ഒരിക്കൽ പുറത്തിറങ്ങാതെ പോയ സിനിമയ്ക്കായി ഒരുക്കിയ ഗാനം വർഷങ്ങൾക്കിപ്പുറം മറ്റൊരു ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്കെത്തുമ്പോൾ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’ എന്ന ഗാനമാണ് പുതിയ തലമുറയ്ക്കിടയിലും ശ്രദ്ധ നേടുന്നത്.
ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനം കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേർന്നാണ് ആലപിച്ചത്. സിനിമ റിലീസ് ചെയ്യാതെ പോയതോടെ കാലങ്ങളായി വലിയൊരു വിഭാഗം പ്രേക്ഷകർക്ക് കേൾക്കാൻ കഴിയാതെ പോയ ഗാനമായിരുന്നു ഇത്.
വർഷങ്ങൾക്കിപ്പുറം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പുതിയ ചിത്രത്തിലെ രംഗത്തിലൂടെയാണ് ഗാനം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ രംഗത്തിലാണ് ഗാനം ഉപയോഗിച്ചിരിക്കുന്നത്.
പാട്ട് വീണ്ടും ശ്രദ്ധ നേടിയതോടെ യൂട്യൂബിലും ഗാനത്തിനായുള്ള തിരച്ചിൽ വർധിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഗാനത്തെ പുതിയ തലമുറ ഏറ്റെടുക്കുന്നതിന്റെ സന്തോഷം ഔസേപ്പച്ചൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചു.
‘ഹൃദയത്തിൽ നിന്നും കുഴിച്ചു മൂടപ്പെട്ട പാട്ടിനു ഇങ്ങനെ ഒരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടായതിൽ അതീവ സന്തോഷം’ എന്നാണ് ഔസേപ്പച്ചൻ കുറിച്ചത്.
പുതിയ ചിത്രത്തിലെ ഗാനത്തിന്റെ സാന്നിധ്യം പഴയൊരു സംഗീത ഓർമയ്ക്ക് വീണ്ടും ജീവൻ നൽകുമ്പോൾ, റിലീസ് ചെയ്യപ്പെടാതെ പോയ ഒരു ഗാനത്തിന്റെ രണ്ടാം വരവായി മാറുകയാണ് ‘യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ’.
കാലം മറന്നുപോയെന്ന് കരുതിയ പാട്ട് ഒരു പുതിയ സിനിമയിലൂടെ വീണ്ടും മലയാളികളുടെ മനസ്സിലേക്ക്.








