കോട്ടയം∙ അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുമെന്നു വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ യുവാക്കൾക്ക് 5 വർഷം കഠിനതടവ്. പെരുമ്പായിക്കാട് ഒറ്റപ്ലാക്കൽ ശ്രീദേവ് മോഹൻ (24), അയ്‌മനം ശ്രീനവമി നിതിൻ പ്രകാശ് (27) എന്നിവരെയാണു ശിക്ഷിച്ചത്. ജില്ലാ സെഷൻസ് കോടതി (5) ജഡ്ജി ഹരി ആർ.ചന്ദ്രനാണു ശിക്ഷ വിധിച്ചത്.
2024 ഓഗസ്റ്റ് 23 നു നഗരത്തിലെ ഒരു ബാങ്കിന്റെ മുന്നിലായിരുന്നു സംഭവം. ബാങ്കിനു മുന്നിൽ പാർക്ക് ചെയ്ത, കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ കാറിനടുത്തേക്കു പെട്രോൾ നിറച്ച കുപ്പിയുമായി പ്രതികളെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നായിരുന്നു കേസ്. പ്രോസിക്യൂഷനുവേണ്ടി സജി എസ്.നായർ, സിറിൽ തോമസ് പാറപ്പുറം, ധനുഷ് ബാബു എന്നിവർ ഹാജരായി.






