കണ്ണൂർ∙ പൊയ്ത്തുംകടവിൽ ജീവനൊടുക്കിയ ഫാത്തിമത്തുൽ റിസ (20) കൂട്ടുകാരിക്ക് അയച്ച സന്ദേശം പുറത്ത്. ഭർത്താവ് ദുബായിൽ ജോലി ചെയ്യുന്ന മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിനെതിരെ പൊലീസ് കേസെടുത്തു. റിസ ജീവനൊടുക്കിയതിനു പിന്നിൽ ഭർത്താവിന്റെ ലഹരി ഉപയോഗവും പീഡനവുമാണെന്നു ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം 28ന് രാത്രിയിലാണ് റിസ മരിച്ചത്. ജനുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. മരണ വിവരം അറിഞ്ഞ് ആസിഫ് നാട്ടിലെത്തിയെങ്കിലും പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. ആസിഫിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി.
റിസ കൂട്ടുകാരിക്ക് അയച്ച സന്ദേശം
‘എനിക്ക് നിൽക്കാൻ കഴിയുന്നില്ല. ശ്വാസം കിട്ടുന്നില്ല. അവൻ എന്തു ചെയ്താലും എനിക്കാണ് കുറ്റം. ചീത്തവിളി കേട്ട് ഇങ്ങനെ നിൽക്കാൻ കഴിയില്ല. എല്ലാം നീ വീട്ടുകാരോട് പറയണം. അവൻ അങ്ങനെ സുഖിക്കണ്ട. അലമാരയിലെ പേപ്പർ ഉപ്പയ്ക്ക് കൊടുക്കണം. അതിൽ എല്ലാമുണ്ട്. ഞാൻ മരിച്ചാൽ അവന് സന്തോഷമായിരിക്കും. പക്ഷേ എന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും സങ്കടമായിരിക്കും. അവൻ ഇഷ്ടമുള്ളവരോടൊപ്പം ജീവിക്കട്ടെ. ഞാൻ അത്രയും സ്‌നേഹിച്ചിട്ടും എന്നെ കുറ്റമല്ലാതെ വേറൊന്നും പറയുന്നില്ല. അവന് വേറെ പെണ്ണുണ്ട്. ഞാനുള്ളപ്പോൾ തന്നെ അവൻ ലഹരി ഉപയോഗിക്കുന്നുണ്ട്. അത് ചോദിച്ചാൽ പ്രശ്‌നമാകും. മരിക്കാൻ പേടിയാണ്. പക്ഷേ, ചെയ്യാണ്ടിരുന്നിട്ട് ഒരു കാര്യവുമില്ല’.





