ന്യൂഡൽഹി ∙ വർഷം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാമായിരുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ മാത്രമല്ല, കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ വാഗ്ദാനവും കേരളം സ്വീകരിച്ചില്ല. 184.08 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് അറിയിച്ച് 2025 ജനുവരിയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ (ടിഎച്ച്ഡിസി) കേരളത്തെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യുന്ന ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽ (പിഎസ്പി) നിന്നുള്ള വൈദ്യുതി പീക്ക് സമയത്ത് ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം.
മലയാളി എന്ന നിലയിൽ പ്രത്യേക താൽപര്യമെടുത്താണ് കേരളവുമായി കരാറുണ്ടാക്കാൻ മുന്നിട്ടിറങ്ങിയതെന്ന് അന്നു ചർച്ചകൾക്കായി കേരളത്തിലെത്തിയ ടിഎച്ച്ഡിസിയുടെ സ്പെഷൽ ഓഫിസർ എ.കെ.വിജയകുമാർ പറഞ്ഞു. മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും താൽപര്യം പ്രകടിപ്പിച്ചിട്ടും കെഎസ്ഇബി മുഖം തിരിച്ചു. കേരളം പിന്മാറിയതിനു പിന്നാലെ ഗുജറാത്ത് സർക്കാരിനു കീഴിലെ ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ് (ജിയുവിഎൻഎൽ) കരാർ ഒപ്പിട്ടു.
നിലവിൽ തെഹ്‌രിയിലെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽ 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിൽ 200 മെഗാവാട്ട് ഉത്തരാഖണ്ഡും 100 മെഗാവാട്ട് വീതം രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളും വാങ്ങുന്നു. ബാക്കി ഡൽഹിയിൽ വൈദ്യുതി വിതരണം ചെയ്യുന്ന റിലയൻസിനു കീഴിലെ ബിആർപിഎൽ (263.52 മെഗാവാട്ട്), ബിവൈപിഎൽ (152.4 മെഗാവാട്ട്) എന്നീ കമ്പനികളാണു വാങ്ങുന്നത്.








