തിരുവനന്തപുരം∙ ഡിവൈഎഫ്ഐ നേതാവ് പി. ബിജുവിന്റെ പേരിലുള്ള സ്മാരകമന്ദിരത്തിന്റെ നിര്‍മാണം വൈകിയതിനെക്കുറിച്ച് അന്വേഷിച്ചിരുന്നുവെന്ന് സുഹൃത്തും സിപിഎം നേതാവുമായ എ.എന്‍.ഷംസീര്‍. ആ ഘട്ടത്തില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള വിപുലമായ ദൗത്യത്തിലേക്കു സംഘടന കടന്നതുകൊണ്ടാണ് കാലതാമസം ഉണ്ടായതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ഷംസീർ പറഞ്ഞു.
സ്മാരകം നിര്‍മിക്കുമെന്നാണ് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പറഞ്ഞിരിക്കുന്നത്. പി.ബിജുവുമായി ഒന്നിച്ചാണ് എസ്എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും പ്രവര്‍ത്തിച്ചിരുന്നത്. സ്മാരകവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. സ്മാരകനിര്‍മാണത്തിനു തുടക്കമിട്ടതിനു പിന്നാലെ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണത്തിലേക്കു സംഘടനയ്ക്കു പോകേണ്ടിവന്നു. മറ്റു രീതിയില്‍ അതിനെ വ്യാഖ്യാനിക്കേണ്ടതില്ല. ഇപ്പോള്‍ ജില്ലാ സമ്മേളനത്തില്‍ സ്മാരക നിര്‍മാണം പുനരാരംഭിക്കുന്നതു സംബന്ധിച്ചു തീരുമാനമായെന്നാണ് അറിയുന്നതെന്നും ഷംസീര്‍ പറഞ്ഞു.
2020 നവംബര്‍ 4ന് കോവിഡ് ബാധിച്ച് അന്തരിച്ച ബിജുവിന്റെ സ്മരണാര്‍ഥം ‘റെഡ് കെയര്‍ സെന്റര്‍’ എന്ന പേരില്‍ സ്മാരകമന്ദിരം തിരുവനന്തപുരത്തു നിര്‍മിക്കാന്‍ സിപിഎമ്മും ഡിവൈഎഫ്ഐയും ഫണ്ട് സമാഹരിച്ചെങ്കിലും ആറു വര്‍ഷത്തിനിപ്പുറവും ഒരു തരത്തിലുള്ള പുരോഗതിയും ഉണ്ടാകാത്തതു വിവാദമായിരുന്നു. സ്മാരക ഫണ്ട് സമാഹരണത്തില്‍ ബ്ലോക്ക് കമ്മിറ്റികള്‍ക്കു വീഴ്ച സംഭവിച്ചതായി ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലും വിമര്‍ശനമുണ്ടായി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍, സിപിഎം. ജില്ലാ കമ്മിറ്റിയംഗം, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജുവിന്റെ ഓര്‍മയ്ക്കായി മെഡിക്കല്‍ കോളജിനു സമീപം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി റെഡ് കെയര്‍ സെന്റര്‍ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. 2021ല്‍, സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ട പി. ബിജു ഓര്‍മ മന്ദിരമായ ‘റെഡ് കെയറാ’ണ് ആറു വര്‍ഷത്തിനിപ്പുറവും യാഥാര്‍ഥ്യമാകാത്തത്. ലക്ഷങ്ങള്‍ സമാഹരിച്ചിട്ടും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനെതിരെ ബിജുവിന്റെ സൃഹൃത്തുക്കള്‍ക്ക് അമര്‍ഷമുണ്ട്.
‘യൗവ്വനത്തിന്റെ പുസ്തകം’ എന്നപേരില്‍ ഡിവൈഎഫ്ഐ പുറത്തിറക്കിയ പുസ്തകത്തിന്റെ വില്‍പനയിലൂടെയാണ് പി.ബിജു സ്മാരക നിര്‍മാണത്തിനുള്ള ഫണ്ട് സമാഹരണം തുടങ്ങിയത്. തുടര്‍ന്ന് പി.ബിജു ഫണ്ട് സമാഹരാണാര്‍ഥം കലണ്ടറും പുറത്തിറക്കി. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കായിരുന്നു ‘റെഡ് കെയറി’ന്റെ നിര്‍മാണ ചുമതല.






