താമരശേരിയിലെ ഫ്രഷ് കട്ട് മാലിന്യസംസ്കരണ പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ്

Spread the love

താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ ‘ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കർശന ഉത്തരവ്. കമ്പനിയുടെ എല്ലാവിധ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കാൻ ബോർഡ് ചെയർപേഴ്സൺ 2026 ആഗസ്റ്റ് 5ന് ഇറക്കിയ ക്ലോഷർ ഓർഡറിൽ നിർദേശിച്ചു.

 

താമരശേരി കരിമ്പാലക്കുന്ന് അമ്പായത്തോട്ടിലെ സിൽവർ സാൻഡ് ക്രഷറിന് സമീപം പ്രവർത്തിക്കുന്ന യൂണിറ്റിനെതിരെയാണ് നടപടി. ഇവിടെ നിന്നും സമീപത്തെ ജനവാസ മേഖലയിലേക്ക് വലിയ തോതിൽ മാലിന്യം ഒഴുകിയെത്തുന്നത് നാട്ടുകാരിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു. ഈ വിഷയത്തിൽ നിരവധി തവണ പൊതുജനങ്ങളിൽ നിന്നും ബോർഡിന് പരാതികൾ ലഭിച്ചിരുന്നു. മുൻപ് സമാനമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഈ സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും കമ്പനി മലിനീകരണം തുടരുകയായിരുന്നു.

 

മലിനീകരണ പ്രശ്നങ്ങൾക്ക് യാതൊരുവിധ പരിഹാരവും കാണാത്തതിനാലും, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തുടരുന്നതിനാലുമാണ് ഇപ്പോൾ കർശന നടപടിയിലേക്ക് ബോർഡ് കടന്നത്. 1974ലെ ജല മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 33A, 1981ലെ വായു മലിനീകരണ (തടയലും നിയന്ത്രണവും) നിയമത്തിലെ സെക്ഷൻ 31A എന്നീ വകുപ്പുകൾ പ്രകാരം ബോർഡിന് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ സ്ഥാപനം പൂർണമായും അടച്ചുപൂട്ടാൻ ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

 

കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറവുശാലാ മാലിന്യങ്ങളും കോഴി മാലിന്യങ്ങളും സംസ്കരിക്കുന്നതിനായി സ്ഥാപിച്ച പൗൾട്രി റെൻഡറിങ് പ്ലാന്റാണ് ഫ്രഷ് കട്ട് ഓർഗാനിക്സ്. എന്നാൽ അനുവദനീയമായതിലും പതിന്മടങ്ങ് മാലിന്യം ഇവിടെ സംസ്കരിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. 20 ടൺ മാത്രം ശേഷിയുള്ള പ്ലാന്റിൽ 200 ടണ്ണോളം മാലിന്യം ദിവസവും എത്തുന്നുണ്ടെന്നായിരുന്നു നാട്ടുകാരുടെ പ്രധാന പരാതി.

 

മാലിന്യ സംസ്കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും, സമീപത്തെ ഇരുതുള്ളി പുഴയിലുൾപ്പെടെയുണ്ടായ വലിയ തോതിലുള്ള ജല മലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു.

 

ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നു വരികയായിരുന്നു. മലിനീകരണ പ്രശ്നം രൂക്ഷമാവുകയും ജനകീയ പ്രതിഷേധം ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് പ്രദേശവാസികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഈ അന്തിമ നടപടി ഉണ്ടായിരിക്കുന്നത്.

  • Related Posts

    വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വകാര്യ ചിത്രങ്ങൾ ഫോണിൽ പകർത്തി; യുവാവ് പിടിയിൽ

    Spread the love

    Spread the loveകൊല്ലം ∙ രണ്ട് പോക്സോ കേസ് ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയായ യുവാവ് വീണ്ടും പോക്സോ കേസിൽ പിടിയിൽ. പള്ളിത്തോട്ടം ഗലീലിയോ നഗറിൽ ഫിജോയ് ആണ് പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി…

    യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

    Spread the love

    Spread the loveതൃശ്ശൂർ: സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്‌ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്ന ധന്യ ഹർഷിദിനെ തൃശ്ശൂർ സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.…

    Leave a Reply

    Your email address will not be published. Required fields are marked *