ഗൂഡല്ലൂർ ∙ ഗൂഡല്ലൂർ താലൂക്കിലെ ഓവാലി പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളും ജന്മം ഭൂമിയിൽപെട്ടതാണ്. ഇതു കാരണമുള്ള നിയന്ത്രണങ്ങളിൽ പഞ്ചായത്തിലെ ജനങ്ങൾ മനംമടുത്തിരിക്കുന്നു. 10 വർഷങ്ങൾക്കു മുൻപ് പഞ്ചായത്തിൽ 25,000ത്തിനടുത്ത് ആളുകളാണുണ്ടായിരുന്നത്. ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അത് 15,000ത്തിൽ താഴെയായെന്ന് ഓവാലി പഞ്ചായത്തംഗം എം.കെ.ഷാജി പറയുന്നു. വോട്ടർപട്ടിക ഉദ്ധരിച്ചാണ് ഷാജി ഇതു പറയുന്നത്. പ്രദേശത്തെ തോട്ടങ്ങളിൽ പണിയെടുത്തിരുന്ന തൊഴിലാളികളാണ് കൂടുതലായി ഇവിടെയുണ്ടായിരുന്നത്.
1995ൽ നിലമ്പൂർ കോവിലകത്തെ ഗോദവർമൻ തിരുമുൽപാട് ഗൂഡല്ലൂരിൽ വനനശീകരണം കൂടുതലായി നടക്കുന്നെന്നു കാണിച്ച് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ഹർജി പരിഗണിച്ച സുപ്രീം കോടതി എംപവർ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി ഗൂഡല്ലൂർ സന്ദർശിച്ച ശേഷം ജന്മം ഭൂമിയിലെ തീർപ്പാകാത്ത പ്രദേശത്ത് വൈദ്യുതി നൽകരുതെന്നതടക്കം കടുത്ത ശുപാർശകൾ മുന്നോട്ടു വച്ചു. ഇത് അംഗീകരിച്ച കോടതി രാജ്യത്താകമാനം വനങ്ങളിലും ?1980ലെ വനസംരക്ഷണ നിയമപ്രകാരം വനത്തിന്റെ സ്വഭാവമുള്ള ഭൂമിയിലും മരം മുറിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടെ തോട്ടം വികസനമുൾപ്പെടെ പ്രതിസന്ധിയിലായി. ഇതോടെ പഞ്ചായത്തിന്റെ സ്വാഭാവിക വികസനം തടസ്സപ്പെട്ടതായി നാട്ടുകാർ പറയുന്നു.
എങ്ങനെ പരിഹരിക്കും
2006ലെ വനാവകാശ നിയമം തമിഴ്നാട് സർക്കാർ പാസാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഈ നിയമം പാസായാൽ ഒരു പ്രദേശം വനഭൂമിയാണെങ്കിലും അവിടെ 2005നു മുൻപായി മൂന്ന് തലമുറകളായി താമസിക്കുന്നവർക്ക് പട്ടയം ലഭിക്കും. ഗൂഡല്ലൂരിൽ നിലവിലുള്ളവരിൽ ഭൂരിഭാഗമാളുകളും മൂന്ന് തലമുറയ്ക്ക് മേലെയായി ഇവിടെ താമസിക്കുന്നവരാണെന്നു നാട്ടുകാർ പറയുന്നു. 1871ലെ ബ്രിട്ടിഷ് ഇന്ത്യ സർക്കാരിന്റെ ജനസംഖ്യ കണക്ക് പ്രകാരം വയനാടൻ ചെട്ടിമാർ, ആദിവാസികൾ, ബ്രാഹ്മണർ തുടങ്ങിയ ഒട്ടേറെ ജനവിഭാഗങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഗൂഡല്ലൂരിലെയും പന്തല്ലൂരിലെയും ജനങ്ങളുടെ വികസനത്തിനു തടസ്സമാകുന്ന തമിഴ്നാട് വനസംരക്ഷണ നിയമത്തെയും തമിഴ്നാട് ഗൂഡല്ലൂർ ജന്മിത്വ നിരോധന നിയമത്തിന്റെ ദുരുപയോഗത്തെയും ഇങ്ങനെ ഒരു പരിധി വരെ മറിക്കടക്കാമെന്നും നാട്ടുകാർ പറയുന്നു.
നിയന്ത്രണങ്ങൾ എന്തെല്ലാം
പാട്ടത്തോട്ടങ്ങളിൽ തൊഴിൽ ചെയ്യുന്നവരായിരുന്നു ഓവാലി പഞ്ചായത്തിൽ അധികവും. മരം മുറിക്കാനുള്ള കടുത്ത നിയന്ത്രണങ്ങൾ കാരണം തോട്ടം വികസനമുൾപ്പെടെ നടക്കാതെ വന്നതോടെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ കുറഞ്ഞു. അതോടൊപ്പം ഭൗതിക വികസനങ്ങളിലും കടുത്ത നിയന്ത്രണം വന്നു. ജന്മം ഭൂമിയിലെ തീർപ്പാകാത്ത ഭൂമിയിൽ കഴിയുന്ന ആളുകൾക്ക് വൈദ്യുതി കണക്‌ഷൻ ലഭിക്കാതെയായി. ഭൂമിക്കു പട്ടയവുമില്ല. വർഷങ്ങളായി ഇവിടെ താമസിക്കുന്നയാളുകൾക്ക് ഭൂമി കൈമാറ്റം ചെയ്യാൻ ഇതുകാരണം തടസ്സമുണ്ട്. കൃഷി ചെയ്യുന്ന മനുഷ്യർക്ക് ബാങ്ക് വായ്പകളടക്കം നിഷേധിക്കുന്ന സാഹചര്യം. അങ്ങനെ മനുഷ്യന് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു തരത്തിലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. സർക്കാർ വക റോഡ് പദ്ധതികളോ വിനോദ സഞ്ചാര പദ്ധതികളോ വരാതെയായി. ഇതോടെ നാടു വിട്ടിറങ്ങുകയാണ് ജനം.
ഓവാലി പഞ്ചായത്ത് വിട്ടുപോയ ഭൂരിഭാഗം ആളുകളും മലവിട്ടിറങ്ങി ഗൂഡല്ലൂർ നഗരത്തിലേക്ക് പോയി. അവിടെയുള്ള വ്യാപാരസ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുകയാണ്. നിയന്ത്രണങ്ങളില്ലാത്ത ചേരങ്കോട് പോലെയുള്ള പഞ്ചായത്തുകളിലേക്കു കൃഷി ഭൂമി പാട്ടത്തിനെടുത്തും മറ്റും മാറിത്താമസിക്കുന്നവരും ഒട്ടേറെയുണ്ട്. കേരളത്തിലെ വയനാട്ടിലേക്കും നിലമ്പൂരിലേക്കും മാറി താമസിക്കുന്നവരും ഒട്ടേറെ.
ഓവാലിയിലെ പുതിയ തലമുറ ജന്മനാട്ടിൽ നിൽക്കാൻ താൽപര്യപ്പെടുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഓവാലി പഞ്ചായത്തിലേതു പോലുള്ള അവസ്ഥ നിലവിൽ വന്നാൽ മറ്റിടങ്ങളിലും സർക്കാർ ഒന്നും ചെയ്യാതെ തന്നെ നാട് വനമായി മാറുന്ന സാഹചര്യമാണുള്ളതെന്നും നാട്ടുകാർ പറയുന്നു.








