തിരുവനന്തപുരം ∙ പതിവ് തെറ്റിക്കാതെ മുൻ വർഷങ്ങളിലെ റെക്കോർഡ് തകർത്ത് ഓണക്കാല മദ്യവിൽപന. ഉത്രാടം വരെയുള്ള 8 ദിവസങ്ങളിൽ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റുകളിലൂടെ മാത്രം വിറ്റത് 771 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 77 കോടി രൂപയുടെ വർധന. ഉത്രാടദിനത്തിൽ മാത്രം 126.31 കോടി രൂപയുടെ വിൽപന നടന്നു. കഴിഞ്ഞ കൊല്ലം ഇത് 137 കോടി ആയിരുന്നു. തിരുവോണ ദിനത്തിൽ ഔട്‌ലെറ്റുകൾ പ്രവർത്തിച്ചില്ല. കൺസ്യൂമർ ഫെഡ് ഉത്രാട ദിനത്തിൽ 20.35 കോടി രൂപയുടെ മദ്യം വിറ്റു.
ഓണം കൊയ്ത് സർക്കാർ വിപണി
ഓണക്കാലത്ത് പാൽ–പാലുൽപന്ന വിൽപനയിൽ മിൽമയ്ക്ക് നേട്ടം. ഓണസദ്യയ്ക്കുള്ള പച്ചക്കറിക്കായി കൃഷി വകുപ്പിന്റെ കർഷകച്ചന്തകളിൽ തിരക്കിന്റെ പൂരം. ഓണക്കോടി വിൽപനയിൽ ഹാൻടെക്സിന് നേട്ടമുണ്ടായപ്പോൾ ഖാദി വസ്ത്രങ്ങളുടെ വിൽപനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ്.
മിൽമ പാൽ വിൽപന; 5.61% വളർച്ച
ഓണത്തിന് മുന്നോടിയായുള്ള 5 ദിവസം മാത്രം 1,45,76,846.63 ലീറ്റർ പാലാണ് മിൽമ വിറ്റത്. കഴിഞ്ഞ വർഷത്തെക്കാൾ 5.61% വർധന. ഈമാസം 20 മുതൽ ഉത്രാടം വരെയുള്ള കണക്കാണിത്. തൈരിന്റെ വിൽപനയും കുതിച്ചു. 18,09,331.50 കിലോഗ്രാം തൈരാണ് വിറ്റത്; 9.68 ശതമാനമാണ് വളർച്ച. പാലിനും തൈരിനുമൊപ്പം നെയ്യ്, പായസം ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾക്കും ഓണക്കാലത്ത് ആവശ്യക്കാരേറി.
തിരുവനന്തപുരം മേഖല യൂണിയനിൽ പാൽ വിൽപനയിൽ 5.86 ശതമാനവും തൈരിൽ 7.94 ശതമാനവും വർധന രേഖപ്പെടുത്തി. ഈ മാസം 1 മുതൽ 25 വരെ 297.85 ടൺ നെയ്യും വിറ്റു. എറണാകുളം മേഖല യൂണിയനിൽ പാൽ വിൽപന 4.62 ശതമാനവും, തൈരിന്റേത് 16.44 ശതമാനവും ഉയർന്നു. ഇവിടെ 172.58 ടൺ നെയ്യാണ് ഓണക്കാലത്ത് വിറ്റത്. മലബാർ മേഖല യൂണിയനിൽ പാലിന്റെ വിൽപന 6.03 ശതമാനവും തൈരിന്റെ വിൽപന 8.7 ശതമാനവും വർധിച്ചു. 358.35 ടൺ നെയ്യും വിറ്റു.
ഖാദിക്ക് ‘മങ്ങൽ’
ഖാദി വസ്ത്രങ്ങൾക്കും ആവശ്യക്കാർ ഉണ്ടായിരുന്നെങ്കിലും മൊത്തം വിൽപനയിൽ ഇടിവ്. 15 കോടിയിലേറെ രൂപയുടെ വിൽപനയാണ് ഇത്തവണ നടന്നതെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് അറിയിച്ചു. കഴിഞ്ഞ വർഷം 23 കോടിയായിരുന്നു വിൽപന.
കഴിഞ്ഞ മാസം 23 മുതൽ ഈ മാസം 25 വരെ നടന്ന ഓണം ഖാദിമേളയിൽ 30% റിബേറ്റ് പ്രഖ്യാപിച്ചിരുന്നു. ഖദർ, മസ്‍ലിൻ, സിൽക്ക് തുണിത്തരങ്ങൾക്കായിരുന്നു കൂടുതൽ ആവശ്യക്കാർ. സർക്കാർ, അർധസർക്കാർ, ബാങ്ക് ജീവനക്കാർക്കായി ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് സാധനങ്ങൾ എത്തിക്കുന്നതിലുണ്ടായ കാലതാമസവും ബോർഡിന്റെ നിലവിലെ സാഹചര്യവും വിൽപന കുറയാൻ കാരണമായെന്നാണു വിലയിരുത്തൽ.
ഓണക്കോടി; ഹാൻടെക്സിന് 8 കോടി
ഓണക്കോടി വാങ്ങാൻ നെയ്ത്തു വസ്ത്രശാലകളിലേക്ക് ഉപയോക്താക്കൾ ഒഴുകിയെത്തിയതോടെ ഹാൻടെക്സിനും നേട്ടം. ഈ മാസം 4 മുതൽ 25 വരെ നടന്ന ഓണക്കാല വിൽപനയിൽ 8 കോടി രൂപയുടെ വിറ്റുവരവാണു നേടിയത്. കഴിഞ്ഞ വർഷം ഇത് 7 കോടിയായിരുന്നു. കസവുസാരി, സെറ്റുമുണ്ട്, മുണ്ട്, ഷർട്ട് എന്നിവയ്ക്കായിരുന്നു കൂടുതൽ ആവശ്യക്കാർ. പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം പുതുതലമുറയെ ആകർഷിക്കുന്ന ഡിസൈനുകളിലും വിൽപന വർധിച്ചതാണ് ഇത്തവണത്തെ പ്രത്യേകത.
ഹോർട്ടികോർപ്പിലും തിരക്ക്
ഓണസദ്യയ്ക്കുള്ള പച്ചക്കറി വാങ്ങാൻ ഹോർട്ടികോർപ് വിപണന കേന്ദ്രങ്ങളിലും വൻ തിരക്കായിരുന്നു. വിലക്കുറവിൽ ഗുണമേന്മയുള്ള പച്ചക്കറി ലഭ്യമാക്കാനുള്ള വിപണനകേന്ദ്രങ്ങൾ ഉപയോക്താക്കൾ വ്യാപകമായി പ്രയോജനപ്പെടുത്തി. ഓണവിപണിയിൽ സർക്കാർ സ്ഥാപനങ്ങളുടെ ഇടപെടലിനും ഇത്തവണ മികച്ച പ്രതികരണമാണ് ലഭിച്ചത്.
സപ്ലൈകോയിൽ ഓണം വിൽപന 433.81 കോടി രൂപ
ഓണക്കാലത്ത് സപ്ലൈകോയുടെ വിറ്റുവരവ് 433.81 കോടി രൂപ. ജൂലൈ 22 മുതൽ ഉത്രാടദിനം വരെയുള്ള 35 ദിവസങ്ങൾക്കിടെ 53.86 ലക്ഷം പേർ സാധനങ്ങൾ വാങ്ങി. കഴിഞ്ഞ ഓണത്തിന് ഇതേ കാലയളവിലെ വിറ്റുവരവ് 385 കോടിയായിരുന്നു. ആകെ വിറ്റുവരവിൽ 155.39 കോടി സബ്സിഡി ഇനത്തിലാണ്.
സബ്സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തെക്കാൾ 35% വില കുറച്ചാണ് ഇത്തവണ നൽകിയത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിലെ മെഗാ ഫെയറുകളടക്കം ജില്ലാ ട്രേഡ് ഫെയറുകളിൽ നിന്നുള്ള വിറ്റുവരവ് ഇത്തവണ 5.33. കോടി രൂപയാണ്. കഴിഞ്ഞവർഷം 4.82 കോടി രൂപ ആയിരുന്നു.






