കൊച്ചി: ഓണാഘോഷത്തിന് പാട്ടൊക്കെ വച്ച് അടിച്ചു പൊളിച്ചാല്‍ ഒരുപക്ഷേ നിങ്ങള്‍ നിയമക്കുരുക്കില്‍ പെട്ടേക്കാം. പകര്‍പ്പവകാശമുള്ള പാട്ടുകള്‍ പൊതുവിടത്തില്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണമാണ്, കൂട്ടം ചേര്‍ന്നുള്ള ആഘോഷത്തിലെ സംഗീതത്തിന് വിലങ്ങുതടിയാവുന്നത്. മ്യൂസിക് കമ്പനികള്‍ പകര്‍പ്പവകാശ ലൈസന്‍സ് ലൈസന്‍സ് കൈകാര്യം ചെയ്യാന്‍ നിയോഗിച്ച ഏജന്‍സി ഇക്കാര്യത്തില്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
1957-ലെ പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ആഘോഷ പരിപാടികളില്‍ പകര്‍പ്പവകാശമുള്ള സംഗീതം പൊതുവായി കേള്‍പ്പിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബന്ധപ്പെട്ട പകര്‍പ്പവകാശ ഉടമകളില്‍ നിന്നോ അംഗീകൃത പ്രതിനിധികളില്‍ നിന്നോ മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിപാടികളുടെ സംഘാടകര്‍ക്കോ വേദി നല്‍കുന്നവര്‍ക്കോ അറിയിപ്പു നല്‍കുന്നുണ്ടെന്ന്, മുബൈ ആസ്ഥാനമായ ഏജന്‍സിയായ നൊവാക്‌സ് കമ്യൂണിക്കേഷന്‍സിന്റെ കേരളത്തിലെ പ്രതിനിധി എം ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സാരേഗമ, യഷ് രാജ് ഫിലിംസ്, ടിപ്‌സ് മ്യൂസിക്, സീ മ്യൂസിക്, ഷെമാരൂ, വെല്‍വെറ്റ് വൈബ്‌സ്, ഹാപ്പി മ്യൂസിക്, റെഡ് റിബണ്‍ തുടങ്ങിയ മ്യൂസിക് ലേബലുകളും, ദലേര്‍ മെഹന്ദി, ഗുര്‍ദാസ് മാന്‍, കുമാര്‍ സാനു, മികാ സിങ് തുടങ്ങിയ കലാകാരന്മാരും സംഗീത സൃഷ്ടികളുടെ പബ്ലിക് പെര്‍ഫോമന്‍സ് അവകാശങ്ങള്‍ കൈകാര്യം ചെയ്യാനും ആവശ്യമായ അനുമതിപത്രങ്ങള്‍ നല്‍കാനും നൊവെക്‌സ് കമ്മ്യൂണിക്കേഷന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഓണാഘോഷങ്ങളില്‍ ഇവരുടെ റെക്കോര്‍ഡ് ചെയ്ത പാട്ടുകള്‍ വെയ്ക്കുകയോ, ഡിജെ പരിപാടികള്‍ നടത്തുകയോ, പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലൈവ് പെര്‍ഫോമന്‍സുകളോ നൃത്തങ്ങളോ ഉണ്ടെങ്കില്‍ നിശ്ചിത ലൈസന്‍സ് ഫീസ് അടച്ച് നൊവെക്‌സില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ കൈപ്പറ്റണമെന്ന് അറിയിപ്പില്‍ പറയുന്നു.
പകര്‍പ്പവകാശമുള്ള സംഗീതം അനുമതിയില്ലാതെ പൊതുപരിപാടിയില്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഉപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ തുടര്‍ നടപടികളിലേക്കു കടക്കും. ആഘോഷവേളകളില്‍ ഇത്തരം മുന്നറിയിപ്പുകള്‍ നേരത്തേയും നല്‍കിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.






