സെറിബ്രൽ പാൾസി എന്ന ശാരീരിക പരിമിതി മൂലം സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു ചെറുപ്പക്കാരൻ, തന്റെ മനക്കരുത്തും തുല്യതാ പ്രസ്ഥാനങ്ങളുടെ പിന്തുണയും കൊണ്ട് ബിരുദവും ലൈബ്രറി സയൻസ് ബിരുദവും നേടുന്നു. അത്ഭുതപ്പെടുത്തുന്ന നാല് കവിതാ സമാഹാരങ്ങളും ഷോർട്ട് ഫിലിമുകളും സമ്മാനിക്കുന്നു. വടകര സ്വദേശിയായ അഖിൽരാജിന്റെയും അവനെ ചേർത്തുപിടിച്ച മനുഷ്യരുടെയും ഹൃദയസ്പർശിയായ ജീവിതാനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കിട്ടിരിക്കുകയാണ് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ജി സാജൻ.
ജി സാജൻറെ കുറിപ്പ് വായിക്കാം:
നക്ഷത്രങ്ങളെ തേടി അഖിലിന്റെ ജീവിത യാത്ര
വത്സലയെ കാണുമ്പോൾ അഖിൽരാജിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ
കോഴിക്കോട് കണ്ണൂർ യാത്രയിലാണ് വടകരയിലുള്ള അഖിൽരാജിന്റെ വീട്ടിൽ ഞങ്ങൾ പോയത്
ജനിച്ചപ്പോൾ തന്നെ സെറിബ്രൽ പാൾസി ബാധിച്ചിരുന്നതിനാൽ സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ അഖിലിന് കഴിഞ്ഞില്ല.
അപ്പോഴാണ് സാക്ഷരത മിഷനിലെ വത്സലയും ഷൈജയും സുഹൃത്തുക്കളും അഖിലിനെ കാണുന്നത്. ഇപ്പോൾ പയ്യോളി നഗരസഭയിൽ അംഗമായ ഷൈജ പിന്നീട് അവന്റെ കൂടെ പൂർണ സമയവും ഉണ്ടായിരുന്നു. പഠനത്തിൽ സഹായിക്കാൻ അഖിലിന്റെ അമ്മയും ഒപ്പം നിന്നു.
“അഖിലിനെ പറ്റി ഞാനറിയുന്നത് ഒരു കൂട്ടുകാരി വഴിയാണ്.” ഷൈജ പറയുന്നു. “ തുല്യതാ പരീക്ഷ എഴുതാൻ വേണ്ടിയാണ് അവർ ആ കുട്ടിയെ എനിക്ക് പരിചയപ്പെടുത്തിത്തന്നത്. ഞങ്ങൾ അവനെ പോയി കണ്ടു സംസാരിച്ചു. അപ്പോഴാണ് അറിയുന്നത് അഖിൽ ഇതുവരെ ഒരു പരീക്ഷ പോലും എഴുതിയിട്ടില്ല എന്ന്. പക്ഷേ വായിക്കാനും എഴുതാനും അഖിലിന് നന്നായി അറിയാമായിരുന്നു. അവന്റെ ആന്റി എല്ലാ ക്ലാസിലെയും പുസ്തകങ്ങൾ എത്തിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുത്തിരുന്നു. കുറച്ചുകാലം ബി ആർ സി യിലെ മിനി ടീച്ചറും അവനെ സഹായിച്ചു. അവരാണ് അഖിലിന്റെ കവിത എഴുതാനുള്ള കഴിവ് ആദ്യം കണ്ടുപിടിച്ചത്.”
പിന്നീട് ഷൈജയും സാക്ഷരത മിഷൻ ജില്ലാ ചുമതലയുള്ള വത്സലയും മറ്റ് സാക്ഷരതാ മിഷൻ സുഹൃത്തുക്കളും അഖിലിനെ സാക്ഷരതാ മിഷന്റെ തുല്യത ക്ലാസിലേക്ക് ചേർത്തു. പിന്നീടുള്ള അഞ്ചുവർഷക്കാലം അവൻ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷകൾ എഴുതുകയും നല്ല മാർക്കോട് കൂടി ഹയർ സെക്കൻഡറി പാസാവുകയും ചെയ്തു. ഈ പഠന കാലമാണ് അഖിലിനെ പുറംലോകത്തേക്ക് കൂടുതൽ അടുപ്പിച്ചത്. ധാരാളം പുതിയ സുഹൃത്തുക്കളെ അവന് കിട്ടി. അവരും സാക്ഷരതാ പ്രവർത്തകരും അവനെ ചേർത്തുപിടിക്കുകയും അവനോടൊപ്പം യാത്ര ചെയ്യുകയും ചെയ്തു.
“അങ്ങനെയാണ് ഇനി ഡിഗ്രി ചെയ്താലെന്താ എന്നൊരു തോന്നൽ അഖിലിന് ഉണ്ടാവുന്നത്. പലരും അവനെ നിരുത്സാഹപ്പെടുത്തി. പക്ഷേ ഞാനും എന്റെ സഹപ്രവർത്തകനായ ഷാജിമാഷും കൂടി അടുത്തുള്ള കോളേജിൽ കൊണ്ടുപോയി അവിടെ പ്രിൻസിപ്പലുമായി സംസാരിച്ചു. അവിടെ അവനെ ചേർത്തു. അത് അഖിലിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ് ആയിരുന്നു. വിലമതിക്കാനാവാത്ത സൗഹൃദങ്ങളും സ്നേഹവും അവന് അവിടെ നിന്ന് കിട്ടി. അഖിൽ പടിപടിയായി വളർന്നുവന്നു.”
കോഴിക്കോട് സർവകലാശാലയുടെ കീഴിൽ വടകര ശ്രീസാഗർ കോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം നേടി.
“ഇന്ന് അഖിലിന്റെ വളർച്ചയിൽ ഏറ്റവും സന്തോഷിക്കുന്ന ഒരാൾ എന്ന നിലയിൽ ജീവിക്കാനുള്ള ഒരു വരുമാനമാർഗ്ഗം ഇല്ലാത്തതാണ് അവന്റെ ഏറ്റവും വലിയ പ്രശ്നം എന്ന് ഞാൻ മനസ്സിലാക്കുന്നു.” ഷൈജ പറയുന്നു. “അതുമായി ബന്ധപ്പെട്ട് അവൻ പലപ്പോഴും എന്നെ വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ അവന് പറ്റിയ ഒരു ജോലി കാണിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അങ്ങനെയാണ് അവൻ ലൈബ്രറി കോഴ്സിന് ചേർന്ന് പഠിച്ചത്. ഇപ്പോൾ ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ നിന്ന് അഖിൽ ലൈബ്രറി സയൻസിൽ ബിരുദം നേടി. ഒരു ലൈബ്രേറിയൻ ആയി അവന് ജോലി ചെയ്യാൻ പറ്റും എന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു. ഏതായാലും അത് കഴിയട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുന്നു. വീടിന്റെ നാല് ചുവരുകളിൽ നിന്ന് അവനെ പുറത്തേക്ക് കൊണ്ടുവരാനുള്ള ഒരു ഇടപെടൽ സാക്ഷരതാ മിഷനിലൂടെ ഞങ്ങൾക്ക് കഴിഞ്ഞു പിന്നീടുള്ള അവന്റെ ഓരോ വളർച്ചയിലും ഞങ്ങൾ കൂടെ നിന്നിട്ടുണ്ട്. ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് അഖിൽ എത്തിപ്പെടും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല”
ഇതിനിടയിൽ അഖിൽ നാല് കവിതാ സമാഹാരങ്ങൾ പുറത്തിറക്കി
നക്ഷത്രങ്ങളെ തേടി, മഴ നനഞ്ഞ്, മനസ്സ് ഹിരോഷിമയാകുമ്പോൾ, ഇത്തിരി നേരം എന്നിങ്ങനെ നാല് സമാഹാരങ്ങൾ
അയാം എന്ന ഷോർട്ട് ഫിലിമിന്റെ തിരക്കഥ എഴുതി (സിനിമയുടെ ലിങ്ക് താഴെയുണ്ട്)
അറിയാതെ എന്നൊരു ഷോർട്ട് ഫിലിമിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചു. അതിന്റെ ട്രെയിലറും താഴെയുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള സാഹിത്യ പുരസ്‌കാരം, ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ മികച്ച ക്യാമ്പ് അംഗത്തിനുള്ള പുരസ്‌കാരം, പിന്റോറസ് അവാർഡ്, ജെ സി എ പുരസ്‌കാരം, 2025 ലെ ഇൻവോൾവ് അവാർഡ് എന്നിവ ലഭിച്ചു.
ഇതിനെല്ലാം തുടക്കമിട്ട സാക്ഷരതാ മിഷൻ സുഹൃത്തുക്കളെ കാണുമ്പൊൾ അഖിലിനുണ്ടാവുന്ന സന്തോഷം ഊഹിക്കാവുന്നതല്ലേയുള്ളു
വത്സല എന്നെ പരിചയപ്പെടുത്തിയത് ലളിതാംബിക അന്തർജനത്തിന്റെ ചെറുമകൻ എന്ന നിലക്കാണ്
ആ പേര് കേട്ടപ്പോൾ അഖിലിന്റെ സന്തോഷം ഒന്ന് കാണണം
‘ഞാൻ അഗ്നിസാക്ഷി നോവൽ വായിച്ചിട്ടുണ്ട്, സിനിമയും കണ്ടിട്ടുണ്ട്
എന്തൊരു ഗംഭീര നോവലും സിനിമയുമാണ്. ശോഭനയും ശ്രീവിദ്യയുമാണ് അഭിനയിക്കുന്നത്’
അഖിൽ നോവലും സിനിമയും പൂർണമായും ഓർത്തിരിക്കുന്നു
ശാരീരികമായ പരിമിതി തന്നെ തളർത്താൻ അഖിൽ സമ്മതിക്കില്ല
അതിന് പ്രധാന സഹായം കൂട്ടുകാർ തന്നെ
അവർ അവനെയും കൂട്ടി സ്കൂട്ടറിൽ എല്ലായിടത്തും പോകും
“ആയിടക്കാണ് സഖാവ് വിഎസ് അച്യുതാനന്ദൻ വടകര വരുന്നു എന്നറിഞ്ഞ് അഖിൽ എന്നെ വിളിക്കുന്നത്. എനിക്ക് വി എസ്സിനെ നേരിട്ട് കാണണം ടീച്ചറെ എന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി.” ഷൈജ പറയുന്നു.
“ഇല്ക്ഷനുമായി ബന്ധപ്പെട്ട് വടകരയിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനാണ് വിഎസ് എത്തുന്നത്. അതിനിടയിൽ അവനെ കൂട്ടിക്കൊണ്ട് കാണിക്കാൻ പറ്റുമോ എന്ന് ഒരു ആശങ്കയുണ്ടായിരുന്നു. എങ്കിലും അഖിലിന്റെ ആഗ്രഹം മാനിച്ച് ഞാൻ അവിടെയുള്ള നേതാക്കളുമായി ബന്ധപ്പെട്ടു. അവർ ഓക്കെ പറഞ്ഞു. അങ്ങനെ ഞാൻ അഖിലിനെയും കൂട്ടി വടകര കോട്ടപ്പറമ്പിൽ എത്തി. അവിടെ വലിയൊരു ജനാവലി ആയിരുന്നു. ഇതിനിടയിലൂടെ അഖിലിന്റെ കൈയും വെച്ച് ഞാൻ സ്റ്റേജിന് അടുത്തേക്ക് നടന്നു. പക്ഷേ അവിടെ എത്തിയപ്പോൾ പിന്നെ അഖിലിനെ എല്ലാവരും കൂടി എടുത്തു സ്റ്റേജിലേക്ക് വെക്കുകയായിരുന്നു. വിഎസിനെ കണ്ടപ്പോൾ അഖിലിന്റെ ഒരു സ്നേഹം എന്നെപ്പോലും അതിശയിപ്പിച്ചു. അഖിൽ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരു രാഷ്ട്രീയ നേതാവായിരുന്നു വിഎസ്. അദ്ദേഹം അവനെ കെട്ടിപ്പിടിച്ചു, സംസാരിച്ചു. അവന്റെ പുസ്തകം വാങ്ങിച്ചു. പിന്നീട് വിഎസ് അഖിലിന് ഒരു കത്ത് അയച്ചു. പുസ്തകം വായിച്ചതിനു ശേഷം ഉള്ള ഒരു കുറിപ്പ് ആയിരുന്നു.”
“അക്ഷരങ്ങളെയും ആശയങ്ങളേയും സ്നേഹിക്കുന്ന അഖിൽരാജിന് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്താനാവണം. പൊരുതി മുന്നേറുന്നതാണ് പോരാളിയുടെ കൈമുതൽ. ആ ഉൾക്കരുത്ത് അഖിൽരാജിനുമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. ആ തീക്കനൽ കെടാതെ സൂക്ഷിക്കുക.” വി എസ് എഴുതി.
ആ കത്ത് അഖിൽ ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്നു.
വി എസ്സിനെക്കുറിച്ചുള്ള കവിതയിൽ അഖിൽ എഴുതി:
‘എഴുതിയിട്ടും തീരാത്ത വരികളായി
എന്റെ
ഹൃദയത്തിലിന്നുമൂർജമായി
കൂടിയിരിക്കുകയാണിന്നും
വി എസ്സെന്ന രണ്ടക്ഷരം.’
സത്യൻ അന്തിക്കാടിന്റെ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സത്യൻ അന്തിക്കാട് വീട്ടിലെത്തി അഖിലിനെ കണ്ടു. അദ്ദേഹത്തിന് താൻ എഴുതിയ ഒരു തിരക്കഥ അഖിൽ നൽകുകയും ചെയ്തു.
തന്റെ പ്രതിസന്ധികളെ മറികടക്കാനാണ് കവിത എഴുതുന്നത് എന്ന് അഖിൽ പറയുന്നു.
പെയ്യാതെ പോകുന്ന വേനൽ മഴയോടും നീറുന്ന മണ്ണിന്റെ വേദന വിളിച്ചുപറയലാണ് കവിയുടെ ധർമ്മം എന്ന് അഖിൽ എഴുതുന്നു.
‘കവിക്ക് വഴി പിഴച്ചുപോയാലും
വരികൾ നേരിനോട് മാത്രം ചേരുന്നു.’
വടകരയിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് അഖിൽ താമസിക്കുന്നത്. അമ്മയ്ക്കും അച്ഛനുമൊപ്പം. ആ വഴി പോകുന്നവർ അഖിലിനെ ഒന്ന് കണ്ടോളു.
അഖിൽരാജ്
ഹരീഷ് വില്ല, പാർക്ക് റോഡ്
പുതിയ ബസ് സ്റ്റാൻഡിന് സമീപം
വടകര, കോഴിക്കോട്.
ഫോൺ: 7994350481
കവിതകളിലൂടെയും സൗഹൃദങ്ങളിലൂടെയും സാമൂഹിക മാറ്റങ്ങളെ കുറിച്ചുള്ള ചിന്തകളിലൂടെയും അഖിലിന്റെ ജീവിതം മുന്നോട്ട് പോകുന്നു
ജീവിതത്തിന്റെ ചെറിയ പ്രതിസന്ധികൾ പോലും നേരിടാൻ കഴിയാതെ അമ്പരന്നു നിൽക്കുന്ന നമ്മളെ പുതിയ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട്…






