പേരാമ്പ്ര ∙ മുട്ടൽ ഭീതിയിൽ കന്നാട്ടി. രാത്രി വീടിന്റെ വാതിലിൽ മുട്ടി ഭീതി പരത്തുന്ന അജ്ഞാതൻ കന്നാട്ടിയുടെ ഉറക്കം കെടുത്തുന്നു. രണ്ടാഴ്ചയായി ഇവിടെ വീടുകൾ മാറി മാറി അജ്ഞാതൻ വാതിലിൽ മുട്ടൽ തുടരുകയാണ്. നാട്ടുകാർ സംഘടിതമായി പലയിടങ്ങളിലായി കാവൽ നിന്നിട്ടും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരാൾ മാത്രമാണോ അതോ സംഘമാണോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ഒpരു വീടിന്റെ വാതിലിൽ മുട്ടി അവിടെ നിന്ന് ഓടി അപ്രത്യക്ഷമാകുന്ന കറുത്ത വേഷം ധരിച്ച ഇയാൾ തൊട്ടടുത്ത നിമിഷം കുറച്ച് അകലെയുള്ള മറ്റൊരു വീട്ടിൽ മുട്ടുകയും ആളുകൾ അവിടേക്ക് ഓടി എത്തുമ്പോഴേക്കും അപ്രത്യക്ഷനായി വേറെ ഏതെങ്കിലും വീടുകളിൽ മുട്ടയും ചെയ്യുന്നത് പ്രദേശത്ത് പതിവായി. എവിടെയും കളവു നടത്തുകയോ ആരെയെങ്കിലും ആക്രമിക്കുകയോ ചെയ്തിട്ടില്ല.
പേരാമ്പ്ര പൊലീസിൽ അറിയിച്ചതിനെ തുടർന്ന് രാത്രി ഇവിടെ പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇയാളെ പിടികൂടാൻ ആയിട്ടില്ല. കഴിഞ്ഞ ദിവസം ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് നസീമ വാഴയിലിന്റെ നേതൃത്വത്തിൽ വാർഡ് മെംബർമാരായ എം.ബാലൻ, പി.ശാലിനി എന്നിവരുടെ സാന്നിധ്യത്തിൽ സർവകക്ഷി ആക്‌ഷൻ കമ്മിറ്റി വിളിച്ചു ചേർത്തിരുന്നു. കമ്മിറ്റി യോഗം കഴിഞ്ഞ ഉടനെ പല വീടുകളിലും മുട്ടി ഇയാൾ അപ്രത്യക്ഷനായി.






