ബെംഗളൂരു: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പുതിയ ലേബല്‍ പതിപ്പിച്ച് വില്‍പ്പനയ്ക്ക് എത്തിച്ച സംഭവത്തില്‍ ബെംഗളൂരുവില്‍ വ്യാപക പരിശോധന. കര്‍ണാടക ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (കെഎസ്എഫ്ഡിഎ) നടത്തിയ പരിശോധനയില്‍ ആമസോണ്‍, ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഏകദേശം മൂന്ന് കോടി രൂപയുടെ കാലാവധി കഴിഞ്ഞതും തെറ്റായ ലേബലുകളുള്ളതുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കിടെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.
ബംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ കെഎസ്എഫ്ഡിഎ പരിശോധന നടത്തിയതില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വീണ്ടും ലേബല്‍ ചെയ്ത് വില്‍പനക്കെത്തുന്നതായി കണ്ടെത്തിയിരുന്നു. പാര്‍ട്ടിക്കായി സാധനങ്ങള്‍ എവിടെനിന്നാണ് വാങ്ങിയതെന്ന് അന്വേഷിച്ചപ്പോഴാണ് ആമസോണിന്റെ സ്റ്റോറില്‍നിന്നാണ് സാധനങ്ങള്‍ ലഭിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദേവനഹള്ളിയിലെ ആമസോണ്‍ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ റീലേബല്‍ ചെയ്ത 14 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളും 10 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ സൂക്ഷിച്ച 2.45 ലക്ഷം രൂപയുടെ മരുന്നുകളും ഇവിടെനിന്ന് കണ്ടെത്തി.
മഡിവാളയിലെ ആമസോണ്‍ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ 19 ലക്ഷം രൂപയുടെ റീലേബല്‍ ചെയ്ത ഭക്ഷ്യവസ്തുക്കളും 13 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. 1.57 ലക്ഷം രൂപയുടെ ലൈസന്‍സില്ലാത്ത മരുന്നുകളും കണ്ടെത്തി. ലിംഗരാജപുരത്ത് ‘ലിയോ 7 എന്റര്‍പ്രൈസസ്’ എന്ന പേരില്‍ ഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തില്‍ 57 ലക്ഷം രൂപയോളം വിലമതിക്കുന്ന കാലാവധി കഴിഞ്ഞതും വീണ്ടും ലേബല്‍ ചെയ്തതുമായ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
ഹൊസ്‌കോട്ടെയിലെ ഇന്‍സ്റ്റാമാര്‍ട്ട് കേന്ദ്രത്തില്‍നിന്ന് 42 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു. ഇതും അടച്ചുപൂട്ടി. ഇവിടെ പരിശോധന തുടരുകയാണെന്നും തെറ്റായ ലേബലുകളുള്ളതും കാലാവധി കഴിഞ്ഞതുമായ ഉല്‍പ്പന്നങ്ങളുടെ മൂല്യം ഒരു കോടിയിലേറെ വരാമെന്നും അധികൃതര്‍ അറിയിച്ചു. എച്ച്ബിആര്‍ ലേഔട്ടിലെ സപ്ത ബസാറില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ കശുവണ്ടി ബിസ്‌കറ്റ്, റാഗി മാവ്, ചിക്കന്‍ പാറ്റീസ്, പനീര്‍, കുക്കീസ്, നട്‌സ്, മുട്ട, മാവ് തുടങ്ങിയവയും പിടിച്ചെടുത്തു.
ഇത്തരം സംഭവങ്ങള്‍ തടയുന്നതിനായി നിയമവകുപ്പിനും കേന്ദ്ര സര്‍ക്കാരിനും കത്തയച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി യു.ടി ഖാദര്‍ പറഞ്ഞു. നിലവില്‍ ഇത്തരം സ്ഥാപനങ്ങളുടെ ഉടമകള്‍ പിഴ അടച്ച് രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്. ഇത്തരം പ്രവൃത്തികളെ ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിയമനടപടികള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.







