അറുപത്തിയേഴുകാരനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും കൊലപാതകദൃശ്യം വിഡിയോ കോളിലൂടെ കണ്ട് ഉറപ്പുവരുത്തുകയും ചെയ്ത പതിമൂന്നുകാരി സംസ്കാരസമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികളുടെ പൊതുബോധത്തിന് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ‘ഇത്ര ചെറുപ്രായത്തിൽ ഇത്രയും ഹീനമായ കുറ്റകൃത്യത്തിലേർപ്പെടണമെങ്കിൽ എന്തൊരു കുറ്റവാസനയുള്ള മനസ്സായിരിക്കണം ആ കുട്ടിയുടേത്’ എന്ന് ആലോചിച്ച് നെടുവീർപ്പിടുന്ന മലയാളികൾ മറന്നുപോകുന്ന ചില കാര്യങ്ങളുണ്ട്. ഒരാളും കുറ്റവാളികളായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് അവരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. കുട്ടിക്കുറ്റവാളികൾ സൃഷ്ടിക്കപ്പെടുന്നതിൽ സമൂഹത്തിനും വ്യവസ്ഥിതിക്കും ഒരുപോലെ പങ്കുണ്ട്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള വനിതാ ശിശു വികസന വകുപ്പ് പോലെ ജാഗരൂകരായി പ്രവർത്തിക്കേണ്ട സംവിധാനങ്ങളുടെ പരാജയമാണ് ഇത്തരം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
കരുവാറ്റയിലെ പെൺകുട്ടിയുടെ ബാല്യകാലം തന്നെ സംഘർഷഭരിതമായിരുന്നുവെന്ന് ആ കൊലപാതകത്തിനു ശേഷം പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാതാപിതാക്കളുടെ അകൽച, സുരക്ഷിതത്വം നൽകാതെ പോയ ബാല്യം ഇവയെല്ലാം ആ പെൺകുട്ടിയുടെ മനസ്സിൽ ആഴത്തിൽ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സർക്കാർ തലത്തിൽ സ്ഥാപിതമായിരിക്കുന്ന സംവിധാനങ്ങളുടെ മുൻപിൽ പല തവണ ഈ പെൺകുട്ടി വന്നിട്ടുണ്ട്. പക്ഷേ, ആ പെൺകുട്ടി അർഹിച്ച തലത്തിൽ ഇടപെടൽ നടത്താൻ ആ സംവിധാനങ്ങൾ പരാജയപ്പെട്ടതു കൂടിയാണ് ഹീനമായ കുറ്റകൃത്യത്തിന് വഴി വച്ചത്. ഒരു സംഭവം ഉണ്ടാകുമ്പോഴല്ല ഈ സംവിധാനങ്ങൾ ഇടപെടേണ്ടത്. അതുണ്ടാകാനുള്ള സാഹചര്യങ്ങളെ കണ്ടെത്തി ഇടപെടുമ്പോഴാണ് ഈ സംവിധാനങ്ങൾ അവയുടെ ലക്ഷ്യപ്രാപ്തിയിലെത്തുന്നത്. അതെങ്ങനെ സാധ്യമാക്കാമെന്ന് വിശദമായി പരിശോധിക്കാം.
കേരളത്തിലെ ഒരു സുപ്രധാനമായ ഒരു വകുപ്പാണ് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള വനിതാ ശിശു വികസന വകുപ്പ്. ഒരു ഐഎഎസ് ഒരു ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാണ് അതു പ്രവർത്തിക്കുന്നത്. ഓരോ ജില്ലയിലും ഇതുമായി ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥർ ഉണ്ട്. സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടികൾ തിരിച്ചറിഞ്ഞ് അവ വിശകലനം ചെയ്ത് എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്നു തീരുമാനിക്കാനുള്ള വളരെ സുപ്രധാനമായ ഒരു വകുപ്പാണിത്. മോശം സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളെ കണ്ടെത്തുക എന്നതാണ് ശ്രമകരമായ ജോലി. മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനേക്കാൾ ശ്രമകരമാണ് ‘ടോക്സിക്’ ആയ സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളെ കണ്ടെത്തുക എന്നത്. ഇത്തരം കുട്ടികൾ മിക്കവാറും അദൃശ്യരായിരിക്കും, നിശബ്ദരായിരിക്കും. ഇവരെ കണ്ടെത്തുന്നതിന് നിലവിലെ സംവിധാനങ്ങളിൽ തന്നെ സാധ്യതകളുണ്ട്. അംഗനവാടി അധ്യാപകർ മുതൽ ആശാ വർക്കർമാരെയുള്ള ശക്തമായ ശൃംഖല നമുക്കുണ്ട്. എന്നാൽ, സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെ ജീവിക്കേണ്ടി വരുന്ന കുരുന്നുകളെ കണ്ടെത്താനുള്ള പ്രായോഗിക പരിശീലനവും പ്രാവീണ്യവും താഴേതട്ടിൽ പ്രവർത്തിക്കുന്ന ആരോഗ്യ–കുടുംബക്ഷേമ പ്രവർത്തകർക്ക് നൽകാത്തത് ഒരു പരിമിതിയാണ്.
ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യവും തുല്യമായ പരിഗണന അർഹിക്കുന്ന വിഷയമാണ്. കെട്ടുറപ്പില്ലാത്ത കുടുംബം ഒരു വ്യക്തിയുടെ സ്വകാര്യ പ്രശ്നമല്ല, പ്രത്യേകിച്ചും അത്തരമൊരു കുടുംബത്തിൽ ഒരു കുഞ്ഞുണ്ടെങ്കിൽ. ഇപ്പോഴത്തെ സാമൂഹിക സമവാക്യമനുസരിച്ച് കുടുംബപ്രശ്നം എന്നത് തീർത്തും വ്യക്തിപരമായി മാത്രം കൈകാര്യം ചെയ്യുന്ന വിഷയമാണ്. അതിൽ ആ കുടുംബത്തിലെ അല്ലാത്ത ‘മൂന്നാമതൊരാൾ’ ഇടപെടുന്നത് പലപ്പോഴും ചോദ്യം ചെയ്യപ്പെടും. എന്നാൽ വിദേശരാജ്യങ്ങൾ പിന്തുടരുന്ന രീതി അൽപം വ്യത്യസ്തമാണ്. അവിടങ്ങളിൽ കുട്ടികൾ എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവർ അവരുടെ കുടുംബങ്ങളിൽ സുരക്ഷിതർ അല്ലെങ്കിൽ കൃത്യമായും ഭരണകൂടം ഇടപെടും. ‘എന്റെ കുട്ടിയാണ്, ഞാൻ എന്തും ചെയ്യും, നിങ്ങൾ ആരാണ് ചോദിക്കാൻ,’ എന്ന ചോദ്യങ്ങൾ അവിടെ അപ്രസക്തമാണ്.
പ്രശ്നഭരിതമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളെ സ്കൂളുകളിൽ നിരീക്ഷിക്കാനും അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും പരിചയസമ്പത്തുള്ള സൈക്കോളജിസ്റ്റുകളെ സർക്കാർ തന്നെ ഉറപ്പാക്കുന്നുണ്ട്. എന്നാൽ, അത്തരമൊരു സമീപനം ഇനിയും കേരളത്തിൽ സജീവമായിട്ടില്ല. ഇത്തരം അവസ്ഥകളിൽ ജീവിക്കേണ്ടി വരുന്ന കുട്ടികളെ കണ്ടെത്തുക എന്നതാണ് ആദ്യ വെല്ലുവിളി. കുറ്റകൃത്യങ്ങളിലൂടെയല്ല അവർ സമൂഹത്തിന്റെ മുൻപിൽ വരേണ്ടത്. അതിനു മുൻപെ അവരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയും മാനസിക പിന്തുണയും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സാഹചര്യവും ലഭ്യമാക്കി, ആത്മവിശ്വാസമുള്ളവരാക്കി അവരെ വളർത്തേണ്ടതുണ്ട്. ഇത് ഏറെ സങ്കീർണവും പ്രയാസമേറിയതുമായ പ്രക്രിയയാണ്. എന്നാൽ തീർത്തും അസാധ്യവുമല്ല. വലിയ ചെലവുള്ള കാര്യങ്ങളൊന്നുമല്ല ഇത്. നിലവിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചാൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.
രസകരമായ ഒരു സംഭവം കൂടി പറയാം. കോട്ടയത്തിന് അടുത്തുള്ള ഒരു കോളജിലാണ് സംഭവം. ആ കോളജിലെ ഭൂരിഭാഗം കുട്ടികളും പഠനത്തിലും മറ്റു പാഠ്യേതര വിഷയങ്ങളിലും താഴ്ന്ന നിലവാരത്തിലുള്ളവരായിരുന്നു. അധ്യാപകരോടു പോലും മോശമായി പെരുമാറുന്ന, ഒരു കാര്യത്തിലും ഉത്തരവാദിത്തം ഇല്ലാത്ത, ‘ഇവരൊന്നും ഒരു കാലത്തും രക്ഷപ്പെടില്ല’ എന്ന് സമൂഹം വിധിയെഴുതിയ വിദ്യാർഥികൾ. കാര്യങ്ങൾ കയ്യിൽ നിന്നു പോകുന്ന ഘട്ടമായപ്പോൾ ആ കോളജിലെ പ്രിൻസിപ്പൽ ഒരു നടപടി സ്വീകരിച്ചു. കോളജിലെ വിദ്യാർഥികളെ 15 പേരടങ്ങുന്ന സംഘങ്ങളാക്കി തിരിച്ചു. ഓരോ സംഘത്തിനും ‘വാർഡൻ’ എന്ന നിലയിൽ ഒരു അധ്യാപകനെ/ അധ്യാപികയെ ഏർപ്പാടാക്കി. മാസത്തിൽ ഒരു തവണയെങ്കിലും ചുമതലയുള്ള അധ്യാപകൻ ഈ വിദ്യാർഥികളുടെ വീട്ടിൽ പോയി അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കണം, മാതാപിതാക്കളോടു സംസാരിക്കണം! അതനുസരിച്ച് ഒരു റിപ്പോർട്ട് പ്രിൻസിപ്പലിന് സമർപ്പിക്കണം. വിദ്യാർഥികളെ അടുത്തറിയാനും അവരുടെ ജീവിതസാഹചര്യങ്ങളെ മനസ്സിലാക്കാനും അതിലൂടെ അധ്യാപകർക്കു കഴിഞ്ഞു.






