തൃശൂർ∙ ‘എൻ തങ്ക മകനേ’, മകനേ…. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മനസ്സു തകർന്ന അമ്മമാരുടെ കരച്ചിലുകൾ നിറയുകയാണ്. ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ചു തുടങ്ങിയ മക്കൾ ഇനി തങ്ങൾക്കൊപ്പമില്ലല്ലോ എന്ന് ഇപ്പോഴും അവർക്ക് വിശ്വസിക്കാനായിട്ടില്ല. തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചവർ. രാവിലെ തന്നെ ഇവരുടെ കുടുംബാംഗങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. വിനോദയാത്രയ്ക്കായാണ് 8 പേർ കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിനു തൊട്ടുമുൻപുള്ള യുവാക്കളുടെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. കാറിലിരുന്ന് പാട്ടും ഡാൻസും ചെയ്ത് ആഘോഷമാക്കുന്ന അവരുടെ വിഡിയോ നെഞ്ചുലയ്ക്കും.
ദേശീയപാത 66ൽ പനമ്പിക്കുന്നില്‍ വെള്ളിയാഴ്ച രാത്രി 11.42നാണ് നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചായിരുന്നു അപകടം. വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണന്‍, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ഡിണ്ടിഗല്‍), ജീവ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അതിനിടെ, അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യക്തമായ കാരണം കണ്ടെത്താൻ ശാസ്ത്രീയ പഠനം നടത്തുമെന്നും ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ലോറി നിർത്തിയിട്ട ട്രാക്ക് പൂർണമായി തുറന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.






