ആയൂർ (കൊല്ലം) ∙ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം ചോദ്യം ചെയ്തതിനു രക്ഷിതാക്കളുമായി പിണങ്ങി പതിനേഴുകാരി മുറിക്കുള്ളിലെ ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലിൽ 7 മിനിറ്റോളം സിപിആർ നൽകി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു. ചടയമംഗലം എസ്ഐ എഫ്.ആർ. മനോജിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
കഴിഞ്ഞ ദിവസം പുലർച്ചെ 4.15 ന് ആയിരുന്നു സംഭവം. പെൺകുട്ടി പുലർച്ചെ മൊബൈൽ ഫോൺ ഉപയോഗിച്ചത് മാതാവ് വിലക്കിയിരുന്നു. ഇതിൽ പ്രകോപിതയായ പെൺകുട്ടി കത്തിയുമായി വീട്ടുകാരെ ഭീഷണിപ്പെടുത്തി. സഹായത്തിനായി വീട്ടുകാർ പൊലീസിനെ വിളിച്ചു. ഈ സമയം എസ്ഐ എഫ്.ആർ.മനോജും ഹോംഗാർഡ് ജ്യോതിയും ഇവരുടെ വീട്ടിലെത്തി.
കിടപ്പുമുറിയിൽ വാതിൽ അടച്ച നിലയിലായിരുന്നു പെൺകുട്ടി. പെൺകുട്ടിയോട് സംസാരിച്ചു വാതിൽ തുറപ്പിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മുറിയിൽ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ജനാലയുടെ ചില്ല് പൊട്ടിച്ചു പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്നതായി കണ്ടത്. ഉടൻ വാതിൽ ചവിട്ടി പൊളിച്ചു മുറിക്കുള്ളിൽ കയറി. ഷാൾ അറുത്തു കുട്ടിയെ താഴെ ഇറക്കിയെങ്കിലും അനക്കമില്ലാത്ത നിലയിലായിരുന്നു. തുടർന്നു സിപിആർ നൽകിയ ശേഷം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.






