തിരുവനന്തപുരം∙രാജ്യത്തിന്റെ എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ മുഖ്യമന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. പുത്തന്‍കുരിശ് എഎസ്പി ഡോ.അപര്‍ണയാണ് പരേഡ് നയിച്ചത്. മതേതരത്വവും ജനാധിപത്യവും തുല്യതയുമാണ് കേരളത്തിന്റെ കരുത്തെന്നും അതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു.
കുട്ടികളും ചെറുപ്പക്കാരും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട്, തൊഴില്‍ നഷ്ടം തുടങ്ങിയ പ്രശ്‌നങ്ങളുടെ നടുവിലാണ്. ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കപ്പെടുന്ന ആശങ്കാജനകമായ സാഹചര്യമാണുള്ളത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് എല്ലാവരെയും ചേര്‍ത്തുപിടിച്ചു മുന്നോട്ടുപോകണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും തുരുത്തുകള്‍ സൃഷ്ടിക്കുന്നതല്ല ജനാധിപത്യമെന്നും തുറന്ന മനസും സഹിഷ്ണതയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം പ്രതിരോധിക്കാന്‍ ശാസ്ത്രീയ സംവിധാനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരം അര്‍പ്പിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തി.
∙ വന്ദേമാതരം പാടി, പാടിയില്ല
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പലയിടത്തും വന്ദേമാതരം പാടിയില്ല. എന്നാൽ ചിലയിടങ്ങളിൽ ഭാഗികമായി വന്ദേമാതരം ആലപിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ വന്ദേമാതരം ആലപിച്ചില്ല. പകരം ദേശീഗാനമാണ് ആലപിച്ചത്. എന്നാൽ തിരുവനന്തപുരം കോർപറേഷനിൽ അതായിരുന്നില്ല സ്ഥിതി. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ മേയർ വി.വി.രാജേഷ് ദേശീയ പതാക ഉയർത്തിയതിന് ശേഷം വന്ദേമാതരവും ആലപിച്ചു. ബിജെപി കൗൺസിലർമാർ അത് ഏറ്റുപാടുകയും ചെയ്തു.
കോഴിക്കോട് കോർപറേഷനിൽ വന്ദേമാതരവും ദേശീയഗാനവും ഒരുമിച്ചാണ് പാടിയത്. മേയർ ഒ.സദാശിവനും ഡെപ്യൂട്ടി മേയറും ദേശീയ ഗാനം ആലപിക്കാൻ തുടങ്ങിയപ്പോൾ ബിജെപി അംഗങ്ങൾ വന്ദേമാതരം ആലപിച്ചു. ഇതോടെ ദേശീയഗാനവും വന്ദേമാതരവും ഒരുമിച്ചാണ് ആലപിച്ചത്. ദേശീയ ഗാനം ആലപിച്ചു കഴിഞ്ഞിട്ടും ബിജെപി കൗൺസിലർമാരുടെ വന്ദേമാതരം തുടർന്നു. അവർ ദേശീയ ഗാനം ആലപിച്ചില്ല. ഇതോടെ വന്ദേമാതരം പൂർത്തിയാവുന്നതിനു മുൻപേ മേയറും സംഘവും വേദി വിട്ടു.






