അബുദാബി∙ അനധികൃതമായി ആളുകളെ അതിർത്തി കടത്തിവിടാനുള്ള ശ്രമങ്ങൾ യുഎഇയിലെ സുരക്ഷാ അധികൃതർ തകർത്തു. രാജ്യത്തേക്ക് അനധികൃതമായി ആളുകളെ കടത്താൻ ശ്രമിച്ച സംഭവവും സുരക്ഷാ ഏജൻസികൾ തിരയുന്നയാളെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച സംഭവവുമാണ് തടഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്ത് അന്വേഷണത്തിനായി പ്രോസിക്യൂഷന് കൈമാറി.
ഏഷ്യക്കാരായ 18 പേരെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ജിസിസി പൗരന്റെ സഹായത്തോടെ നീക്കം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആദ്യ നടപടി. തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിൽ പ്രതിയെ അതിർത്തി ചെക്ക് പോസ്റ്റിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കൊപ്പം രണ്ട് ഏഷ്യക്കാരെയും ഇയാൾ വാഹനത്തിൽ കയറ്റിയിരുന്നു. കുടുംബസമേതമുള്ള യാത്രയാണെന്ന് വരുത്തിത്തീർത്ത് മനുഷ്യക്കടത്ത് ഒളിച്ചുവയ്ക്കാനാണ് ഇയാൾ ശ്രമിച്ചത്.
സുരക്ഷാ ഏജൻസികൾ കേസിൽ പ്രതിയാക്കി തിരയുന്ന വിദേശിയെ രാജ്യത്തുനിന്ന് പുറത്തേക്ക് കടത്താനുള്ള ശ്രമമാണ് രണ്ടാമത്തെ സംഭവത്തിൽ അധികൃതർ തടഞ്ഞത്. ജിസിസി സ്വദേശിയായ സ്ത്രീയും മകളും ചേർന്നാണ് ഇതിന് പദ്ധതിയിട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കുടുംബാംഗങ്ങളോടൊപ്പം യാത്ര ചെയ്ത് സംശയം ഒഴിവാക്കാനാണ് ഇവർ ശ്രമിച്ചത്. മുൻപും സമാനരീതിയിൽ ആളുകളെ അതിർത്തി കടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. മകളുടെ ഭർത്താവും മുൻപ് സമാനമായ കേസുകളിൽ പ്രതിയായിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പ്രോസിക്യൂഷൻ അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷാ ഏജൻസികളുടെ ജാഗ്രതയും കാര്യക്ഷമതയുമാണ് അതിർത്തി കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സഹായിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.








