ചവറ∙ വയോധികയായ അമ്മയെ മദ്യലഹരിയിൽ മകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മകനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ചവറ തോട്ടിനു വടക്ക് മണ്ണാന്തറ കിഴക്കേതിൽ കെഎംഎംഎൽ ഡിസി ഡബ്ല്യു തൊഴിലാളിയായ സി.വേണു (44) ആണ് പിടിയിലായത്. അമ്മയെ അസഭ്യം പറയുന്നതും ഷർട്ട് തൂക്കിയിടുന്ന ഹാങ്ങർ ഉപയോഗിച്ചു തല്ലുന്നതും അമ്മ വാവിട്ടു നിലവിളിക്കുന്നതുമാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. വിഡിയോ പുറത്തായതോടെ പൊലീസ് ഇവരുടെ വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു.
തിങ്കൾ രാത്രി ചിത്രീകരിച്ച വിഡിയോയാണിത്. അമ്മയ്ക്ക് മൂന്നു മക്കളാണ് ഉള്ളത്. രണ്ട് ആണും ഒരു പെണ്ണും. രണ്ടാമത്തെ മകനായ വേണുവിനൊപ്പമാണ് അമ്മ താമസം. ഇയാൾ അവിവാഹിതനാണ്. മൂത്തമകൻ വിമുക്തഭടനാണ്. ഇദ്ദേഹം അമ്മയെ സഹായിക്കാനായി ഹോം നഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ഇവർ എടുത്ത വിഡിയോയാണ് പുറത്തുവന്നത്. ഇവരുടെ മൊഴിയിലാണ് ചവറ പൊലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പതിവായി മദ്യപിച്ചെത്തുന്ന വേണു അമ്മയെ സ്ഥിരമായി മർദിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വയോധികയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു.
സിഐ എസ്.ശിവലാൽ, എസ്എച്ച്ഒ സുജോ ജോർജ് ആന്റണി, എസ്ഐ അഭിജിത്ത്, സ്പെഷൽ ബ്രാഞ്ച് എസ്ഐ വസന്തകുമാർ, എഎസ്ഐ രാജീവ്, സിപിഒ രാംകുമാർ, എസ്‌സിപിഒമാരായ പ്രദീപ്, ഗിരീഷ്, സിപിഒ ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി 10 മണിയോടെയാണ് വേണുവിനെ പിടികൂടിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.






