കെണിയായത് വിമാനത്തെ പരിഹസിച്ച വിഡിയോ, നടിക്ക് 3 കോടിയുടെ മാനനഷ്ടക്കേസ്! പരസ്യമായി മാപ്പ് പറയണമെന്ന് കമ്പനി

Spread the love

പ്രശസ്ത ബോളിവുഡ് താരവും നർത്തകിയുമായ നോറ ഫത്തേഹിക്കെതിരെ 3 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് പ്രമുഖ സ്വകാര്യ വ്യോമയാന കമ്പനിയായ ഡ്യൂൺസ് ഏവിയേഷൻ. യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും ഉത്തരവാദിത്തമില്ലാത്തതുമായ പരാമർശങ്ങൾ നടത്തി കമ്പനിയുടെ സൽപേരിന് കളങ്കമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് ഗാന്ധിനഗർ കോടതിയിൽ കമ്പനി ഹർജി നൽകിയിരിക്കുന്നത്. നഷ്ടപരിഹാരത്തിന് പുറമേ സോഷ്യൽ മീഡിയ വഴി പരസ്യമായി മാപ്പ് പറയണമെന്നും അധിക്ഷേപകരമായ വിഡിയോകൾ ഉടനടി നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസ് സെപ്റ്റംബർ 25ന് സീനിയർ സിവിൽ ജഡ്ജ് ആർ. അഗർവാൾ പരിഗണിക്കും.

 

∙ സംഭവത്തിന് പിന്നിൽ: ‘കളിപ്പാട്ട വിമാനം’ എന്ന പരാമർശം

 

2025 ഡിസംബറിൽ മുംബൈയിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. ഡ്യൂൺസ് ഏവിയേഷന്റെ ‘സെസ്ന സൈറ്റേഷൻ സിജെ2’ എന്ന ചാർട്ടേഡ് വിമാനത്തിലായിരുന്നു നോറയുടെ യാത്ര. വിമാനത്തിനുള്ളിൽ വച്ച് പകർത്തിയ വിഡിയോ നോറ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. ഈ വിഡിയോയിൽ വിമാനത്തെ ‘ചെറുത്’, ‘കളിപ്പാട്ടം’ (Toy), ‘ലെഗോ വിമാനം’ എന്നിങ്ങനെ പരിഹാസരൂപേണ വിശേഷിപ്പിച്ചു എന്നാണ് ഡ്യൂൺസ് ഏവിയേഷൻ ആരോപിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ 4.6 കോടിയിലധികം ഫോളോവേഴ്‌സുള്ള ഒരു പ്രമുഖ വ്യക്തി ഇത്തരം മോശം പരാമർശങ്ങൾ നടത്തുമ്പോൾ അത് പൊതുജനങ്ങൾക്കിടയിൽ തെറ്റായ ധാരണ സൃഷ്ടിക്കുമെന്നും കമ്പനി കോടതിയെ അറിയിച്ചു.

 

∙ ബുക്കിങ്ങുകളിൽ 15-20% ഇടിവ്; കമ്പനിയുടെ വാദങ്ങൾ

 

നോറയുടെ പരാമർശം തങ്ങളുടെ വ്യവസായത്തെയും പ്രതിച്ഛായയെയും സാരമായി ബാധിച്ചുവെന്നാണ് ഡ്യൂൺസ് ഏവിയേഷന്റെ പ്രധാന വാദം. വിഡിയോ പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ വിമാന ബുക്കിങ്ങുകളിൽ 15 മുതൽ 20 ശതമാനം വരെ ഇടിവുണ്ടായി. മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന പലരും സർവീസുകൾ ക്യാൻസൽ ചെയ്യുന്ന അവസ്ഥയുണ്ടായി. തങ്ങളുടെ വിമാനം പൂർണമായും സുരക്ഷിതവും, മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് കമ്പനി വ്യക്തമാക്കുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കൃത്യമായ സർട്ടിഫിക്കേഷനോടും, വാലിഡ് ആയ എൻഎസ്ഒപി അംഗീകാരത്തോടും കൂടിയാണ് വിമാനം സർവീസ് നടത്തിയത്.

 

വിമാനം സുരക്ഷിതമല്ലെന്ന തരത്തിൽ സന്ദേശം നൽകുന്ന നോറയുടെ വിഡിയോ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടവും വിപണിയിൽ തിരിച്ചടിയും ഉണ്ടാക്കിയെന്നും കമ്പനി അവകാശപ്പെടുന്നു. 3 കോടി രൂപയുടെ നഷ്ടപരിഹാരം നൽകുന്നതിനൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകണമെന്നും, നോറ ഫത്തേഹി പരസ്യമായി മാപ്പ് പറയണമെന്നുമാണ് കമ്പനിയുടെ ആവശ്യം. എന്നാൽ, സംഭവത്തിൽ നോറ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

∙ വിവാദങ്ങൾ നോറയ്ക്ക് പുതിയതല്ല

 

സിനിമയിലും സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ നോറ ഫത്തേഹിയുടെ പേര് മുൻപും പല വിവാദങ്ങളിൽ ഉയർന്നു കേട്ടിട്ടുണ്ട്.

 

1. ‘സർക്കെ ചുനാരി’ ഗാന വിവാദം (2026): ‘സർക്കെ ചുനാരി’ എന്ന ഗാനത്തിന്റെ വരികൾ അശ്ലീലമാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഹിന്ദി പതിപ്പിലെ വരികളിലെ അപാകതകളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അണിയറപ്രവർത്തകർ പാട്ട് തെറ്റായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും നോറ വ്യക്തമാക്കി. ഈ വിഷയത്തിൽ വനിതാ കമ്മിഷൻ താരത്തിന് സമൻസ് അയച്ചിരുന്നു.

 

2. സുകേഷ് ചന്ദ്രശേഖർ കേസ് (2022): 200 കോടി രൂപയുടെ തട്ടിപ്പും പണം തട്ടൽ കേസുമായും ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോറയെ ചോദ്യം ചെയ്തിരുന്നു. കേസിൽ നോറയെ പ്രതിയാക്കിയിരുന്നില്ലെങ്കിലും, നോറ താനുമായി ബന്ധം പുലർത്താൻ നിരന്തരം വിളിക്കാറുണ്ടായിരുന്നുവെന്ന് സുകേഷ് അടുത്തിടെ വെളിപ്പെടുത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.

 

3. ജാക്വലിൻ ഫെർണാണ്ടസുമായുള്ള നിയമപോരാട്ടം (2022): സുകേഷ് ചന്ദ്രശേഖർ കേസിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു എന്ന് ആരോപിച്ച് സഹനടി ജാക്വലിൻ ഫെർണാണ്ടസിനെതിരെ നോറ കേസ് ഫയൽ ചെയ്തിരുന്നു. തന്റെ കരിയറിനെയും സൽപേരിനെയും നശിപ്പിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.

 

4. ഫിഫ വേൾഡ് കപ്പ് ദേശീയ പതാക വിവാദം (2022): ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് വേദിയിലെ പ്രകടനത്തിനിടെ ഇന്ത്യൻ ദേശീയ പതാക തലതിരിച്ച് പിടിച്ചതിന് നോറ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിട്ടിരുന്നു.

 

5. ടെറൻസ് ലൂയിസ് വിഡിയോ തട്ടിപ്പ് (2020): ഒരു റിയാലിറ്റി ഷോയുടെ ഡാൻസ് റിഹേഴ്സലിനിടെ കൊറിയോഗ്രാഫർ ടെറൻസ് ലൂയിസ് മോശമായി സ്പർശിച്ചു എന്ന രീതിയിലുള്ള വിഡിയോ വൈറലായിരുന്നു. എന്നാൽ പിന്നീട് ആ വിഡിയോ ഡിജിറ്റലായി എഡിറ്റ് ചെയ്ത് മാറ്റം വരുത്തിയതാണെന്ന് തെളിയുകയായിരുന്നു.

 

ഡ്യൂൺസ് ഏവിയേഷന്റെ കേസ് ഗാന്ധിനഗർ കോടതി സെപ്റ്റംബർ 25-ന് പരിഗണിക്കാനിരിക്കെ, ബോളിവുഡ് വൃത്തങ്ങളിലും സോഷ്യൽ മീഡിയയിലും കേസ് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നോറ ഫത്തേഹി ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നാണ് ആരാധകരും സിനിമാ ലോകവും ഉറ്റുനോക്കുന്നത്.

  • Related Posts

    ബാത്ത്റൂമിലെ ഈയൊരു ശീലം ഹൃദയാഘാതത്തിന് കാരണമാകാം; നിസാരമാക്കല്ലേ

    Spread the love

    Spread the loveഇന്ത്യയിലെ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം. കൊറോണറി ധമനികളിൽ രക്തം കട്ടപിടിച്ച് ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകുന്നു. ഇത് എപ്പോൾ വേണമെങ്കിലും, എവിടെ വെച്ചും സംഭവിക്കാം;…

    അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യം; കണ്ടെത്തിയത് 300 മീറ്റർ ആഴക്കടലിൽ

    Spread the love

    Spread the loveകൊച്ചി ∙ അറബിക്കടലിൽ പുതിയ ഇനം ഈൽ മത്സ്യത്തെ കണ്ടെത്തി. പുതിയ മീൻ ഇനി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിന്റെ പേരിൽ അറിയപ്പെടും. സിഎംഎഫ്ആർഐ ഗവേഷകർ കൊല്ലം തീരത്തുനിന്ന് ഏകദേശം 300 മീറ്റർ ആഴക്കടലിലാണ് മീനിനെ കണ്ടെത്തിയത്.…

    Leave a Reply

    Your email address will not be published. Required fields are marked *