ന്യൂഡൽഹി: പിതാവിനോട് യാത്ര പറഞ്ഞുകൊണ്ട് നദിയിലേക്ക് എടുത്തുചാടി 21-കാരി. ജമ്മു കാശ്മീരിലെ ദോബ ജില്ലയിലാണ് സംഭവം. പായൽ ദേവി എന്ന യുവതിയാണ് ഫോണിലൂടെ പിതാവിനോട് യാത്ര പറഞ്ഞുകൊണ്ട് ജീവനൊടുക്കാനായി പ്രേമനഗറിലെ ശിവദാൽ പാലത്തിൽ നിന്ന് ചെനാബ് നദിയിലേക്ക് ചാടിയത്. യുവതിക്കായുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.
‘ആരും എന്റെ അരികിലേക്ക് വരരുത്. ഇത് എന്റെ ജീവിതമാണ്. എന്റെ ഹൃദയം പറയുന്നു, ഞാൻ ഇങ്ങനെയാണ് പോകേണ്ടത് എന്ന്. ബൈ ബൈ പപ്പാ…’ -ഇതാണ് പായൽ ദേവി പിതാവ് കൃഷ്ണൻ ലാലിനോട് പറഞ്ഞത്. തുടർന്ന് യുവതി നദിയിലേക്ക് ചാടുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്.
സംസ്ഥാന ദുരന്ത പ്രതികരണ സേനയും പ്രദേശവാസികളും പോലീസും സംയുക്തമായാണ് യുവതിക്കായി തിരച്ചിൽ നടത്തുന്നത്. എന്തിനാണ് യുവതി ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് ഇനിയും വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. പായൽ ദേവി ഒരു ഉത്സവത്തിന് പോയിരുന്നതായും പിന്നീട് തന്നെ വിളിച്ച് സുഖമില്ലെന്നും ഡോക്ടറെ കാണണമെന്നും പറഞ്ഞിരുന്നതായും പിതാവ് കൃഷ്ണൻ ലാൽ പറഞ്ഞു.
എന്നാൽ യുവതിക്ക് ഡോക്ടറെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് അവർ തിരികെ മടങ്ങി. മോട്ടോർ സൈക്കിളിലായിരുന്നു യാത്ര. പിന്നീട് പായലിന് ഒപ്പമുണ്ടായിരുന്ന ആൾ പിതാവിനെ വിളിച്ച് പായൽ നദിയ്ക്കരികിലേക്ക് ഓടിപ്പോയെന്ന് പറഞ്ഞു. തുടർന്ന് അദ്ദേഹം എന്താണ് പ്രശ്‌നമെന്ന് മകളോട് ആവർത്തിച്ച് ചോദിച്ചെങ്കിലും തന്നോട് യാത്ര പറഞ്ഞുകൊണ്ട് പായൽ ഫോൺ വെക്കുകയായിരുന്നുവെന്നും കൃഷ്ണൻ ലാൽ പറയുന്നു.







