കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ ഇന്നും കണ്ണീർ വറ്റിയിട്ടില്ല. യുഎസിൽ മലയാളി നഴ്സായ മെറിൻ ജോയി കൊല്ലപ്പെട്ടിട്ട് ഇന്ന് (ജൂലൈ 28) ആറു വർഷം തികയുകയാണ്. ഓർമകളിൽ തീരാനോവായി പടരുന്ന ആ ക്രൂരകൃത്യം മെറിന്റെ ഭർത്താവ് ഫിലിപ് മാത്യുവാണ് നടത്തിയതെന്നത് ഇന്നും മലയാളികളെ നടുക്കുന്ന സത്യമാണ്. ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയിൽ ഫിലിപ് മാത്യുവും (നെവിൻ) മെറിനും 2016ലാണ് വിവാഹിതയായത്.
∙ ‘നിന്നെയും മകളെയും കൊല്ലും; ഞാനും ചാവും’
വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് പോയി. എന്നാൽ ദാമ്പത്യജീവിതം സുഖകരമായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നാട്ടിലായിരുന്നപ്പോഴും ഇരുവരും പലപ്പോഴും വഴക്കിട്ടിരുന്നു. ഒരിക്കൽ മെറിനെയും കുഞ്ഞിനെയും നാട്ടിൽ വിട്ട് ഫിലിപ് ഒറ്റയ്ക്കാണ് അമേരിക്കയിലേക്ക് മടങ്ങിയത്. പിന്നീട് കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാക്കി മെറിനും അമേരിക്കയിലേക്ക് പോയി.
‘നിന്നെയും മകളെയും കൊല്ലും; ഞാനും ചാവും’ എന്നായിരുന്നു ഫിലിപ്പിന്റെ ഭീഷണിയെന്നാണ് സംഭവശേഷം മെറിന്റെ സഹപ്രവർത്തക മിനിമോൾ ചൊറിയമ്മാക്കൽ വെളിപ്പെടുത്തിയത്. 2019 ഡിസംബറിൽ നാട്ടിൽവെച്ച് ഫിലിപ് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും മെറിൻ പറഞ്ഞിരുന്നതായി മിനിമോൾ വ്യക്തമാക്കിയിരുന്നു.
∙ 17 തവണ കുത്തി; പിന്നാലെ കാർ കയറ്റിയിറക്കി
2020 ജൂലൈ 28ന് അമേരിക്കൻ സമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം വൈകീട്ട് 6 മണിക്ക്), ആശുപത്രിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു മെറിൻ. തന്നെ കാത്ത് ഫിലിപ് നിൽക്കുകയാണെന്ന് മെറിൻ അന്നേരം അറിഞ്ഞിരുന്നില്ല. കാർ പാർക്കിങ്ങിൽ പതിയിരുന്ന ഫിലിപ് മെറിനെ ആക്രമിക്കുകയായിരുന്നു. 17 തവണ കുത്തിയശേഷം, മെറിൻ നിലത്തുവീണപ്പോൾ കാർ ദേഹത്തിലൂടെ ഓടിച്ചുകയറ്റുകയും തിരിച്ചിറക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടക്കുമ്പോൾ ഇരുവരും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു.
∙ ജോലിയിലെ അവസാന ദിവസം
ഫിലിപ് ആക്രമിക്കുമെന്ന ഭയം മെറിനുണ്ടായിരുന്നു. അതിനാലാണ് കോറൽ സ്പ്രിങ്സിലെ ബ്രൊവാഡ് ഹെൽത്ത് ആശുപത്രിയിലെ ജോലി ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് മാറാൻ തീരുമാനിച്ചത്. എന്നാൽ ആ ആശുപത്രിയിലെ അവസാന ജോലിദിനം തന്നെയാണ് ഫിലിപ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. മിഷിഗനിലെ വിക്സനിൽ ജോലി ചെയ്തിരുന്ന ഫിലിപ്, ആക്രമണത്തിനായി കോറൽ സ്പ്രിങ്സിലെത്തി ഹോട്ടലിൽ മുറിയെടുത്ത് കാത്തിരിക്കുകയായിരുന്നു.
∙ ഓർമകളിലെ വിഡിയോ കോൾ
മെറിൻ കൊല്ലപ്പെടുമ്പോൾ മകൾ നോറയ്ക്ക് രണ്ട് വയസ്സായിരുന്നു. സംഭവത്തിന് മണിക്കൂറുകൾ മുൻപ് മെറിൻ വീട്ടിലേക്ക് വിഡിയോ കോൾ ചെയ്തിരുന്നു. അച്ഛൻ ജോയിയോടും അമ്മ മേഴ്സിയോടും സഹോദരി മീരയോടും സംസാരിച്ച മെറിൻ, മകൾ നോറയുടെ കുസൃതികളും കണ്ടു. മണിക്കൂറുകൾക്കകം ആ കുടുംബത്തെ തേടിയെത്തിയത് ക്രൂരകൊലപാതകത്തിന്റെ വാർത്തയായിരുന്നു.
പിറവം മരങ്ങാട്ടിൽ ജോയിയുടെയും മേഴ്സിയുടെയും മൂത്ത മകളായ മെറിൻ മയാമിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. പഠനത്തിൽ മിടുക്കിയായിരുന്നു.
∙ ഫിലിപ്പിനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ
കേസിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. ആശുപത്രിക്ക് പുറത്ത് ഏകദേശം 45 മിനിറ്റോളം മെറിനെ കാത്തുനിന്ന ഫിലിപ്പിന്റെ ദൃശ്യങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു. സംഭവത്തിന് സാക്ഷിയായ ഒരാളെ ഫിലിപ് ഭീഷണിപ്പെടുത്തിയെങ്കിലും, ഇയാൾ വാഹനത്തിന്റെ ചിത്രം പകർത്തി പൊലീസിന് കൈമാറി. ആക്രമണത്തിനുശേഷം ‘കുത്തിയത് ഭർത്താവാണ്’ എന്ന് മെറിൻ പറയുന്ന ദൃശ്യങ്ങളും അന്വേഷണത്തിന് നിർണായക തെളിവായി.
വിചാരണയ്ക്കിടെ ഫിലിപ്പിന്റെ അഭിഭാഷകൻ ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. കത്തിയും ചുറ്റികയും വാങ്ങിയാണ് ഫിലിപ് ആശുപത്രിയിലെത്തിയതെന്ന തെളിവ്, കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതിയെ ബോധ്യപ്പെടുത്തി. തുടർന്ന് ഫിലിപ്പിനെ മാനസിക പരിശോധനയ്ക്കും വിധേയനാക്കി.
∙ സംസ്കാരം
മെറിന്റെ സംസ്കാരം അമേരിക്കയിലെ റ്റാംപയിലെ കത്തോലിക്കാ ദേവാലയത്തിലായിരുന്നു. പിതാവ് ജോയിയുടെ മാതൃസഹോദരന്മാർ ഉൾപ്പെടെയുള്ള ബന്ധുക്കൾ റ്റാംപയിൽ ഉണ്ടായിരുന്നതിനാൽ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് അവരായിരുന്നു. 17 കുത്തേറ്റതിന്റെയും വാഹനം ദേഹത്തിലൂടെ കയറ്റിയിറക്കിയതിന്റെയും ആഘാതത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതോടെയാണ് റ്റാംപയിൽ തന്നെ അന്ത്യകർമങ്ങൾ നടത്തിയത്.








