കൊച്ചി∙ കണ്ടാൽ പെയിന്റ് ബക്കറ്റ്. എന്നാൽ ഉള്ളിലുള്ളത് സൂക്ഷ്മമായി ഒളിപ്പിച്ച കിലോക്കണക്കിന് കഞ്ചാവ്. എറണാകുളം എക്സൈസ് റേഞ്ച് സംഘം പിടികൂടിയ 2 ബംഗാൾ സ്വദേശികൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നത് ഇങ്ങനെയാണ്. 16.356 കിലോ കഞ്ചാവാണ് ബംഗാൾ ബാടൂറിയ സ്വദേശി രാജ മണ്ഡൽ (30), സാഗർപ്പാറ സ്വദേശി രാഹുൽ (24) എന്നിവരിൽ നിന്ന് പിടിച്ചെടുത്തത്. എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 1.30ഓടെ കാക്കനാട്ടെ വാടകമുറിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ എക്സൈസ് കേസ് റജിസ്റ്റർ ചെയ്തു.
പെയിന്റ് ബക്കറ്റുകളിൽ പ്രത്യേക രീതിയിൽ കംപ്രസ് ചെയ്ത് പശ ഉപയോഗിച്ച് ഒട്ടിച്ച് അടച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എട്ടു കിലോ വീതം രണ്ടു ബക്കറ്റുകളിലായി ഇവർ ട്രെയിൻ മാർഗം കേരളത്തിൽ എത്തിക്കുകയായിരുന്നു. പരിശോധന നടന്ന വാടകമുറിയിൽനിന്നു മുൻപും സമാനരീതിയിൽ കടത്തിന് ഉപയോഗിച്ച നിരവധി പ്ലാസ്റ്റിക് ബക്കറ്റുകൾ എക്സൈസ് കണ്ടെടുത്തു.
ഒഡീഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരി മാഫിയ തലവനാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിനു പിന്നിലെന്നാണ് എക്സൈസിനു ലഭിച്ചിരിക്കുന്ന വിവരം. 1500 മുതൽ 2000 രൂപ വരെ മാത്രം വിലയുള്ള കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുമ്പോൾ കിലോയ്ക്ക് ഒരു ലക്ഷം രൂപ വരെയാണ് മാഫിയ ഉണ്ടാക്കുന്നത്. ഒരു കിലോ കഞ്ചാവ് 5 ഗ്രാം വീതമുള്ള 200 പാക്കറ്റുകളാക്കി മാറ്റി, ഓരോ പാക്കറ്റും 500 രൂപയ്ക്ക് ചില്ലറ വിൽപ്പനക്കാർക്കു നൽകുകയാണ് ചെയ്യുക. ഇത്തരത്തിൽ കച്ചവടം ചെയ്യുമ്പോൾ രണ്ട്–മൂന്ന് ആഴ്ചയ്ക്കുള്ളിൽ ലഭിക്കുന്നത് 50 മടങ്ങിലധികം ലാഭമാണ്.
എസി ത്രീ ടയർ സൗജന്യ ടിക്കറ്റും 20,000 രൂപയും ട്രെയിൻ യാത്രയ്ക്കായി നൽകിയാണ് ഏജന്റുമാർ പ്രതികളെ കേരളത്തിലേക്ക് അയച്ചിരുന്നത്. ഒരു തവണ കഞ്ചാവ് എത്തിച്ചു മടങ്ങുമ്പോൾ 25,000 രൂപ പാരിതോഷികവും വാഗ്ദാനം ചെയ്തിരുന്നു. കൃത്യമായ ലൊക്കേഷൻ നൽകി എത്തിക്കുന്ന ഇവർ അന്നേ ദിവസം തന്നെ മടങ്ങുന്നതാണു രീതി. വഴിയിൽ വച്ച് പിടിയിലായാൽ പണം നൽകി പുറത്തിറക്കാമെന്ന ഉറപ്പിലാണ് ആദ്യമായി കേരളത്തിലെത്തുന്ന പ്രതികളെ മാഫിയ കേരളത്തിലോട്ട് അയയ്ക്കുന്നത്. ലഹരി കടത്തിന്റെ പ്രധാന കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.






