ദുബായ്∙ വേനലവധി കഴിഞ്ഞ് നാട്ടിൽ നിന്ന് യുഎഇയിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശ്വാസവാർത്ത. സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കിൽ 49 മുതൽ 64 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഈ മാസം അവസാന വാരത്തിലെ ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ 13ന് ശേഷമുള്ള യാത്രകളിൽ നല്ലൊരു തുക ലാഭിക്കാൻ സാധിക്കും.
വേനലവധി കഴിഞ്ഞ് സെപ്റ്റംബർ ആദ്യം മുതൽ സ്വകാര്യ വിദ്യാലയങ്ങൾ തുറക്കാനിരിക്കെ നാട്ടിൽ നിന്ന് മടങ്ങുന്ന പ്രവാസികൾ കൂടിയ ടിക്കറ്റ് നിരക്ക് മൂലം കടുത്ത പ്രതിസന്ധിയിലാണ്. ഈ പശ്ചാത്തലത്തിൽ സെപ്റ്റംബർ പകുതിയോടെ നിരക്കിലുണ്ടാകുന്ന ഈ കനത്ത ഇളവ് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. ഈ മാസം 30ന് ശരാശരി 2,089 ദിർഹമായിരുന്ന (ഏകദേശം 54,310 രൂപ) ഒരു വശത്തേക്കുള്ള നിരക്ക് സെപ്റ്റംബർ 13ന് 894 ദിർഹമായി (ഏകദേശം 23,000ത്തിലേറെ രൂപ) കുത്തനെ താഴുമെന്നാണ് വിലയിരുത്തൽ.
∙ കേരളത്തിൽ നിന്നുള്ള നിരക്കുകൾ: 1,200 ദിർഹത്തിലേറെ ലാഭിക്കാം
കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള നിരക്കിലും സെപ്റ്റംബർ പകുതിയോടെ വലിയ കുറവ് വരും.
∙ കൊച്ചി
ഈ മാസം 30ന് കൊച്ചിയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാനത്തിന് 2,272 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ സെപ്റ്റംബർ 6ന് ഇത് 1,387 ദിർഹമായും സെപ്റ്റംബർ 13ന് 1,057 ദിർഹമായും താഴേക്ക് പതിക്കും. 53 ശതമാനത്തിലേറെ ഇളവാണ് ഇവിടെ ലഭിക്കുന്നത്.
∙ കോഴിക്കോട്
ഈ മാസം 30ന് 2,285 ദിർഹമായിരുന്ന ടിക്കറ്റ് നിരക്ക് സെപ്റ്റംബർ 6ന് 1,608 ദിർഹമായും 13നകം 1,070 ദിർഹമായും കുറയും. ഇതനുസരിച്ച് കൊച്ചിയിൽ നിന്നോ കോഴിക്കോട്ട് നിന്നോ സെപ്റ്റംബർ പകുതിയോടെ യാത്ര ചെയ്യുന്ന ഒരാൾക്ക് 1,200 ദിർഹത്തിലേറെ ലാഭിക്കാൻ സാധിക്കും.
മറ്റ് പ്രധാന ഇന്ത്യൻ നഗരങ്ങളിൽ ബെംഗളൂരുവിൽ നിന്നാണ് ഏറ്റവും വലിയ നിരക്കുവ്യത്യാസം (64% കുറവ്). ഈ മാസം 30ന് 2,513 ദിർഹമായിരുന്ന ബെംഗളൂരു ടിക്കറ്റ് സെപ്റ്റംബർ 13ന് 914 ദിർഹമായി കുറഞ്ഞു. ഡൽഹി നിരക്ക് 2,227 ദിർഹത്തിൽ നിന്ന് 825 ദിർഹമായും ഹൈദരാബാദ് നിരക്ക് 1,777 ദിർഹത്തിൽ നിന്ന് (സെപ്റ്റംബർ 6ന് 1,162, സെപ്റ്റംബർ 13ന് 758 ദിർഹം) ആയും മുംബൈ നിരക്ക് 1,460 ദിർഹത്തിൽ നിന്ന് (സെപ്റ്റംബർ 6ന് 1,057, സെപ്റ്റംബർ 13ന് 739 ദിർഹം) ആയും കുറഞ്ഞു.
∙ ഉയർന്ന നിരക്ക്; പ്രവാസി കുടുംബങ്ങൾക്ക് കടുത്ത മാനസിക സംഘർഷം
കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്ക് കാരണം സാധാരണക്കാരായ കുടുംബങ്ങളാണ് ഏറ്റവും വലിയ പ്രതിസന്ധിയും മാനസിക സംഘർഷവും അനുഭവിക്കുന്നത്. കുട്ടികളുടെ സ്കൂൾ തുറക്കലും ജോലിയിൽ പ്രവേശിക്കേണ്ട തീയതിയും അടുത്തെത്തിനിൽക്കെ, കുടുംബത്തോടൊപ്പം മടങ്ങിയെത്താൻ ലക്ഷങ്ങൾ ചെലവാക്കേണ്ടിവരുന്നത് സാധാരണ പ്രവാസികളുടെ സാമ്പത്തിക ആസൂത്രണത്തെ ആകെ താളംതെറ്റിച്ചു.
ഇതോടെ നേരിട്ടുള്ള വിമാനങ്ങളെ ഉപേക്ഷിച്ച് കുറഞ്ഞ നിരക്ക് തേടി മുംബൈ, മസ്കത്ത് വഴി വളഞ്ഞ വഴിയിലൂടെ യുഎഇയിലെത്താൻ ഒട്ടേറെ പേർ നിർബന്ധിതരാവുകയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർ ഈ മാസം പകുതി മുതൽ എത്തിത്തുടങ്ങിയിട്ടുണ്ടെങ്കിലും അല്ലാത്തവർ നിരക്ക് കുറയുന്നതും കാത്ത് നാട്ടിൽ തന്നെ തുടരുകയാണ്. ഇത്തരം യാത്രാ പ്രതിസന്ധികൾ കാരണം മിക്ക സ്കൂളുകളിലും കുട്ടികളുടെ ഹാജർ നില സാധാരണ നിലയിലാകാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വൈകും. എങ്കിലും ടിക്കറ്റ് നിരക്കിലെ കുറവ് പ്രതീക്ഷിച്ച് യാത്ര അല്പം വൈകിപ്പിക്കുന്നത് രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.
∙ താത്കാലിക ആശ്വാസം; നിരക്കുകൾ വീണ്ടും ഉയർന്നേക്കാം
സ്കൂളുകൾ തുറക്കുന്നതിനും ജോലികളിൽ പ്രവേശിക്കുന്നതിനുമായി പ്രവാസികൾ മടങ്ങിയെത്തുന്നതിനാൽ സെപ്റ്റംബർ 10 വരെ നിരക്കിലെ ഈ ഉയർന്ന തിരക്ക് തുടരുമെന്ന് ട്രാവൽ ഏജൻസികൾ പറയുന്നു. എന്നാൽ അതിനുശേഷം യാത്രാ തീയതികളിൽ വ്യതിയാനം വരുത്താൻ സാധിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ യുഎഇയിലെത്താം.
അതേസമയം, ഈ ആനുകൂല്യം കുറച്ചു ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ എന്നും ട്രാവൽ ഏജൻസികൾ പറയുന്നു. ഒക്ടോബറോടെ ദുബായിൽ വൻകിട രാജ്യാന്തര മേളകളും സമ്മേളനങ്ങളും ആരംഭിക്കുന്നതും ശൈത്യകാല വിനോദസഞ്ചാര സീസണിന് തുടക്കമാകുന്നതും യുഎഇയിലേക്കുള്ള യാത്രാ ആവശ്യം വീണ്ടും വർധിപ്പിക്കും. ഒക്ടോബർ അവസാനത്തോടെ വിമാന നിരക്കുകൾ വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്നാണ് നൽകുന്ന മുന്നറിയിപ്പ്.







