കോഴിക്കോട്: നാദാപുരത്ത് ഐഫോൺ കടയിൽ വൻമോഷണം. 70-ലധികം ഫോണുകൾ നഷ്ടമായി. വെള്ളിയാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. നാദാപുരം- വടകര റോഡിൽ പ്രവർത്തിക്കുന്ന ആപ്പിൾ പ്രോ മൊബൈൽ കടയിലാണ് മോഷണം.
വില്യാപ്പള്ളി സ്വദേശി റിയാസിന്റേതാണ് കട. ഐഫോൺ വിൽക്കുകയും സർവീസ് ചെയ്യുകയും ചെയ്യുന്ന കടയായിരുന്നു. കടയുടെ കണ്ണാടിവാതിലിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ ഉള്ളിലുള്ള ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് കടന്നത്.
രണ്ട് വശങ്ങളിലും മധ്യത്തിലുമായി മൂന്ന് പൂട്ടുള്ളതായിരുന്നു ഷട്ടർ. ഇതിൽ നടുവിലുള്ള പൂട്ട് പൊട്ടിച്ച് ഷട്ടർ വളച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഓണക്കാലമായതിനാൽ കടയിൽ പുതിയ ഫോണുകളും എത്തിയിരുന്നു. വെള്ളിയാഴ്ച്ച മാത്രം 15 ഫോണുകൾ എത്തിയിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






