തിരുവനന്തപുരം ∙ ചോരയും വിയർപ്പുമൊഴുക്കി സ്വരുക്കൂട്ടിയ ജീവിതസമ്പാദ്യം മുഴുവനും സഹകരണ ബാങ്കിലും സംഘങ്ങളിലും നിക്ഷേപിച്ചവർ പണം തിരികെ കിട്ടാൻ സഹകരണ സ്ഥാപനങ്ങളുടെ പടികൾ കയറിയിറങ്ങുന്നു. ജില്ലയിൽ 5640 നിക്ഷേപകർ ഏകദേശം 964 കോടി രൂപയാണ് പ്രതിസന്ധിയിലായ സ്ഥാപനങ്ങളിലും സംഘങ്ങളിലും നിക്ഷേപിച്ചിട്ടുള്ളത്. പണം തിരിച്ചു കിട്ടാതായതോടെ ജീവിതം പ്രതിസന്ധിയിലായി. കോടികളും ലക്ഷങ്ങളും നിക്ഷേപിച്ചവർ, തുക തിരികെ ആവശ്യപ്പെട്ടപ്പോൾ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും, ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേരും പറഞ്ഞ് പണം നൽകുന്നത് വൈകിപ്പിക്കുകയാണ്. വൻ തുക നിക്ഷേപിച്ചവർക്ക് അഞ്ചും ആറും മാസങ്ങൾ കൂടുമ്പോൾ ലഭിക്കുന്നത് 1000 മുതൽ 5000 രൂപ വരെ മാത്രം.
സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് പ്രതിസന്ധിയിലായ തിരുവനന്തപുരം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഇപ്പോഴും നിക്ഷേപകർക്ക് തിരിച്ചു കിട്ടാനുള്ളത്. കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ് ക്രൈംബ്രാഞ്ച് സംഘങ്ങൾ. അന്വേഷണം എന്നു പൂർത്തിയാകുമെന്നതിലും വ്യക്തതയില്ല.
കണ്ണീരിന് വിലയില്ലേ?
ശസ്ത്രക്രിയയ്ക്കായി മാറ്റിവച്ച പണം ബാങ്കിൽ കുടുങ്ങിയതോടെ ചികിത്സ നീട്ടിവയ്ക്കേണ്ടി വന്നവരും വർഷങ്ങളായി സ്വരുക്കൂട്ടിയ തുക മകളുടെ വിവാഹത്തിനായി ഉപയോഗിക്കാനാകാതെ വിവാഹം നീട്ടിവയ്ക്കേണ്ടി വന്ന കുടുംബങ്ങളും ഏറെയാണ്. പെൻഷൻ സമ്പാദ്യം നിക്ഷേപിച്ച് കയറിയിറങ്ങുന്ന വയോധികരുണ്ട്. പണം സുരക്ഷിതമെന്ന വിശ്വാസത്തിലാണ് പല പ്രവാസികളും സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചത്. പണം എപ്പോൾ ലഭിക്കുമെന്ന് വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണമെന്നും നിക്ഷേപകർ ആവശ്യപ്പെടുന്നു.
മുജീബ് റഹ്മാൻ, ശാന്തിവിള
ഇത് ഞങ്ങൾ ബാങ്കിനോട് കടം ചോദിക്കുന്നതല്ല. ഞങ്ങളുടെ സ്വന്തം പണമാണ്. ജീവിതം മുഴുവൻ സമ്പാദിച്ച തുകയാണ്. ആവശ്യസമയത്ത് അതു തിരിച്ചു കിട്ടിയില്ലെങ്കിൽ പിന്നെ ആ പണംകൊണ്ട് എന്ത് പ്രയോജനം?
എസ്.സതീഷ് ചന്ദ്രൻ നായർ, നെടുമങ്ങാട്
ആവശ്യസമയത്ത് എടുക്കാമെന്ന് കരുതി ജീവിതം മുഴുവൻ മിച്ചംപിടിച്ച പണമാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഞങ്ങളെ കബളിപ്പിച്ചു. ഇപ്പോൾ പണം വേണമെന്നു പറയുമ്പോൾ സ്വന്തം പണം തന്നെ ചോദിച്ചു വാങ്ങേണ്ട അവസ്ഥയാണ്.
ദിനചന്ദ്രൻ , വെള്ളനാട്
ചികിത്സയ്ക്കാണ് പണം വേണ്ടത്. ബാങ്കിൽ എന്റെ പണം കിടക്കുന്നുണ്ട്. പക്ഷേ അതെടുത്ത് ആശുപത്രിയിൽ അടയ്ക്കാൻ കഴിയുന്നില്ല. ഇനി ആരോടാണ് കടം ചോദിക്കേണ്ടത്? മരുന്ന് എങ്ങനെ വാങ്ങും?
റംലത്ത് ബീവി, കുമാരപുരം
ഞങ്ങൾക്ക് വലിയ പലിശയൊന്നും വേണ്ട. നഷ്ടപരിഹാരവും വേണ്ട. ഞങ്ങളുടെ സ്വന്തം പണം മാത്രം തിരികെ തന്നാൽ മതി. എത്രനാൾ ഞങ്ങൾ കാത്തിരിക്കണം.






