തിരുവനന്തപുരം∙ വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ 25 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ ലീഗല്‍ മെട്രോളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലു കേസുകള്‍ വീതവുമാണ് റജിസ്റ്റര്‍ ചെയ്തത്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടു കേസും റജിസ്റ്റര്‍ ചെയ്തു.
ഇന്നലെ കൊല്ലത്ത് മള്‍ട്ടിപ്ലക്സ് തിയറ്ററില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ച് കേസ് റജിസ്റ്റര്‍ ചെയ്തു. ഇവിടത്തെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഐസ്‌ക്രീമില്‍ മുടിയുടെ അംശവും പ്രാണിയുടെ സാന്നിധ്യവും കാലാവധി കഴിഞ്ഞ പാലും കണ്ടെത്തി. കാലവധി കഴിഞ്ഞതും അല്ലാത്തവയും ഒന്നിച്ചു സൂക്ഷിച്ച നിലയിലായിരുന്നു. നടത്തിപ്പുകാരനു കനത്ത പിഴ ചുമത്തുന്നതിന്റെ ഭാഗമായി നോട്ടിസ് നല്‍കി. പോപ്‌കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കേസെടുത്തു.
ലീഗല്‍ മെട്രാളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കി. പോപ്‌കോണ്‍, ശീതളപാനീയങ്ങള്‍ വിൽപന നടത്തിയതില്‍ വ്യാപകമായി കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുന്നതു പരിശോധിച്ചുവരികയാണ്. പോപ്‌കോണിന് 75 ഗ്രാം അളവ് പ്രഖ്യാപിച്ചിരുന്നതില്‍ 25 ഗ്രാം വരെ കുറവും 450 മില്ലിഗ്രാം വരെയും ശീതള പാനീയത്തില്‍ 35 മില്ലിഗ്രാം വരെയും കുറവു കണ്ടെത്തി. ത്രാസുകള്‍ കൃത്യത ഉറപ്പുവരുത്തി മുദ്രവച്ച് സാക്ഷ്യപ്പെടുത്തി ഉപയോഗിക്കണമെന്നാണു ചട്ടം. ഇതു പാലിക്കാത്തതിനെതിരെ മൂന്ന് തിയറ്ററുകള്‍ക്കെതിരെ സെക്‌ഷന്‍ 24, 33 പ്രകാരം കേസെടുത്തു.
ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്‍സ് 6(1) പ്രകാരം നിർദിഷ്ട പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത ഒരു സ്ഥാപനത്തിനെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തു. അളവ് കൃത്യമായി പറയാതെ ലാര്‍ജ്, മീഡിയം, സ്മോള്‍ എന്നിങ്ങനെ നോണ്‍ സ്റ്റാൻഡേർഡ് ആയി വിൽപന നടത്തുന്നതിന് ലീഗല്‍ മെട്രോളജി ആക്ട് സെക്ഷന്‍ 34 പ്രകാരം ആകെ ഏഴു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മള്‍ട്ടിപ്ലക്‌സുകളില്‍ മതിയായ രീതിയില്‍ കുടിവെള്ളം വയ്ക്കണമെന്ന് നിര്‍ദേശവും നൽകി.
തുടര്‍പരിശോധന ഉറപ്പാക്കും: മന്ത്രി അനൂപ് ജേക്കബ്
മള്‍ട്ടിപ്ലക്‌സുകളില്‍ തുടര്‍പരിശോധനകള്‍ ഉറപ്പാക്കണമെന്നു നിർദേശം നല്‍കിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. നിയമലംഘനങ്ങള്‍ ഇനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇംപ്രൂവ്‌മെന്റ് നോട്ടിസ് നല്‍കിയിട്ടുള്ള കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചാല്‍ കേസ് റജിസ്റ്റർ ചെയ്ത് നിയമനടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. മള്‍ട്ടിപ്ലക്‌സുകള്‍, സിനിമ തിയറ്റര്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അമിതവില ഈടാക്കുന്നുവെന്നും കൃത്യമായ അളവില്‍ ലഭിക്കുന്നില്ല എന്നുമുള്ള വ്യാപകമായ പരാതിയെ തുടര്‍ന്ന് ഭക്ഷ്യ, ലീഗല്‍ മെട്രോളജി, ഉപഭോക്തൃകാര്യ വകുപ്പുകളാണ് സംസ്ഥാനമൊട്ടാകെ മിന്നല്‍ പരിശോധനകള്‍ നടത്തുന്നത്.






