ന്യൂഡൽഹി ∙ ബന്ധുവായ 17 കാരിയ കൊലപ്പെടുത്തി സ്യൂട്ട്കേയ്‌സിലാക്കി ഉപേക്ഷിച്ച യുവാവ് പിടിയിൽ. വടക്കൻ ഡൽഹിയിലെ ബുരാരിയിലാണ് സംഭവം. ഡൽഹിയിൽ കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശിയാണ് പ്രതി. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ വലിയ സ്യൂട്ട്കേയ്‌സുമായി പോകുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണത്തിന് ഇറങ്ങിയത്. യുവാവിനെ കണ്ടെത്തി ചോദ്യം ചെയ്തപ്പോൾ കൊലക്കുറ്റം സമ്മതിച്ചു. തുടർന്ന് ഡൽഹിയിലെ ബുരാരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നുമാണ് സ്യൂട്ട്കേയ്‌സ് ലഭിച്ചത്. പൊലീസിന് പ്രതിയാണ് ഈ സ്ഥലം കാട്ടിക്കൊടുത്തത്.
പൊലീസിന് നൽകിയ മൊഴിയിൽ കുടുംബത്തിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ബന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചു. അതേസമയം പെൺകുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നെന്നും ഇതിനെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്യൂട്ട്കേസിൽ നിന്നും ലഭിച്ച മൃതദേഹം പൊലീസ് പോസ്റ്റ്‌മോർട്ടത്തിനു അയച്ചിട്ടുണ്ട്.







