100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം കടന്നു; ലോകത്തെ ഞെട്ടിച്ച് ജപ്പാന്റെ ദീർഘായുസ് റെക്കോർഡ്

Spread the love

ലോകത്ത് ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ പുതിയ റെക്കോർഡ്. രാജ്യത്ത് 100 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ആദ്യമായി ഒരു ലക്ഷം കടന്നിരിക്കുന്നു. ജപ്പാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ നൂറ് വയസ്സ് കഴിഞ്ഞ 1,07,677 ആളുകളാണ് ജപ്പാനിലുള്ളത്. നൂറ് കടന്നവർ ലോകത്തിൽ ഏറ്റവും കൂടുതലുളളതും ജപ്പാനിൽ തന്നെ. കഴിഞ്ഞ വർഷത്തേക്കാൾ 7,914 പേരുടെ വർധനവാണിത്.

 

ജപ്പാനിൽ 100 വയസ്സ് പിന്നിട്ടവരുടെ എണ്ണം തുടർച്ചയായി ഉയരുന്നത് ഇതാദ്യമായല്ല. 1963-ൽ സർക്കാർ ഈ കണക്ക് ശേഖരിക്കാൻ തുടങ്ങിയപ്പോൾ രാജ്യത്ത് 100 വയസ്സ് പിന്നിട്ടവർ 153 പേർ മാത്രമായിരുന്നു. 1998-ൽ ഈ എണ്ണം 10,000 കടന്നു. ഇപ്പോൾ 107,677 ആയി ഉയർന്നിരിക്കുകയാണ്. അതായത്, 1963 മുതൽ കണക്കുകൾ ലഭ്യമായ കാലയളവിൽ 56 വർഷം തുടർച്ചയായി സെഞ്ചുറിയന്മാരുടെ എണ്ണം വർധിച്ചു.

 

ഇതിൽ ശ്രദ്ധേയമായ കാര്യം, 100 വയസ്സ് തികഞ്ഞവരിൽ 88 ശതമാനവും സ്ത്രീകളാണ്. ജപ്പാനിലെ സ്ത്രീകളുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 87 വയസ്സും പുരുഷന്മാരുടേത് 81 വയസ്സുമാണ്. ക്യോട്ടോയിൽ നിന്നുള്ള 114 വയസ്സുള്ള ഫുയോ കിഷിമോട്ടോ ആണ് ഏറ്റവും പ്രായം കൂടിയ സ്ത്രീ. കുമാമോട്ടോയിൽ നിന്നുള്ള 112 വയസ്സുള്ള ഹികാരു കാറ്റോ ആണ് ഏറ്റവും പ്രായം കൂടിയ പുരുഷൻ.

 

ജപ്പാനിൽ ആളുകളുടെ ദീർഘായുസ്സിന് പിന്നിലെ രഹസ്യം

ജപ്പാനിലെ ഉയർന്ന ആയുർദൈർഘ്യത്തിന് ഒരൊറ്റ കാരണമുണ്ടെന്ന് പറയാനാകില്ല. മെഡിക്കൽ രംഗത്തെ പുരോഗതി, പൊതുജനാരോഗ്യ സംവിധാനത്തിലെ മുന്നേറ്റം, ഭക്ഷണരീതി, ശാരീരികമായി സജീവമായ ജീവിതശൈലി തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിന് പിന്നിലുണ്ടെന്നാണ് വിദഗ്ധരും ജാപ്പനീസ് ആരോഗ്യ അധികൃതരും ചൂണ്ടിക്കാട്ടുന്നത്.

 

ജാപ്പനീസ് ഭക്ഷണരീതിയിൽ മത്സ്യം, പച്ചക്കറികൾ, അരി, വിവിധ പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവയ്ക്ക് വലിയ സ്ഥാനമുണ്ട്. ഗ്രീൻ ടീയും ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ഇവയെ മാത്രം ജപ്പാനിലെ ദീർഘായുസിന്റെ ‘രഹസ്യം’ എന്ന് ശാസ്ത്രീയമായി ഉറപ്പിച്ച് പറയാനാകില്ല. ഭക്ഷണം, വ്യായാമം, ആരോഗ്യപരിചരണം, സാമൂഹിക സാഹചര്യങ്ങൾ, ജനിതക ഘടകങ്ങൾ തുടങ്ങിയവയെല്ലാം ഒരുമിച്ച് പരിഗണിക്കേണ്ടതാണ്.

 

രാജ്യത്തെ ജനനനിരക്ക് അതിവേഗം കുറയുന്നത് വലിയ സാമൂഹിക വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ ജപ്പാനിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം പേരും 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്. യുവാക്കളുടെ എണ്ണം കുറയുന്നത് സാമ്പത്തിക പ്രതിസന്ധിക്കും വഴിയൊരുക്കുമെന്നത് മറ്റൊരു യാഥാർഥ്യം.

 

ജോലി ചെയ്യാൻ കഴിയുന്ന പ്രായത്തിലുള്ള ജനസംഖ്യ കുറയുകയും പെൻഷൻ, ആരോഗ്യപരിചരണം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിലെ സർക്കാർ ചെലവ് ഉയരുകയും ചെയ്യുന്നു. പ്രായമായവരുടെ എണ്ണം കൂടുമ്പോൾ അവരെ പരിചരിക്കാൻ ആവശ്യമായ തൊഴിലാളികളുടെ ലഭ്യതയും പ്രധാന വിഷയമാകുന്നു. രാജ്യത്തെ ജനസംഖ്യ ഈ വർഷം 120 ദശലക്ഷത്തിന് താഴെയെത്തിയതായി റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ ജനനനിരക്കും പ്രായമായ ജനസംഖ്യയുടെ വർധനവും ചേർന്ന് ജപ്പാന്റെ ജനസംഖ്യാ ഘടനയിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്.

 

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കുഞ്ഞുങ്ങൾക്കുള്ള ഡയപ്പറുകളേക്കാൾ കൂടുതൽ മുതിർന്നവർക്കുള്ള ഡയപ്പറുകളാണ് അവിടെ വിറ്റഴിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യകരമായ തലമുറയുടെ വികാസത്തിനായി ഓരോ സ്ത്രീയും 2 കുട്ടികൾക്കെങ്കിലും ജന്മം കൊടുക്കേണ്ടതുണ്ട് എന്നതാണ് പൊതുമാനദണ്ഡം. എന്നാൽ ജപ്പാനിലെ പ്രത്യുത്പാദന നിരക്ക് 1.14 ആണ്. നിരക്കിലെ റെക്കോർഡ് താഴ്ചയാണ് ഇപ്പോൾ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

 

ഒരു വശത്ത് കൂടുതൽ പേർ ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കുന്നുവെന്ന നേട്ടം, മറുവശത്ത് പുതിയ തലമുറയുടെ എണ്ണം കുറയുന്ന സാഹചര്യം. അതുകൊണ്ടു തന്നെ ജപ്പാനിൽ 100 വയസ്സ് പിന്നിട്ട 107,677 ആളുകളുടെ റെക്കോർഡ് ദീർഘായുസിന്റെ കഥ മാത്രമല്ല, ഒരു രാജ്യത്തിന്റെ മാറുന്ന ജനസംഖ്യാ ഘടനയുടെ ചിത്രം കൂടിയാണ്.

  • Related Posts

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    ഈ സോപ്പുപയോഗിച്ച് കൈകഴുകിയാൽ വരും ഗുരുതര രോഗങ്ങൾ; അമേരിക്കയിൽ വിവിധ ബ്രാൻഡഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു, മുന്നറിയിപ്പ്

    Spread the love

    Spread the loveവാഷിങ്ടൻ∙ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.   സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ എന്നീ…

    Leave a Reply

    Your email address will not be published. Required fields are marked *