തൊടുപുഴ: ബിഹാറില്‍ അധ്യാപകനായി ജോലി ചെയ്യവെ നാട്ടിലെത്തി കഞ്ചാവ് വില്‍പ്പന നടത്തിവന്ന പ്രധാന കണ്ണിയും, ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനും മകനുമടക്കം ആറുപേര്‍ എക്‌സൈസിന്റെ പിടിയിലായി.
ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയില്‍ റോബിന്‍ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബിഹാറില്‍ അധ്യാപകനായ ഇയാള്‍ രണ്ടുമാസത്തെ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. അവിടെനിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇയാളില്‍ നിന്നും കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തന്‍പറമ്പില്‍ ബിജു, മകന്‍ അലന്‍ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണ് എക്‌സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ബിഹാറില്‍ നിന്നും കഞ്ചാവ് എത്തിച്ചു നല്‍കിയ റോബിന്‍ റെജിയെക്കുറിച്ച് വിവര ലഭിക്കുന്നത്.
തുടര്‍ന്ന് രാജാക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ തിരച്ചിലില്‍ ആറു ഗ്രാം കഞ്ചാവുമായി കൈത്തുങ്കല്‍ ഷാന്‍, കണ്ടത്തില്‍ ഷെബിന്‍, കയ്യാനിക്കല്‍ സഞ്ജീവ് എന്നിവരും പിടിയിലായി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം എക്‌സൈസ് അന്വേഷിച്ചു വരികയാണ്.





