തിരുവനന്തപുരം∙ ശബരിമലയില്‍ നെയ്യ് ക്രമക്കേട് സംബന്ധിച്ചു ദേവസ്വം വിജിലന്‍സ് എസ്പി നടത്തിയ അന്വേഷണത്തില്‍ തെളിയുന്നതു ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട വലിയ ക്രമക്കേട്. 2024 ലെ മണ്ഡലകാലം പുരോഗമിക്കുമ്പോള്‍ത്തന്നെ അടുത്ത സീസണിലേക്കുള്ള നെയ്യ് വാങ്ങാന്‍ നടപടി തുടങ്ങുകയും ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തമിഴ്‌നാട്ടില്‍നിന്നുള്ള കുങ്കുമരാജ് ഡയറിയാണ് ലീറ്ററിന് 369 രൂപയ്ക്കു നെയ്യ് നല്‍കാന്‍ തയാറായി ടെന്‍ഡറില്‍ ഒന്നാമതെത്തിയത്. അഞ്ചാമതെത്തിയ റെയ്ഡ്‌കോ ലീറ്ററിന് 421 രൂപയാണ് അറിയിച്ചത്. പങ്കെടുത്ത മിക്ക കമ്പനികളുടെയും നെയ്യ് ഗുണനിലവാരപരിശോധനയില്‍ വിജയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനിടയില്‍ ഭരണസമിതി കാരണം വ്യക്തമാക്കാതെ ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍നിന്ന് ലീറ്റിന് 510 രൂപയ്ക്ക് നേരിട്ടു നെയ്യ് വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആയിരുന്ന മുരാരി ബാബുവാണ് 2024 ഡിസംബര്‍ 30 ന് ഇതു സംബന്ധിച്ചു ശുപാര്‍ശ നല്‍കിയത്. ദേവസ്വം കമ്മിഷണര്‍ ഈ തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍ മുരാരി ബാബുവിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗം എ. അജികുമാര്‍ എന്നിവരുടെ അറിവോടെ ടെൻഡര്‍ റദ്ദാക്കാന്‍ നിര്‍ദേശിക്കുകയും മില്‍മയില്‍നിന്ന് നെയ്യ് വാങ്ങാന്‍ അനുമതി നല്‍കുകയുമായിരുന്നു. സ്വന്തം കൈപ്പടയില്‍ തന്നെയാണ് പ്രശാന്ത് ഇക്കാര്യം ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അരവണ നിര്‍മാണത്തിനു മറ്റു കമ്പനികളുടെ 10 ലീറ്റര്‍ നെയ്യ് ഉപയോഗിക്കുന്ന സ്ഥാനത്ത് മില്‍മയുടേത് ആണെങ്കില്‍ 7.5 ലീറ്റര്‍ മതിയെന്നാണ് മുരാരി ബാബു ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ അതു തെളിയിക്കുന്ന തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മാണം നടത്തി നോക്കിയിട്ടില്ല. ടെന്‍ഡറില്‍ പങ്കെടുത്ത മറ്റു കമ്പനികള്‍ക്കു അയോഗ്യത എന്താണെന്നും അന്നത്തെ ദേവസ്വം ഭരണസമിതി വ്യക്തമാക്കിയിട്ടില്ല. മില്‍മ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നെങ്കില്‍ അവര്‍ക്കു വിലയില്‍ 10% വരെ ഇളവു നല്‍കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അവര്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നില്ല. ടെന്‍ഡര്‍ റദ്ദാക്കി മില്‍മയില്‍നിന്നു കൂടിയ വിലയ്ക്കു നെയ്യ് വാങ്ങിയതില്‍ ദേവസ്വം ബോര്‍ഡിനു രണ്ടു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ദേവസ്വം വിജിലന്‍സ് വ്യക്തമാക്കുന്നു.
അതിനൊപ്പം മില്‍മയില്‍നിന്നു വാങ്ങിയ 1.65 ലക്ഷം ലീറ്റര്‍ നെയ്യ് സന്നിധാനത്ത് അരവണ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ദേവസ്വം വിജിലന്‍സിനു സംശയമുണ്ട്. കഴിഞ്ഞ സീസണില്‍ ആടിയശിഷ്ടം നെയ്യുടെ വില്‍പന സംബന്ധിച്ചു വിവാദമുണ്ടായ സാഹചര്യത്തില്‍ സന്നിധാനത്ത് ആവശ്യത്തിലേറെ നെയ്യ് സ്‌റ്റോക്കുണ്ടായിരുന്നുവെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. ടാങ്കുകളില്‍ നിറയെ നെയ്യ് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏതാണ്ട് 75,000 ലീറ്റര്‍ ആടിയശിഷ്ടം നെയ്യ് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ദേവസ്വം വിജിലന്‍സിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മില്‍മയില്‍നിന്നുവാങ്ങിയ 1.65 ലക്ഷം ലീറ്റര്‍ നെയ്യില്‍ വലിയൊരുഭാഗം സന്നിധാനത്ത് എത്താതെ വഴിമധ്യേ തിരിമറിനടത്തിയെന്ന സംശയവും നിലവിലുണ്ട്. ദേവസ്വം വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രശാന്തിനെയും അജികുമാറിനെയും പ്രതിചേര്‍ത്ത് വിജിലന്‍സ് സംഘം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.






