അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിനാണ് വെടിയേറ്റത്. പ്രതിയുടെ വെടിയേറ്റ് ഒരു പോലീസ് കോൺസ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്. യുപിയിലെ ഹർദോയ് സ്വദേശിയായ ധരം സിങ് എന്ന പ്രതിയെയാണ് പൊലീസ് വെടിവച്ച് വീഴ്ത്തിയത്.
ഇരയായ യുവതിയുടെ പക്കൽ നിന്നും പ്രതി കവർന്ന മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായി ഹെബത്പൂർ മേഖലയിൽ മഹസർ തയാറാക്കുന്നതിനിടെയായിരുന്നു സംഭവം. ഇവിടെവച്ച് ഇൻസ്പെക്ടറുടെ സർവീസ് പിസ്റ്റൾ തട്ടിയെടുക്കാൻ പ്രതി ശ്രമിക്കുകയും പൊലീസുകാരുമായി കയ്യാങ്കളി ഉണ്ടാവുകയും ചെയ്തു. കയ്യാങ്കളിക്കിടയിൽ തോക്കിൽ നിന്നും വെടിപൊട്ടുകയും വീരേന്ദ്ര സിങ് എന്ന പൊലീസ് കോൺസ്റ്റബിളിനു വെടിയേൽക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ കീഴടക്കാൻ പൊലീസ് ശ്രമിച്ചപ്പോഴാണ് അടുത്ത റൗണ്ട് വെടിപൊട്ടുകയും പ്രതിയുടെ കാലിൽ വെടിയേൽക്കുകയും ചെയ്തതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ശിവം വർമ പറഞ്ഞു.
പരുക്കേറ്റ പ്രതിയെയും കോൺസ്റ്റബിളിനെയും സോളയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും അടിയന്തര ചികിത്സ നൽകിയതായും നില ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ നരഹത്യാ ശ്രമത്തിനു ബോഡക്ദേവ് പൊലീസ് പുതിയ കേസെടുത്തിട്ടുണ്ട്.
അഹമ്മദാബാദിലെ ആനന്ദ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പാർപ്പിട സമുച്ചയത്തിന്റെ ടെറസിൽ വച്ചാണ് സെക്യൂരിറ്റി യുവതിയെ പീഡിപ്പിച്ചത്. ശനിയാഴ്ച രാത്രി ടെറസിൽ നടക്കാനിറങ്ങിയ യുവതിയെ പ്രതി കഴുത്തുഞെരിച്ച് ബോധംകെടുത്താൻ ശ്രമിച്ച ശേഷമാണ് ലൈംഗികമായി അതിക്രമിച്ചത്. തുടർന്ന് ഇവരെ ടെറസിൽ പൂട്ടിയിട്ട ശേഷം പ്രതി മൊബൈൽ ഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവം നടക്കുന്നതിനു നാല് ദിവസം മുൻപാണ് ഇയാൾ ഇവിടെ സെക്യൂരിറ്റിയായി ജോലിയ്ക്കെത്തിയത്. കുറ്റകൃത്യത്തിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ചേർന്നുള്ള പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഞായറാഴ്ച രാവിലെ 8 മണിയോടെ ഹെബത്പൂരിനു സമീപം വച്ച് ഇയാളെ അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയും ഡിഎൻഎ സാംപിൾ ശേഖരണവും പൂർത്തിയാക്കിയ ശേഷം നടന്ന തെളിവെടുപ്പിനിടെയാണ് വെടിവയ്പ്പുണ്ടായത്.








