടെയുള്ള ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും അശ്ലീല വിഡിയോകൾ സൂക്ഷിക്കുകയും ചെയ്ത 25 കാരൻ ഉത്തർപ്രദേശിലെ കാൻപുരിൽ അറസ്റ്റിലായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ എട്ട് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തി. പ്രായപൂർത്തിയാകാത്തവരുടെ ഉൾപ്പെടെ വിഡിയോകൾ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു സൂക്ഷിക്കുന്ന ഇയാളുടെ പ്രവൃത്തി ഗൂഗിളാണ് അധികൃതരെ അറിയിച്ചത്.
നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻസിആർപി) വഴിയാണ് ഗൂഗിൾ യുവാവിന്റെ ചെയ്തികൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. യുവാവിന്റെ ജിമെയിൽ അക്കൗണ്ട് വിവരങ്ങൾ, ഐഎംഇഐ നമ്പർ തുടങ്ങിയ വിവരങ്ങളും ഗൂഗിൾ പൊലീസിനു കൈമാറി. ഗൂഗിൾ നൽകിയ ഐപി വിലാസം ഉപയോഗിച്ച് പൊലീസ് യുവാവിനെ കണ്ടെത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ഫോൺ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുടുംബാംഗങ്ങളായ സ്ത്രീകൾ ശുചിമുറിയിൽ പോകുമ്പോൾ രഹസ്യ ക്യാമറ ഉപയോഗിച്ച് വിഡിയോകൾ റെക്കോർഡ് ചെയ്ത് ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു ഇയാൾ. എട്ട് വയസ്സുള്ള ഒരു പെൺകുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. ചാമൻഗഞ്ച് പൊലീസാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യമായി പകർത്തുന്ന വിഡിയോകൾ അശ്ലീല സൈറ്റുകളിലേക്ക് നൽകിയിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കും.
അതേസമയം ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾ ഗൂഗിൾ പരിശോധിക്കുന്നുണ്ടോ എന്ന ചർച്ചയ്ക്കും ഈ സംഭവം ഇടയാക്കിയിട്ടുണ്ട്. എന്നാൽ കുട്ടികളുടെ അടക്കമുള്ള അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നവരെ കണ്ടെത്താൻ എഐ സാങ്കേതിക വിദ്യകൾ ഗൂഗിൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം വിഡിയോകൾ കണ്ടെത്തി നീക്കം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇതിന്റെ പ്രവർത്തനം.







